കനത്ത മഴയെ തുടർന്ന് വീടിന് പുറത്തേക്കിറങ്ങാൻ കഴിയാതെയായ ദിവസങ്ങൾ, ഒരാഴ്‌ചയോളം സ്‌കൂളുകൾക്ക് അവധിപ്രഖ്യാപിച്ചതിനാൽ കുട്ടികൾക്ക് വീടിനുള്ളിൽതന്നെ കഴിയേണ്ടിവന്ന സമയം. എന്നാൽ, പാലാവിലെ ആ വീട്ടിൽ മഴയുടെ വിരസതയ്‌ക്ക് അധികം ഇടമുണ്ടായിരുന്നില്ല. പലവർണ്ണങ്ങളിലുള്ള കുഞ്ഞൻ മുത്തുകൾ മേശപ്പുറത്ത് നിരന്നുകിടന്നു. അവ ഓരോന്നായി കോർത്തിണക്കി മാലകളും കമ്മലുകളും ബ്രെയ്‌സ്‌ലെറ്റുകളുമാക്കി മാറ്റുന്ന തിരക്കിലായിരുന്നു അവിടുത്തെ കുട്ടികൾ.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആവേശത്തിൽദേശീയ പതാകയുടെ നിറങ്ങളിൽ വ്യത്യസ്‌തങ്ങളായ കലാസൃഷ്‌ടികൾക്ക് അവർ രൂപം നൽകാൻ തുടങ്ങി. ആ സൃഷ്‌ടികളുടെ കേന്ദ്രബിന്ദുവായി പ്രവർത്തിച്ചത് ആറാം ക്ലാസുകാരിയായ ആൻമരിയയാണ്. ബീഡ് വർക്കുകളോടുള്ള ആൻമരിയയുടെ ഇഷ്‌ടം ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആൻമരിയയും കുടുംബവും ചേർന്ന് തയ്യാറാക്കിയ കുഞ്ഞൻ സൃഷ്‌ടികൾക്ക് ആവശ്യക്കാരേറെയായിരുന്നു.
പല വർണങ്ങളിലുള്ള മുത്തുകളോട് ചെറുപ്പം മുതലേ പ്രത്യേക താൽപര്യമുണ്ടായിരുന്ന കുട്ടിയാണ് ആൻമരിയ. ആറ് മക്കളുള്ള ജെസി-തോമസ് ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയാണ് ആൻമരിയ. മൂത്ത സഹോദരനായ ഡേവിഡിന്റെ സുഹൃത്തായ എൻസയാണ് ആൻമരിയയ്‌ക്ക് ബീഡ് വർക്കിന്റെ ബേസിക് പാഠങ്ങൾ പറഞ്ഞുകൊടുത്തത്. സംസ്ഥാന തലത്തിലുൾപ്പെടെ ബീഡ‌് വർക്കിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുള്ളയാളാണ് എൻസ. എൻട്രൻസ് കോച്ചിംഗിനായി പോകുന്നതിന് മുൻപ് തന്റെ കൈവശമുണ്ടായിരുന്ന മുത്തുകളും നൂലുകളുമെല്ലാം ആ കുട്ടി ആൻമരിയയ്‌ക്ക് നൽകി. പിന്നീട് ആ മുത്തുകളുപയോഗിച്ചായിരുന്നു പരീക്ഷണം. യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെ മുത്തുകളിൽ കോർത്തെടുക്കുന്ന ഓരോ വസ്‌തുക്കളും സഹോദരങ്ങൾക്കും കൂട്ടുകാർക്കും അവൾ സമ്മാനമായി നൽകും. യൂട്യൂബ് വീഡിയോകൾ അതേപടി പിന്തുടരുന്നതിനൊപ്പം സ്വന്തം ആശങ്ങൾ പരീക്ഷിക്കാനും ഈ ആറാം ക്ലാസുകാരി മറക്കാറില്ല.
കാസർകോട് ജില്ലയിലെ പാലാവിലാണ് ആൻമരിയയും കുടുംബവും താമസിക്കുന്നത്. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വെള്ളം കയറിയതോടെ ആർക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥ. ഇതിനിടയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആൻമരിയയുടെ അച്ഛന്റെ സുഹൃത്തും കണ്ടന്റ് ക്രിയേറ്ററുമായ എബിനും കുടുംബവും ഇവരോടൊപ്പം താമസിക്കാനെത്തി. അങ്ങനെ പ്രയാസകരമായ ഒരു സാഹചര്യത്തെ അതിജീവിക്കാൻ ഇരു കുടുംബങ്ങൾക്കും ഒന്നിച്ചുകഴിയേണ്ടിവന്നു.
ആൻമരിയ മുത്തുകൾ കോർക്കുന്നത് ശ്രദ്ധിച്ച എബിനാണ് പുതിയൊരു നിർദേശം മുന്നോട്ടുവച്ചത്. സ്വാതന്ത്ര്യദിനം അടുത്തുവരുന്നതിനാൽ ഇന്ത്യൻ പതാകയുടെ നിറങ്ങളെ അടിസ്ഥാനമാക്കി മാലയും കമ്മലുമൊക്കെ തയ്യാറാക്കിയാൽ നന്നായിരിക്കില്ലേയെന്ന് എബിൻ നിർദേശിച്ചു. അങ്ങനെ ആൻമരിയയ്‌ക്കൊപ്പം തന്റെ നാലു സഹോദരങ്ങളും എബിന്റെ മകൾ അന്ന റോസും ഒപ്പംകൂടി. മുതിർന്നവരും മടിച്ചുനിൽക്കാതെ മുത്തുകൾ കോർക്കാൻ തുടങ്ങിയതോടെ അതൊരു കൂട്ടായ പ്രവർത്തനമായി മാറി.
പ്രളയദിനങ്ങളിലെ ബുദ്ധിമുട്ടുകൾക്കിടയിലും പരസ്‌പരം കളിതമാശകൾ പറഞ്ഞും ചിരിച്ചും പുതിയ ഡിസൈനുകൾ പരീക്ഷിച്ചും കുട്ടികൾ സമയം ചെലവഴിച്ചു. പരീക്ഷിച്ചുവിജയിക്കുന്ന ഓരോ ഡിസൈനുകളും അടുത്ത ആശയത്തിനുള്ള പ്രചോദനമായി മാറുകയായിരുന്നു.
കുട്ടികൾ ബീഡ് വർക്കുകൾ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെ ഈ കുഞ്ഞുസൃഷ്‌ടികൾ കൂടുതൽപേർ ഏറ്റെടുക്കാൻ തുടങ്ങി. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി ഓർഡറുകളാണ് ആൻമരിയയെ തേടിയെത്തിയത്. ഒട്ടേറെപ്പേരാണ് ആൻമരിയയും കൂട്ടരും തയ്യാറാക്കിയ സൃഷ്‌ടികളണിഞ്ഞ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
ആമീസ് പാരഡൈസെന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആൻമരിയ തന്റെ വർക്കുകൾ ലോകത്തിന് പരിചയപ്പെടുത്തുന്നത്. കൂടുതൽ ആശയങ്ങളും ഡിസൈനുകളും പരീക്ഷിക്കാനാണ് ആൻമരിയയുടെ ആഗ്രഹം. വരുമാനത്തിനെക്കാളുപരിയായി കുട്ടികളുടെ കഴിവിനെയും ക്രിയാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവർക്ക് ഒന്നിച്ചിരിക്കാനും സന്തോഷിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്നാണ് മാതാപിതാക്കളായ ജെസിയും ബൈജുവും പറയുന്നത്.
Sixth-grader Anmaria from Kasaragod turned her love for beadwork into a creative venture. Her Independence Day-themed creations gained orders from across Kerala and beyond, inspiring her to launch “Aamees Paradise” on Instagram.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |