SignIn
Kerala Kaumudi Online
Friday, 07 August 2026 5.21 AM IST

419 സ്റ്റേഷനുകളിൽ എസ്.ഐ വാഴും, മൂന്നാം മുറയും കസ്റ്റഡി മരണവും ഇല്ലാതാക്കുമെന്നും ചെന്നിത്തല

READ ENGLISH VERSION
d

തിരുവനന്തപുരം: ഈ മാസം 15മുതൽ 419 സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് മടക്കിനൽകും. 64 പ്രധാന സ്റ്രേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം തുടരും. 63 സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാരായി വനിത എസ്.ഐമാർ വരുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്ത്രപ്രധാനമായതിനാൽ മുല്ലപ്പെരിയാർ സ്റ്റേഷന്റെ ചുമതല ഇൻസ്പെക്ടർക്കായിരിക്കും. സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 200പൊലീസ് സർക്കിളുകൾ സൃഷ്ടിക്കും. കഴിഞ്ഞ സർക്കാർ എല്ലാസ്റ്റേഷനുകളിലും നടപ്പാക്കിയ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനമാണ് മാറ്റുന്നത്. യുവ എസ്.ഐമാർ വരുന്നതോടെ സേനയുടെ കാര്യക്ഷമതയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും കൂടുമെന്നാണ് പ്രതീക്ഷ.

പുതിയ എസ്.എച്ച്.ഒമാർക്ക് ഓപ്പറേഷൻ ട്രെയിനിംഗ് നൽകും. ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ളവർ സൂപ്പർവൈസറി ഉദ്യോഗസ്ഥരാണ്. ജനങ്ങളോടും സേനാംഗങ്ങളോടും ഇവർ നല്ല ബന്ധം പുലർത്തണം. അനാവശ്യ സമ്മർദ്ദം ആത്മഹത്യയിലേക്ക് നയിക്കുന്നതു പോലുള്ള അവസ്ഥ ഒഴിവാക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾ പഠിക്കുകയും ഉൾക്കൊള്ളുകയും വേണം. ലോൺആപ്പുകളടക്കമുള്ള സൈബർ തട്ടിപ്പുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പൊലീസിനെ പ്രാപ്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മുഖച്ഛായ മാറ്റാൻ മൈ പൊലീസ് സ്റ്റേഷൻ

സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാനുള്ള 'മൈ പൊലീസ് സ്റ്രേഷൻ" പദ്ധതി നടപ്പാക്കും. ക്രമസമാധാന എ.ഡി.ജി.പിയാണ് ഇതിന്റെ കോ-ഓർഡിനേറ്റർ.സ്റ്രേഷനിലെത്തുന്നവരുടെ അന്തസ് മാനിച്ചുകൊണ്ട് മെച്ചപ്പെട്ടതും സമയബന്ധിതവുമായ സേവനങ്ങൾ നൽകുകയും അതിലൂടെ ജനങ്ങളുടെ സംതൃപ്തി ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. സ്റ്റേഷനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും സ്റ്രേഷനുകൾ ജനങ്ങളുടേതു കൂടിയാണെന്ന് ബോദ്ധ്യമാക്കാനും ജനകീയ പൊലീസിംഗ് ശക്തമായി നടപ്പാക്കും. കസ്റ്റഡി മരണങ്ങൾ, കസ്റ്റഡി മർദ്ദനം എന്നിവ പൂർണമായി ഇല്ലാതാക്കും.

ജനമൈത്രിയും മാറും

20വർഷമായുള്ള ജനമൈത്രി പൊലീസ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും. റേഞ്ച് ഡി.ഐ.ജിമാർ സ്റ്രേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ച് അഭിപ്രായം ശേഖരിക്കും. ഡി.ജി.പി ഇത് മാസംതോറും വിലയിരുത്തും. പ്രോഗ്രസ് റിപ്പോർട്ട് എല്ലാമാസവും പൊലീസ് മേധാവി സർക്കാരിന് കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA