SignIn
Kerala Kaumudi Online
Monday, 15 June 2026 2.26 AM IST

ഗോവയിലേക്ക് ഇനി ആനവണ്ടിയിൽ പോകാം; കിടിലൻ പാക്കേജ് ഒരുക്കി കെഎസ്ആർടിസി

goa

സഞ്ചരികളുടെ പറുദീസയായ ഗോവയിലേക്ക് അവധിക്കാലത്ത് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ സഹായത്തോടെ യാത്രപോകാം. ജില്ലയിലെ ആദ്യഗോവ യാത്ര തിരുവല്ലയിൽ നിന്ന് ഇന്നലെ പുലർച്ചെ പുറപ്പെട്ടു. സ്‌കാനിയ എസി ലക്ഷ്വറി ബസിൽ 37 യാത്രക്കാരുമായാണ് ആദ്യയാത്ര പുറപ്പെട്ടത്.

തൃശൂർ, കോഴിക്കോട്, കാസർഗോഡ് എന്നീ റൂട്ടിൽ കേരള അതിർത്തിയായ തലപ്പാടിയിൽ രാത്രി എത്തിച്ചേരും. അവിടെനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചിന് ഗോവയിലെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടുപകലും ഒരുരാത്രിയും ഗോവയിൽ അടിച്ചുപൊളിക്കാം. പടിഞ്ഞാറൻ, കിഴക്കൻ ഗോവ തീരങ്ങളും മറ്റുസുന്ദരകാഴ്ചകളുമെല്ലാം സഞ്ചാരികൾക്ക് കൺകുളിർക്കെ കണ്ട് ആസ്വദിക്കാം. അന്യസംസ്ഥാനത്തെ ഭക്ഷണവും താമസവും എല്ലാം ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേയിലെ ഗോവൻ ട്രിപ്പുകൾ
മേയ് നാലിന് കോന്നി, 15ന് അടൂർ, 20ന് തിരുവല്ല, 23ന് പത്തനംതിട്ട എന്നീ ഡിപ്പോകളിൽ നിന്ന് ഗോവൻ ടൂറുകൾ ഒരുക്കിയിട്ടുണ്ട്.

അന്തർ സംസ്ഥാന ഹിറ്റ്
കെഎസ്ആർടിസി തുടക്കം കുറിച്ച അന്തർ സംസ്ഥാന ഉല്ലാസയാത്രകളിൽ ഒടുവിലത്തേതാണ് ഗോവൻ യാത്ര. അതും ഹിറ്റായി. ഈ മാസത്തിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് രാമേശ്വരം, കൊടൈക്കനാൽ, കന്യാകുമാരി ട്രിപ്പുകൾ ഉൾപ്പെടെ നടത്തി ബഡ്ജറ്റ് ടൂറിസം സെൽ. അനവധി യാത്രാപ്രേമികളാണ് കെഎസ്ആർടിസി യുടെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. തമിഴ്നാട്ടിലെ പ്രശസ്ത ടൂറിസം - തീർത്ഥാടന കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ, വാൽപ്പാറ, കന്യാകുമാരി, രാമേശ്വരം, തഞ്ചാവൂർ, ചിദംബരം, പളനി, മധുര, എന്നിവിടങ്ങളിലേക്ക് ട്രിപ്പുകൾ ഉണ്ടാകും. ഇത് കൂടാതെ മൂന്നാർ, മറയൂർ,വയനാട്, പൊന്മുടി, ഹൗസ് ബോട്ട്, ക്രൂയിസ്, ഗുരുവായൂർ, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടനയാത്രകളും ഉണ്ടാകും.

നേരത്തെ സീറ്റുകൾ ബുക്ക്‌ ചെയ്യാവുന്നതാണ്. ഗ്രൂപ്പ്‌ ബുക്കിംഗ് സൗകര്യമുണ്ടാകും. വിവരങ്ങൾക്ക്. ജില്ലാ കോർഡിനേറ്റർ: 9744348037, 9188938524.

മാസംതോറും ഗുരുവായൂർ ട്രിപ്പ്‌
ബഡ്ജറ്റ് ടൂറിസം സെൽ വഴിയുള്ള ഗുരുവായൂർ യാത്ര ഭക്തജനങ്ങൾക്ക്‌ സൗകര്യമായി തൊഴുതുവരുവാനുള്ള അവസരം ഒരുക്കുന്നു. എല്ലാമാസവും ജില്ലയിലെ എല്ലാ യൂണിറ്റിൽ നിന്നും ഓരോ ഗുരുവായൂർ ട്രിപ്പ്‌ ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOA, TRIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY