SignIn
Kerala Kaumudi Online
Sunday, 04 October 2026 9.43 AM IST

ബാറിനുള്ളിൽ യുവതിയെ വിവസ്‌ത്രയാക്കി മർദിച്ചു; മൂന്ന് വനിതാ ബൗൺസർമാർ ഉൾപ്പടെ ഏഴ് പേർ അറസ്റ്റിൽ

accused
അറസ്റ്റിലായവർ

ഗുവാഹത്തി: ബാറിലുണ്ടായ തർക്കത്തിനിടെ യുവതിയെ വിവസ്‌ത്രയാക്കി മർദിച്ച സംഭവത്തിൽ മൂന്ന് വനിതാ ബൗൺസർമാർ ഉൾപ്പെടെ ഏഴ് പേ‌ർ അറസ്റ്റിൽ. ഗുവാഹത്തിയിൽ ഖാൻപാറയിൽ പ്രവർത്തിക്കുന്ന 'ദി ലോക്കൽസ്' നൈറ്റ് ക്ലബിൽ വെള്ളിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീ‌ഡിയയിൽ പ്രചരിച്ചതിനുപിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വനിതാ ബൗൺസർമാർക്ക് പുറമെ ബാർ മാനേജർ, ഇവന്റ് മാനേജർ, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 21നു 30നു ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്. രാത്രി 12.30ന് ശേഷവും ബാർ പ്രവർത്തിച്ചിരുന്നതായാണ് വിവരം. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ബാറിനുള്ളിൽവച്ച് ഒരു സംഘം ആളുകൾ യുവതിയെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വനിതാ ബൗൺസറിൽ ഒരാളെ യുവതി ബിയർകുപ്പികൊണ്ടടിച്ചതിൽ പ്രകോപിതരായ മറ്റ് ജീവനക്കാർ അവരെ കൂട്ടംചേർന്ന് മർദിക്കാൻ തുടങ്ങി. യുവതിയെ മുടിയിലും വസ്‌ത്രത്തിലും പിടിച്ച് ബേസ്‌മെന്റിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയും മർദിച്ച് അബോധാവസ്ഥയിലാക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും വ്യക്തിഗതവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary

Seven people, including three female bouncers, were arrested after a woman was allegedly partially stripped and assaulted at a Guwahati nightclub following a drunken brawl.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMAN PARTIALLY STRIPPED, ASSAULT, BAR CONFLICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY