
തിരുവനന്തപുരം: ധൈര്യമുണ്ടെങ്കിൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർ ഇനി എന്താ വരാൻ പോകുന്നതെന്നു നോക്കിയാൽ മതിയെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം മുൻ സൈബർ പോരാളി അർജുൻ ആയങ്കിയാണ് ധൈര്യമുണ്ടെങ്കിൽ പിടിക്കാൻ പൊലീസിനെ വെല്ലുവിളിച്ചത്. അതിന് മറുപടിയായാണ് മാദ്ധ്യമപ്രവർത്തകരോട് ചെന്നിത്തലയുടെ പ്രതികരണം.
ഗുണ്ടകളെ നേരിടാൻ പൊലീസിലെ അംഗസംഖ്യ വർദ്ധിപ്പിക്കും. ക്യാമ്പുകളിലുള്ള 900പേരെ സ്റ്റേഷനുകളിലേക്ക് മാറ്റും. പരിശീലനം പൂർത്തിയാക്കിയ 1000പേർ ഉടൻ സേനയുടെ ഭാഗമാവും. വാഹനാപകടത്തിൽ പെട്ടയാളെ തുമ്പ പൊലീസ് ആശുപത്രിയിലെത്തിക്കാത്തത് പരിശോധിച്ച് നടപടിയെടുക്കും. സ്റ്റേഷനുകളിൽ ഏതെങ്കിലും കമ്പനിയുടെ പെയിന്റടിക്കാനോ ഏതെങ്കിലും കമ്പനിയുടെ യൂണിഫോം വാങ്ങാനോ നിശ്ചയിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഒരു തെളിവുമില്ലെന്ന് മനസിലാകാത്ത ഏക ആൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്. പിണറായി പോലും ഒരക്ഷരം മിണ്ടിയിട്ടില്ല. പൊലീസ് സംഘടനകളുടെ എണ്ണം രണ്ടായി കുറച്ചതുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ അഭിപ്രായം പറയുന്നില്ല. മുഖ്യമന്ത്രി പ്രളയ ബാധിത സ്ഥലങ്ങളിലെല്ലാം ഉടൻ പോവാത്തതിൽ ഒരു വീഴ്ചയുമില്ല. ദുരന്തമുണ്ടായ ഉടൻ സന്ദർശനം പാടില്ലെന്ന് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെയല്ലാം ശ്രദ്ധ വി.ഐ.പി സന്ദർശനത്തിലേക്ക് മാറുമെന്നതിനാലാണിത്.
ഭീഷണി ആവർത്തിച്ച് അർജുൻ
പൊലീസിനെതിരെ വീണ്ടും ഭീഷണി സന്ദേശവുമായി അർജുൻ ആയങ്കി. കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത്കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലുള്ള ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിനു ശ്രമിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലെ വോയ്സ് മെസേജിലൂടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. കഴിയുമെങ്കിൽ അറസ്റ്റ് ചെയ്യൂ എന്നാണ് വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |