SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.52 AM IST

ജെ.സി. ഡാനിയൽ പുരസ്കാരം ഏറ്റുവാങ്ങി നടി ശാരദ , ചലച്ചിത്ര അവാ‌ർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

sarada

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്‌കാരം നടി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വീൽചെയറിലെത്തിയാണ് ശാരദ മലയാളത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മമ്മൂട്ടിക്ക് രാജ്യം പദ്മഭൂഷൺ നൽകി ആദരിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്ര പ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു.

നടി പായൽ കപാടിയയ്ക്ക് പകരം അവാർഡിന് അർഹമായ സിനിമയിലെ പ്രധാന അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംവിധായകൻ അമൽ നീരദിന് പകരം ജ്യോതിർമയിയും ദർശന രാജേന്ദ്രനു പകരം നീരജ രാജേന്ദ്രനും പുരസ്‌കാരം സ്വീകരിച്ചു.

ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ വിവരങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി മന്ത്രി ജി.ആർ. അനിലിന് നൽകി നിർവഹിച്ചു. ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ ഡോ.റസൂൽ പുക്കുട്ടി,​ ജൂറി ചെയർപേഴ്സൺ പ്രകാശ് രാജ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ,വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ മധു ഇറവങ്കര, കെ.എസ്.എഫ്.ഡി.സി ചെയർപേഴ്സൺ കെ.മധു, ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA