
പങ്കപ്പാടുമുറുക്കി പിണക്കങ്ങൾ
കല്ലൊരളുപോലൊറ്റയിരിപ്പാണ്
കണ്ണുപൊത്തിക്കളിച്ചങ്ങിണക്കങ്ങൾ
പച്ചകുത്തിച്ചിരിച്ചു കിടപ്പാണ്.
രാത്രി തൂങ്ങുന്നിടവപ്പകർച്ചതൻ
കർട്ടനിട്ട കനൽ നൃത്തവേദിയിൽ.
കൂട്ടുകൂടാനടുക്കുന്ന ഓർമയെ
ആട്ടയോടിച്ചടയ്ക്കുന്ന ജാലകം.
കാറ്റുതട്ടിക്കെടുത്തി യിങ്ങെത്തുന്നു
മച്ചകത്തിലിരുട്ടിന്റെ ശൂന്യത.
തുച്ഛമായ നിശ്വാസ വായുവെൻ
മൂക്കിൽ മൂളുന്ന വിശ്വാസശാസന.
രാത്രി ദൈർഘ്യം കുറഞ്ഞു പോകുന്നതിൽ
എന്തുമാത്രം പരിഭവിച്ചെങ്കിലും
ഇന്നുചുണ്ടിൻ നിഘണ്ടുവിൽ തങ്ങുന്നു
മൗനമുണ്ടു പുതയ്ക്കും മടുപ്പുകൾ.
എന്തിൽ നിന്നും മുഖം തിരിക്കാൻ നമ്മൾ
എന്തുവേഗം പഠിച്ചു പോകുമ്പൊഴും
ചന്തമുള്ളവ കാണാൻ മറക്കുന്നു,
ചിന്തപൂട്ടി ദിനാന്തത്തിലെത്തുന്നു.
കണ്ണുതമ്മിലുടക്കുന്നു കാഴ്ചകൾ
കൊണ്ടുവന്ന കുതിപ്പുകൾമങ്ങുന്നു.
രാത്രി വന്നു മുഖംമൂടി വയ്ക്കുന്നു
ഭ്രാന്ത കാന്തമായൊട്ടിപ്പിടിക്കുന്നു.
കണ്ണു കൊണ്ടുള്ള വ്യാപാര തൃഷ്ണയിൽ
കാശു കണ്ടെത്തി വീര്യം വിരിക്കുന്നു.
ഓർമ്മ കത്തിച്ചു ഓണങ്ങളെണ്ണുന്നു
പയ്യെയൊക്കെ തകിടം മറിയുന്നു.
ഉള്ളുപൊട്ടി കരച്ചിൽക്കവിതകൾ
എണ്ണമറ്റവ ചിന്നിച്ചിതറുന്നു.
പിന്നെയങ്ങെരിഞ്ഞൂഴിയിൽ വീഴുന്ന
ഒറ്റയുല്ക്കയായ് -ജന്മമൊടുങ്ങുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |