SignIn
Kerala Kaumudi Online
Saturday, 13 June 2026 12.06 PM IST

വിധി വീൽചെയറിലിരുത്തിയിട്ടും മനസ് തളർന്നില്ല; 42ാം വയസിൽ ബിരുദ വിദ്യാർത്ഥിനി, പിഎസ്‌‌സി പട്ടികയിലും ഇടംപിടിച്ചു

sajitha-basheerkutty

കൊല്ലം: തളർന്നുപോയത് കാലുകൾ മാത്രമാണെന്നും മനസുണ്ടെങ്കിൽ ആകാശത്തോളം വളരാമെന്നും തെളിയിക്കുകയാണ് സജിത ബഷീർകുട്ടി (42). കണ്ണനല്ലൂർ പാങ്കോണം ചരുവിള വീട്ടിൽ ബഷീർകുട്ടിയുടെയും സുബൈദ ബീവിയുടെയും മൂന്ന് മക്കളിൽ ഇളയവളായ സജിതയെ രണ്ടര വയസു പിന്നിട്ടപ്പോൾ വിധി വീൽചെയറിലിരുത്തി. പക്ഷേ മനക്കരുത്തിന്റെ കൈപിടിച്ച് അവൾ സ്വപ്നനങ്ങൾ കീഴടക്കിയപ്പോൾ വിധി പോലും പകച്ചു നിന്നു.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പഠന കേന്ദ്രത്തിലെ രണ്ടാം സെമസ്റ്റർ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥിനിയാണ് സജിത. രണ്ടാം വയസിൽ വന്ന പനിയാണ് ജീവിതം തളർത്തിയത്. പ്രദേശത്ത് ക്ളിനിക്ക് നടത്തിയിരുന്ന തമിഴ്നാട്ടുകാരൻ ഡോക്ടറെ കാണിച്ചു. ചികിത്സ തുടർന്നു, പോളിയോ ആണെന്ന് തിരിച്ചറിയാൻ വൈകിയതോടെ അരയ്ക്ക് താഴേയ്ക്ക് ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.

മുഖം കോടി. കൈകാലുകൾ ശോഷിച്ചു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അരയ്ക്ക് മുകളിലേക്ക് ഏറെക്കുറെ ഭേദപ്പെട്ടു. നിവർന്നുനിൽക്കാൻ പോലുമാകാത്ത ശാരീരികാവസ്ഥയിലും സജിത തോറ്റില്ല. ആറാം വയസിൽ അക്ഷരം പഠിച്ചുതുടങ്ങി. സ്കൂൾ വരാന്തകളും ക്ലാസ് മുറികളും അന്ന് അന്യമായിരുന്നുവെങ്കിലും പിന്നീട് സാക്ഷരത മിഷനിലൂടെ 4,7,10, പ്ളസ് ടു പരീക്ഷകൾ വിജയിച്ചു. തുടർന്നാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എ ബിരുദ കോഴ്സിന് ചേർന്നത്. ഓൺലൈനായി പി.എസ്.സി പരിശീലനം നടത്തുന്ന സജിത എൽ.ജി.എസ് സപ്ളിമെന്ററി ലിസ്റ്റിലുണ്ട്.

പഠിപ്പിച്ച് കണ്ടെത്തുന്നു, പഠനച്ചെലവ്

വീൽച്ചെയറിലാണെങ്കിലും സജിത തന്റെ പഠന ചെലവിനുള്ള തുക സ്വയം കണ്ടെത്തുന്നുണ്ട്. എട്ടാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ട്യൂഷനെടുക്കുന്നു. നന്നായി പഠിപ്പിക്കുന്നതിനാൽ കുട്ടികളും കൂടിവരുന്നുണ്ട്. കാണാതെ പഠിക്കുന്നതല്ല സജിതയുടെ പഠന രീതി. എഴുതി പഠിച്ചും കഥകളിലൂടെ കാര്യങ്ങൾ മനസിലാക്കുന്നതുമാണ് ഇഷ്ടം. നാലുചക്ര സ്കൂട്ടറുമായി പ്രദേശത്താകെ ചുറ്റാറുണ്ടെങ്കിലും കോളേജിൽ പോകുന്നത് ഓട്ടോയിലാണ്. ഓട്ടോ നിറുത്തിയാൽ വീൽച്ചെയറുമായി സജിതയെ ഇറക്കി ക്ളാസ് മുറിയിലേക്ക് കൊണ്ടുപോകാൻ കൂട്ടുകാർ ഏറെയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJITHA BASHEERKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY