
തമ്മിലടി രൂക്ഷമായ താരസംഘടനയെ വീണ്ടും രമ്യതയിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് നടനും സംവിധായകനുമെല്ലാമായ രമേഷ് പിഷാരടി എം.എൽ.എയാണ്. 'അമ്മ" അഡ്ഹോക് കമ്മിറ്റി അദ്ധ്യക്ഷൻ എന്ന നിലയിലാണ് പിഷാരടി കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാൽ അഡ്ഹോക് കമ്മിറ്റിയുടെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ദൗത്യം ശ്രമകരമാണ്.
താരസംഘടനയായ "അമ്മ"യിലെ പുരുഷാധിപത്യവും സൂപ്പർ താരങ്ങളുടെ അപ്രമാദിത്വവും മുമ്പെല്ലാം വിചാരണചെയ്യപ്പെട്ടതാണ്. നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ വിമർശനങ്ങൾ രൂക്ഷമായി. അതിജീവിതയായ നടിയടക്കം ഒരുകൂട്ടം താരങ്ങൾ 'അമ്മ"യുടെ പടിയിറങ്ങി. എന്നിട്ടും സംഘടനയുടെ അലകുംപിടിയും 2024വരെ പുരുഷതാരങ്ങളുടെ കൈവശമായിരുന്നു.
എന്നാൽ ഇടതുസർക്കാർ പൂഴ്ത്തിവച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതോടെ കളിമാറി. സിനിമയിലെ പല പ്രമുഖർക്കുമെതിരേ നടിമാരുടെയടക്കം പരാതികൾ പൊലീസിലെത്തി. പലരും ഒറിജനലും വ്യാജവുമായ പീഡനപരാതികളിൽ കുടുങ്ങി. താരസംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖും പ്രതിയായി. ഇതോടെ പരിഭ്രാന്തിയായി. മോഹൻലാൽ നേതൃത്വം നൽകിയിരുന്ന കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. അടുത്ത തിരഞ്ഞെടുപ്പുവരെ കാവൽ ഭരണസമിതിയായി തുടരുകയും ചെയ്തു.
പിന്നീട് മാസങ്ങൾക്ക് ശേഷമാണ് 'അമ്മ"തിരഞ്ഞെടുപ്പു നടന്നത്. വിപ്ലവകരമായിരുന്നു തിരഞ്ഞെടുപ്പ് ഫലം. പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകൾ ഉൾപ്പെടുന്ന പുതിയ ഭരണസമിതി നിലവിൽ വന്നു. ശ്വേത മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായി.പുരുഷന്മാർ രണ്ടോ മൂന്നോ സ്ഥാനങ്ങളിൽ ഒതുങ്ങി. ഈ നിലപാടിനെ രാജ്യമാകെ വാഴ്ത്തി. നടി കേസിലെ അതിജീവിതയെ അടക്കം സംഘടനയിൽ തിരികെയെത്തിക്കുന്നതിന് മുൻഗണന നൽകുമെന്ന് പ്രഖ്യാപനമുണ്ടായി. എന്നാൽ പുതിയ ശാക്തിക ചേരികളുടെ ഗ്രൂപ്പിസം തുടക്കത്തിലേ പുകഞ്ഞുതുടങ്ങിയിരുന്നു. ഈ വർഷമാദ്യം നടന്ന സംഘടനയുടെ കുടുംബസംഗമം വരെ കാര്യങ്ങൾ പുറത്തുവന്നിരുന്നില്ല. പിന്നീട് അഗ്നിപർവതം പോലെ പൊട്ടി.
ഇക്കുറി അൻസിബ ഹസൻ ആണ് ആവലാതികളുടെ കെട്ടഴിച്ചത്.ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച അൻസിബ ഭരണസമിതിയിലുള്ള നടൻ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കുമെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.ടിനി ടോം അവിഹിത കഥകൾ പ്രചരിപ്പിച്ചെന്നും തന്നെ മതപരിവർത്തനത്തിന്റെ ഏജന്റായ ജിഹാദിയായി ചിത്രീകരിച്ചുവെന്നുമാണ് ആരോപണം. ലക്ഷ്മി അവരുടെ കുടുംബപ്രശ്നത്തിൽ കരുവാക്കി തന്നെ പൊലീസ് സ്റ്റേഷനിൽ കയറ്റി. 'അമ്മ"യിലെ ഗ്രൂപ്പിസവും ഫണ്ട് ദുരുപയോഗവും അപവാദ പ്രചരണവും സംബന്ധിച്ച് ഓഫീസ് ജീവനക്കാരിയും പല വെളിപ്പെടുത്തലുകളും നടത്തി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനിൽ അധികാരം കേന്ദ്രീകരിച്ചിരിക്കുകയാണെന്നായിരുന്നു ആരോപണം. ഇതോടെ കൊട്ടിഘോഷിച്ച വനിതാ ഭരണസമിതിയിലെ ചേരികൾ പുറത്തുവന്നു. ശ്വേതയും ലക്ഷ്മിയും ഒരുഭാഗത്തും കുക്കുവും നീനാ കുറുപ്പും മറുഭാഗത്തും. അൻസിബയ്ക്ക് തുണ നീന കുറുപ്പായിരുന്നു.
ജൂൺ 21ന് നടന്ന പൊതുയോഗത്തിൽ വിസ്ഫോടനമുണ്ടായി. ശ്വേതയ്ക്കെതിരേ അവിശ്വാസം കൊണ്ടുവരാൻ ക്യാൻവാസിംഗ് നടന്നതായി ആരോപണമുണ്ടായി. അമ്മയിലെ ഭാരവാഹിത്വം മാത്രമല്ല, അംഗത്വം പോലും രാജിവയ്ക്കുകയാണെന്ന് ശ്വേത പരസ്യമായി പ്രഖ്യാപിച്ചു. ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കുകയാണെന്നും അറിയിച്ചു. തുടർന്നാണ് താരസംഘടനയിലെ ഏക ജനപ്രതിനിധിയായ രമേഷ് പിഷാരടിയുടെ അദ്ധ്യക്ഷതയിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. കെ.ബി. ഗണേഷ് കുമാർ, സാദ്ദിഖ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങൾ. എന്നാൽ അഡ്ഹോക് കമ്മിറ്റിക്ക് ഒരടി മുന്നോട്ടുപോകാനായില്ല. ശ്വേത മേനോനും മറ്റും രാജി പ്രഖ്യാപിച്ചെങ്കിലും ഒരു പഴുത് അവശേഷിപ്പിച്ചതാണ് കാരണം. ആരും രാജിക്കത്ത് രേഖാമൂലം കൈമാറിയിരുന്നില്ല. അതിനാൽ രാജി അംഗീകരിക്കാൻ കഴിയാതിരുന്നത് അഡ്ഹോക് കമ്മിറ്റിക്ക് പാരയായി.
രാജി പ്രഖ്യാപിച്ചവർ അതേക്കുറിച്ച് വിശദീകരിക്കണമെന്നും ജനറൽ ബോഡി തങ്ങളെ ചുമതല ഏൽപ്പിച്ചിരുന്നുവെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. പൊതുഹമൂഹത്തെ ഉൾപ്പെടെ ശ്വേത മേനോനും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാർ ആരോപിച്ചു. അവർ കോടതിയിൽ പോയാൽ അപ്പോൾ കാണാമെന്നും അമ്മ ജനറൽ ബോഡിയുടേതാണ് അന്തിമ തീരുമാനമെന്നും ഗണേഷ് ആഞ്ഞടിച്ചു. തുടർന്നാണ് അഡ്ഹോക് കമ്മിറ്റിയുടെ തന്നെ നിയമസാധുത ചോദ്യം ചെയ്ത് ശ്വേത രംഗത്തുവന്നത്. അങ്ങനെയൊരു സമിതി തന്നെ സംഘടനയുടെ ഭരണഘടനയിലില്ലെന്ന് ശ്വേത പറഞ്ഞു. താൻ ആരേയും വഞ്ചിച്ചിട്ടില്ല. അടുത്ത സംഘടനാ തിരഞ്ഞെടുപ്പുവരെ തുടരേണ്ടത് നിലവിലെ ഭരണസമിതിയുടെ ചുമതലയാണെന്നും നേരത്തേ മോഹൻലാലിന്റെ ഭരണസമിതിയും ഇങ്ങനെയാണ് ചെയ്തതെന്നും വിശദീകരിച്ചു. ഈ തർക്കം തുടരുകയാണ്. രാജി വച്ചവർ പുറത്തുപോയില്ലെങ്കിൽ വനിതാ താരങ്ങൾ കുത്തിയിരിപ്പു സമരം നടത്തുമെന്ന മുന്നറിയിപ്പുമായി നടി ഉഷ ഹസീന രംഗത്തുവന്നിട്ടുണ്ട്. ഇത് "അമ്മ"യുടെ നിയമാവലിയുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ മറുഭാഗത്ത് ക്രിമിനൽ കേസും മുറുകുകയാണ്.
നടൻ ടിനി ടോമിനെതിരേ അൻസിബ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിയിരിക്കുകയാണ്. കോടതി നിർദ്ദേശപ്രകാരമാണ് കേസ്. ടിനിയ്ക്കെതിരായ അൻസിബയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും തെളിവില്ലെന്നുമായിരുന്നു കൊച്ചി പൊലീസിന്റെ ആദ്യ നിലപാട്. കോടതി ഇടപെട്ടതോടെയാണ് കേസെടുത്തത്. ശ്വേതയും ലക്ഷ്മിപ്രിയയും അപകീർത്തിയെന്ന പരാതികളും അൻസിബ പൊലീസിന് നൽകിയിരുന്നു. ഇതിലും കേസെടുത്തിരുന്നില്ല. ഇക്കാര്യവും ഇപ്പോൾ കോടതികയറിയിരിക്കുകയാണ്. പ്രശ്നങ്ങൾ വഷളാവുകയാണ്. അതിനാൽ പിഷാരടിയുടെ മിഷൻ പാളാനാണ് സാദ്ധ്യത. താരങ്ങൾ സംയമനം പാലിച്ച് സിംഹാസനങ്ങളിൽ നിന്ന് മണ്ണിലേയ്ക്കിറങ്ങുന്നതാണ് തകർച്ചയിലായ സിനിമാ വ്യവസായത്തിന്റെ നന്മയ്ക്കു നല്ലത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |