SignIn
Kerala Kaumudi Online
Tuesday, 30 June 2026 10.14 AM IST

ജലീലിന്റെ രാജി ധാർമികതയുടെ പേരിലല്ല, നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴെന്ന് രമേശ് ചെന്നിത്തല

chennithala1

തിരുവനന്തപുരം: കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത് ധാർമികതയുടെ പേരിലല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യംമുതലേ സി പി എമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബന്ധുനിയമന വിവാദത്തിൽ ലോകായുക്തയുടെ എതിർപരാമർശത്തെത്തുടർന്ന് കെ.ടി. ജലീൽ മന്ത്രിസ്ഥാനംരാജിവച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

'ജനങ്ങളുടെ വികാരം എതിരാണെന്നും പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നും ബോദ്ധ്യപ്പെട്ടപ്പോഴാണ് രാജിവച്ചത്. അതിന് പ്രതിപക്ഷത്തെയോ മാദ്ധ്യമങ്ങളെയാേ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ധാർമികത പ്രസംഗിക്കാൻ സിപിഎമ്മിന് ഒരു അധികാരവുമില്ല.ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലൻ പറഞ്ഞത്. അന്നില്ലാത്ത ധാർമികത ഇപ്പോൾ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്'- ചെന്നിത്തല കുറ്റപ്പെടുത്തി.

'കേരള ചരിത്രത്തിൽ കോൺഗ്രസ് മന്ത്രിമാർ മാത്രമേ ധാർമികത ഉയർത്തിപ്പിടിച്ച് രാജിവച്ചിട്ടുള്ളൂ. കോടതി പരാമർശം ഉണ്ടായപ്പോൾ കെ കരുണാകരൻ രാജിവച്ചു,കെ പി വിശ്വനാഥൻ രാജിവച്ചു, എം പി ഗംഗാധരൻ രാജിവച്ചു. മൂന്ന് നാല് ദിവസം രക്ഷപ്പെടാനുള്ള എല്ലാ പഴുതും നോക്കി. അവസാനം ഒരുവഴിയും ഇല്ലെന്ന് കണ്ടപ്പോഴാണ് ജലീലിന് രാജിവയ്ക്കേണ്ടിവന്നത്. അതിൽ എന്ത് ധാർമികതയാണ് ഉള്ളത്. തുടക്കം മുതൽ ഈ മന്ത്രി നിമയവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. ഇതെല്ലാം പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ്. അപ്പോഴെല്ലാം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് രാജിവയ്പ്പിച്ചത്. ഇത് ജനങ്ങൾക്കെല്ലാം അറിയാം. അതിനാൽ ധാർമികതയുടെ കാര്യം ചൂണ്ടിക്കാട്ടിയാൽ അത് വിലപ്പോകില്ല. ഇതുകൊണ്ട് അവസാനിക്കുന്നില്ല. മന്ത്രി ഭാവിയിൽ ക്രിമിനൽ പ്രോസിക്യൂഷൻ നടപടി കൂടി നേരിടേണ്ടിവരും'- പ്രതിപക്ഷ നേതാവ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY POLLS, CHENNITHALA AGAINST JALEELAND CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY