
കണ്ടു ഞാൻ കൂടെ പഠിച്ചൊരു ബാലിക
മുടിയിൽ ചൂടിയാ പിച്ചിപ്പൂ മാലയെ...
പൂക്കളിൻ ഭംഗിയെ വെല്ലുമാ പൂമണം...
പൂർണ്ണമായ് ക്ലാസ്സിൽ പരന്നൊഴുകി...
പിന്നെ ഞാൻ പോയിയാ കുട്ടിതൻ ചാരെയായ്..
ചോദിച്ചറിഞ്ഞാ ചെടി മഹത്വം...
അമ്മയാണെല്ലാം നട്ടു വളർത്തുന്നതെന്നവൾ
ചൊല്ലിയതന്നെൻ കാതിൽ...
നൽകീടുമോ അതിൻ തൈയെനിക്കായെന്നു..
മെല്ലെയവളോട് ചോദിച്ചുഞാൻ..
കേട്ടെഴുത്തിട്ടെന്നാൽ രണ്ടുവാക്കധികമായ്
കാട്ടിക്കൊടുക്കാമെന്നേറ്റു പിന്നെ
തലയാട്ടിയന്നവൾ സമ്മതം തന്നെ
നിക്കാഹ്‌ളാദം ചൊല്ലാനറിയീലന്ന്..
ഒരുദിനം ഉച്ചക്ക് വീട്ടിൽപോയ് വന്നവൾ...
പുസ്തക താളിലൊളിപ്പിച്ച പിഞ്ചിളം കൊമ്പുമായ്..
അമ്മപെങ്ങന്മാർ അറിയാതെ ചെയ്തോരാ...
അരുതാത്ത കുറ്റത്തിൻ താപത്തോടെ..
അങ്കണത്തിൻ കോണിൽ ഞാനന്നു നട്ടൊരാ
പിച്ചി ചെടിയതിൻ നേർത്ത കൊമ്പ്...
വാടിക്കുഴഞ്ഞോരാ തണ്ടിന്നു ബലമേകാൻ..
കിളച്ചിട്ട മൺകട്ട ചാരി വെച്ചു...(2)
നിത്യം നനച്ചും കിന്നാരം ചൊല്ലിയും,
ഞാനതിൻ തോഴിയായ് മാറിവേഗം:
പൊട്ടി മുളച്ചതിൻ ചോട്ടിലായ് കുഞ്ഞിളം
തണ്ടിൻ തളിരില പൊന്നുപോലെ..
ചൊല്ലിയറിയിക്കാനാവതില്ലന്നെന്റെ..
സന്തോഷാതിരേകമെത്രയെന്ന്..
തൈയ്യല്ലാതീവിധം പിച്ചി മുളച്ചതായ്
ഇന്നേവരെയെങ്ങും കേട്ടീലെന്ന്
എന്നമ്മ ചൊല്ലിയോരാവ്യർത്ഥ സത്യത്തെ...
കാറ്റിൽ പറത്തിയതോർമ്മയുണ്ട്..
അത്രമേൽ 'പൂ'തന്ന പിച്ചിയതിന്നെന്റെ..
സന്തോഷമാണെന്നറിയിലും ഞാൻ...
ഓർക്കുന്നു ഞാനന്നാ തോഴിതൻ വീട്ടിലായ്
ചേതനയറ്റോരമ്മയെ കണ്ടതും...
നടവഴിക്കരികിലായ് മൊട്ടിട്ടു നിന്നോര...:
മ്മതൻ അരുമയാം പിച്ചിയെ...
നിറ മിഴിയാൽ നോക്കിയതും,...
തെറ്റേതും ചെയ്തിട്ടില്ലവളെന്ന്; എനിക്കായ് ...
ഒരു ധ്വനി കാറ്റിൽ മുഴങ്ങിയതും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |