SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.48 PM IST

കൊവിഡ് വാക്സിൻ ഒന്നാം ഡോസെടുത്തിട്ടും മലപ്പുറം ജില്ലയിൽ രണ്ടാം ഡോസെടുക്കാൻ മടികാട്ടി  ആറ് ലക്ഷത്തോളം പേർ, 'കവചം 2.0'യുമായി ആരോഗ്യവകുപ്പ് 

vaccine-

മലപ്പുറം: ജില്ലയിൽ കൊവിഡ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ആരോഗ്യവകുപ്പ് 'കവചം 2.0' എന്ന പേരിൽ നടത്തുന്ന കൊവിഡ് വാക്സിനേഷൻ തീവ്രയജ്ഞ പരിപാടിയ്ക്ക് ഇന്ന് തുടക്കമാകും. ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് സമയമായിട്ടുള്ളവരും 12 മുതൽ 17 വയസ് വരെയുള്ള കൗമാരക്കാരായ കുട്ടികളും മുൻകരുതൽ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന്ന് യോഗ്യരായിട്ടുള്ളവരും ഗർഭിണികളും ജൂൺ നാല് വരെ നടത്തുന്ന കൊവിഡ് വാക്സിനേഷൻ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി മുതിർന്നവർക്കും കൗമാരക്കാരായ വിദ്യാർത്ഥികൾക്കും തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് സൗജന്യമായി വാക്സിൻ സ്വീകരിക്കാം. കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് തൊട്ടടുത്തുള്ള അംഗൻണവാടികളിലും സ്‌കൂളുകളിലും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വാക്സിനേഷൻ ക്യാമ്പുകളിൽ നിന്നും സൗജന്യമായി വാക്സിൻ ലഭിക്കും. വാക്സിൻ സ്വീകരിക്കുവാനുള്ളവർക്ക് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവരുമായി ബന്ധപ്പെടാം.

ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് 95 ശതമാനം കൈവരിച്ചെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചവർ 80 ശതമാനമാണ്. നിലവിൽ ആറ് ലക്ഷത്തോളം പേർ രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവരാണ്. ഇവർ കൂടി രണ്ടാം ഡോസ് സ്വീകരിച്ചാൽ മാത്രമേ ജില്ലയിൽ കൊവിഡ് വാക്സിനേഷൻ പൂർത്തീകരിക്കാനാവൂ. ഇതോടൊപ്പം അർഹരായിട്ടുള്ളവർ മുൻകരുതൽ ഡോസ് വാക്സിനേഷനും പൂർത്തീകരിക്കേണ്ടതുണ്ട്.

15 വയസ് മുതൽ 17 വരെയുള്ള കുട്ടികളിൽ 79 ശതമാനം പേർ ഒന്നാം ഡോസ് വാക്സിനും 42 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 12 വയസ് മുതൽ 14 വരെയുള്ള കുട്ടികളിൽ 13 ശതമാനം പേർ മാത്രമേ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. അർഹരായ ഈ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകുന്നതിനുമാണ് വാക്സിനേഷൻ തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുന്നത്. സ്‌കൂളുകളും കലാലയങ്ങളും തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾ എല്ലാവരും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നത് വഴി കുട്ടികളും വീടുകളിലുള്ള മുതിർന്നവരും മറ്റ് അസുഖങ്ങൾ ഉള്ളവരും എല്ലാവരും കൊവിഡിൽ നിന്നും സുരക്ഷിതരാകുകയുള്ളൂ. എല്ലാവരും ഈ ക്യാമ്പയിനുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID, COVID VACCINE, KAVACHAM, COVISHIELD, MALAPPURAM, MALAPPURAM DIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA