
ഉഴവുചാലിൽ കണ്ട കൈക്കുഞ്ഞ്,
മിഥിലയുടെ ഏടുകളിൽ ഇടംതേടി.
തേൻകുഴമ്പ് കഴിച്ച്,
തേനൂറും മൊഴികൾ കേട്ട്
അവൾ വളർന്നു കയറിയത് യൗവ്വനത്തിലേയ്ക്ക്.
വളർത്തച്ഛന്റെ മനസു കുളിർപ്പിച്ച സ്വയംവരപ്പന്തൽ,
ഉത്തമപുരുഷന്റെ ഉത്തമസഖിക്കായ് തിളങ്ങി.
സാകേതത്തിലെ കുങ്കുമസന്ധ്യകളിൽ
ചതിയുടെ ചെമ്പൻനിറം പടർന്നത് അവളറിഞ്ഞില്ല.
പ്രിയതമന്റ നൊമ്പരം പകുത്തെടുത്ത്
വനയാത്ര നടത്തുമ്പോഴും അവൾക്ക്
വേദനയില്ലായിരുന്നു.
വനലതകളിൽ പതുങ്ങിനിന്ന
വനചരന്റെ കടന്നാക്രമണം,
ലങ്കയിലെ ഏകാന്തത്തടവ്,
തുടർക്കഥപോലയുള്ള നടുക്കങ്ങൾ,
ബലപരീക്ഷണങ്ങൾക്കൊടുവിൽ
ശുദ്ധിവരുത്തിയ അഗ്‌നിയുടെ ചൂട്,
ഇതൊന്നും അവളെ ഉലച്ചില്ല.
ഗർഭവതിയായ തന്നെ കാട്ടിലെറിയാൻ
കല്പന നൽകിയ കണ്ണുകൾ
അന്ധമായത് അവൾക്ക്
സഹിക്കാൻ കഴിഞ്ഞില്ല.
അവളെന്ന സത്യത്തെ
ഒരാൾ പോലും തിരിച്ചറിഞ്ഞില്ല.
ഒടുവിൽ ഉത്തരകാണ്ഡത്തിന്റെ
ഉർവ്വരതയിലേയ്ക്ക് ആരോ
അവളെ എടുത്തെറിഞ്ഞു.
കവിയുടെ ക്യാൻവാസിൽ,
തിരസ്‌കാരത്തിന്റെ തിരുശേഷിപ്പായി,
മായാത്ത വ്യഥയുടെ കൈയൊപ്പായി,
അവൾ നിൽക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |