പിന്നണി ഗായകനായ സൂപ്പർ മെഗാതാരം മോഹൻലാൽ 50 ഗാനങ്ങൾ പൂർത്തിയാക്കുന്നു. ഷെയ്ൻ നിഗമിനെയും വിനയ് ഫോർട്ടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ അമ്പതാമത്തെ ഗാനം പാടുന്നത്.വിനായക് ശശികുമാർ എഴുതി രമേഷ് നാരായൺ ഈണമിട്ട പാട്ട് ഈ മാസം അവസാനം മോഹൻലാൽ പാടുമെന്ന് രാജീവ് കുമാർ അറിയിച്ചു. ഇപ്പോൾ ഇടുക്കി കുളമാവിൽ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12th MAN എന്ന ചിത്രത്തിലഭിനയിച്ചുവരികയാണ് മോഹൻലാൽ. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ബർമുഡയിലെ ഗാനമാലപിക്കാൻ കൊച്ചിയിലെത്തും.
ബെന്നി ദയാൽ ആലപിച്ച കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയും ഹരിചരണും മധുശ്രീയും പാടിയ രണ്ട് ഗാനങ്ങളുമാണ് മോഹൻലാൽ പാടുന്ന പാട്ടിന് പുറമെ ബർമുഡയിലുള്ളത്.
1985-ൽ കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിന് വേണ്ടി സി.ഒ. ആന്റോയ്ക്ക് ഒപ്പം നീയറിഞ്ഞോ മേലെ മാനത്ത്, എം.ജി. ശ്രീകുമാറിനൊപ്പം ഒന്നാനാം കുന്നിൽ ഓരടിക്കുന്നിലെ സിന്ദൂരമേഘം എന്നീ ഗാനങ്ങളാണ് സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ആദ്യമായി പാടിയത്. ടി.കെ. രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ കെ. എസ്. ചിത്രയ്ക്കൊപ്പം കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ എന്ന ഗാനം പാടിയിട്ടുള്ള മോഹൻലാൽ ഒട്ടേറെ സിനിമേതര ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |