SignIn
Kerala Kaumudi Online
Saturday, 04 July 2026 8.27 PM IST

കോടതിയുടെ വിമർശനം

hc

രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പുകൾക്കുള്ള പങ്ക് കാണാതെ പോകരുത്. രണ്ടാം വ്യാപനത്തിന്റെ മുഖ്യ ഉത്തരവാദി തിരഞ്ഞെടുപ്പു കമ്മിഷനും ഉദ്യോഗസ്ഥരുമാണെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തുറന്നടിച്ചു. കഴിഞ്ഞയാഴ്ച കൽക്കട്ട ഹൈക്കോടതിയും ഇലക്‌ഷൻ കമ്മിഷന്റെ നിരുത്തരവാദപരമായ സമീപനത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. എട്ടു ഘട്ടങ്ങളായി നീട്ടിക്കൊണ്ടുപോയ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.

കൊവിഡ് കാലത്ത് തിരഞ്ഞെടുപ്പിനെ ഇലക്‌ഷൻ കമ്മിഷൻ മാമാങ്കമായി മാറ്റുകയാണുണ്ടായത്. ഫെബ്രുവരി അവസാനം തുടക്കമിട്ട ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതേയുള്ളൂ. അവസാന ഘട്ടം നാളെ നടക്കാനിരിക്കുകയാണ്.

ഇതുകൂടി കഴിയുന്നതോടെ രാജ്യത്ത് നടന്നിട്ടുള്ളതിൽ വച്ചേറ്റവും ദീർഘമായ തിരഞ്ഞെടുപ്പായി മാറുമിത്. ബംഗാളിലും ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിനുള്ള മുഖ്യകാരണം സുദീർഘമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണെന്നാണ് കൽക്കട്ട ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലികൾക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ള ഉന്നതർ വരെ നേതൃത്വം നൽകി. യഥാർത്ഥ രോഗവ്യാപനം അറിയാനിരിക്കുന്നതേയുള്ളൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഒരു മാനദണ്ഡവും നോക്കാതെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇവ്വിധം നീട്ടിക്കൊണ്ടുപോയി വളരെയധികം ജനങ്ങളിലേക്ക് രോഗം പടർത്തിയതിന് ഉത്തരവാദി ഇലക്‌ഷൻ കമ്മിഷൻ മാത്രമാണെന്ന ഉന്നത നീതിപീഠങ്ങളുടെ നിരീക്ഷണം എല്ലാവർക്കും പാഠമാകേണ്ടതാണ്. അധികാരം ശക്തമായും വിവേകപൂർവവും നീതിബോധത്തോടെയും പ്രയോഗിക്കുമ്പോഴാണ് അതിന്റെ ഗുണം സമൂഹത്തിനു പ്രാപ്തമാകുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന് ഭരണഘടന നൽകിയിരിക്കുന്ന അതിവിപുലമായ അധികാരങ്ങൾ ഇച്ഛാനുസരണം പ്രയോഗിക്കാനുള്ളതല്ല.

മഹാമാരിയുടെ കാലത്ത് ഏറ്റവും കുറഞ്ഞ സമയപരിധിയിൽ നടത്തേണ്ട തിരഞ്ഞെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോയി അധികാര പ്രമത്തത പുറത്തെടുക്കുകയാണുണ്ടായത്. ടി.എൻ. ശേഷൻ മാത്രം തിരഞ്ഞെടുപ്പ് കമ്മിഷനായി ഉണ്ടായിരുന്ന കാലത്ത് എത്ര ചിട്ടയോടും കാര്യക്ഷമമായുമായിട്ടാണു വോട്ടെടുപ്പുകൾ പൂർത്തിയാക്കിയിരുന്നത്. അന്നത്തെക്കാൾ സൗകര്യങ്ങൾ എത്രയധികം വർദ്ധിച്ചിട്ടുണ്ട്. എന്നിട്ടും എത്ര കാലമെടുത്താണ് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പൂർത്തിയാവുന്നത്.

കൊവിഡ് വ്യാപനത്തിനു കാരണമാകും വിധം രാഷ്ട്രീയ കക്ഷികൾ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രചാരണം പൊടിപൊടിച്ചതിന് ഇലക്‌ഷൻ കമ്മിഷൻ മാത്രമാണ് കാരണക്കാരെന്നാണ് മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തിയത്. തമിഴ്‌നാട്ടിൽ കൊവിഡ് ഏതാണ്ട് ശമിച്ചുവെന്ന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പു കടന്നുവന്നത്. എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് ജനങ്ങൾ തിരഞ്ഞെടുപ്പു ലഹരിയിൽ മുങ്ങിയതോടെ കൊവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാവുകയായിരുന്നു.

ജനങ്ങളെ നിഷ്‌കരുണം രോഗത്തിനു വിട്ടുകൊടുത്തതിന്റെ പേരിൽ ഇലക്‌ഷൻ കമ്മിഷനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുകയാണു വേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പു നൽകിയത് സംസ്ഥാനത്തെങ്ങും നടമാടുന്ന അരാജകത്വം കണ്ടാണ്. ഏതായാലും കോടതികളുടെ പ്രതികൂല പരാമർശങ്ങളുടെ വെളിച്ചത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ഒരിടത്തും ആഹ്ളാദപ്രകടനങ്ങൾ പാടില്ലെന്ന് ഇലക്‌ഷൻ കമ്മിഷൻ ഇന്നലെ ഉത്തരവിറക്കിയിട്ടുണ്ട്. അത്രയും ആശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY