SignIn
Kerala Kaumudi Online
Thursday, 14 May 2026 7.51 PM IST

ജനിച്ച് മൂന്നാം മാസം അമ്മ ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ചു, ഇന്ന് കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലാ വകുപ്പ് മേധാവി

sindhu-anil

ആലുവ: ജനിച്ച് മൂന്നാം മാസം അമ്മ ഹോട്ടൽമുറിയിൽ ഉപേക്ഷിച്ച്, ശ്രീനാരായണഗിരിയുടെ മകളായി വളർന്ന എസ്. സിന്ധു അനിൽ കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല ഭരതനാട്യം വിഭാഗം മേധാവി. അമ്മയും മുത്തശ്ശിയുമൊക്കെയായ എസ്. സിന്ധുവിന്റെ ജീവിതകഥ അദ്ഭുതപ്പെടുത്തുന്നതാണ്. 1968ൽ കോട്ടയത്തെ ഹോട്ടൽമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തോട്ടുമുഖം ശ്രീനാരായണഗിരിയുടെ ഭാരവാഹിയായിരുന്ന ദേവകി ഗോപിദാസിന്റേതായിരുന്നു ഹോട്ടൽ. ദേവകി കുഞ്ഞിനെ ഗിരിയുടെ സ്ഥാപക പാർവതി അയ്യപ്പന് കൈമാറി.

തുടർന്ന് സിന്ധുവെന്ന് പേരിട്ട് വളർത്തി. സ്കൂൾ പഠനശേഷം തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽനിന്ന് ഭരതനാട്യം ഡിപ്ലോമയും എം.എയും നേടി. ഇതിനിടെ സഹപാഠിയായിരുന്ന കോട്ടയം സ്വദേശി അനിൽകുമാറുമായി പ്രണയത്തിലായി. 1993ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഗിരി അധികൃതരുടെ നേതൃത്വത്തിൽ വിവാഹം നടന്നു. ഗിരിയുടെ ഭാരവാഹികളായിരുന്ന ജസ്റ്റിസ് കെ. സുകുമാരനും ഭാര്യ ജസ്റ്റിസ് കെ.കെ. ഉഷയും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

28 വർഷം മുമ്പ് സിന്ധുവിന് സംസ്കൃത സർവകലാശാലയിൽ ജോലി ലഭിച്ചു. 21 വർഷമായി പെരുമ്പാവൂർ പുല്ലുവഴിയിൽ 'സൗപർണിക'യിലാണ് താമസം. ഭർത്താവ് അനിൽകുമാറും നൃത്തമേഖലയിൽ സജീവമായിരുന്നു. ഏറെക്കാലം വിദേശത്ത് നൃത്താദ്ധ്യാപകനായിരുന്ന അദ്ദേഹം ദിവ്യ ഉണ്ണി, നവ്യനായർ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. രണ്ടുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം മരിച്ചു.

സ്ത്രീകളുടെ അഭയകേന്ദ്രമായ ശ്രീനാരായണഗിരിയാണ് സിന്ധുവിന്റെ വീട്. വിവാഹം കഴിഞ്ഞ് 33 വർഷമായിട്ടും ഗിരിയിലെ ഏതാവശ്യത്തിനും സിന്ധു ഓടിയെത്തും. മക്കൾ: അനന്തു, അച്യുത്, അനിരുദ്ധ്. മരുമകൾ: അഞ്ജു. ഋതിക ഏക കൊച്ചുമകളാണ്.

Add as a preferred source on Google
TAGS: SINDHU ANIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY