SignIn
Kerala Kaumudi Online
Monday, 21 September 2026 4.25 AM IST

ഈ ചിരിക്ക് ഇന്ന് നവതിയുടെ സൗകുമാര്യം

p

കൊച്ചി:കൊച്ചിയിലേക്ക് താമസം മാറ്റിയിട്ട് മൂന്നു വർഷമായെങ്കിലും കാർട്ടൂണിസ്റ്റ് സുകുമാറിന്റെ മനസ് തിരുവനന്തപുരത്താണ്. കുട്ടിക്കാലം മുതൽ അലഞ്ഞു നടന്ന നഗരവീഥികൾ, വി.ജെ.ടി ഹാളിലെ സാംസ്കാരിക മേളകൾ, നർമ്മകൈരളിയുടെ പരിപാടികൾ, ഉറ്റ സൗഹൃദങ്ങൾ... ആ മധുരദിനങ്ങളാണ് ഇപ്പോഴും അദ്ദേഹത്തിന് ഉൗർജം പകരുന്നത്. കൊച്ചിക്കാർക്ക് ഇത്തിരി 'മസിലു പിടിത്തം' കൂടുതലാണ്. എന്തോ ഒരു അകൽച്ച. സാംസ്കാരിക പരിപാടികൾക്കും തലസ്ഥാനനഗരിയുടെ അത്ര കളറില്ലെന്ന് ആക്ഷേപസാഹിത്യകാരന് പരിഭവം.

വീട്ടുകാർക്കും കാർട്ടൂണിസ്റ്റ് ചങ്ങാതിമാർക്കുമൊപ്പം ഇന്ന് 90-ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. കാഴ്ചയ്ക്ക് ഇത്തിരി പ്രശ്നമുണ്ട്, കേൾവി കുറഞ്ഞു. ഹാസ്യത്തിന് ഒരു മങ്ങലുമില്ല. ശ്രവണസഹായിയും ഉൗന്നുവടിയും ഉപയോഗിക്കില്ലെന്ന പിടിവാശി തുടരുന്നു. കാലൻകുട ഉൗന്നിയുള്ള ആ പഴയ നടപ്പിനോടാണ് പ്രതിപത്തി.

ദിവസം കുറഞ്ഞത് പത്തു കിലോമീറ്റർ നീണ്ട 'നല്ല നടപ്പാണ്' ആരോഗ്യരഹസ്യമെന്ന് സുകുമാർ പറയും. പത്രവായനയ്ക്ക് മുടക്കമില്ല. ടിവി ചർച്ചകൾ വിടില്ല. സ്വപ്ന സുരേഷ് അല്ലേ ഇപ്പോൾ രാഷ്‌ട്രീയം.

ഒരുവർഷമായി കാര്യമായ വരയുമില്ല. എഴുതാനും വരയ്ക്കാനും ഇനിയും ബാക്കിയുണ്ടെങ്കിലും കടലാസിലേക്ക് പകർത്താനാകുന്നില്ലെന്നാണ് പരാതി. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിൽ മകൾ സുമംഗലയുടെ വീട്ടിലേക്ക് താമസം മാറ്റിയപ്പോൾ ഭാര്യ സാവിത്രി ഒപ്പമുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം കാക്കനാട് പാലച്ചുവടിലെ 'സാവിത്രി'യിലേക്ക് മാറി. കൊവിഡിന്റെ വരവോടെ വീട്ടിലൊതുങ്ങി.

ആറ്റിങ്ങലിലാണ് ജനനം. എസ്. സുകുമാരൻ പോറ്റി എന്ന് പേര്. 1957ൽ പൊലീസ് വകുപ്പിൽ ജോലി. 1987ൽ വിരമിച്ചു. രാഷ്ട്രീയ കാർട്ടൂണുകളിൽ നിറഞ്ഞത് കക്ഷിഭേദമില്ലാത്ത ചിരിയും വിമർശനവും. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഗ്രന്ഥങ്ങൾ. നർമ്മകൈരളിയുടെയും കേരള കാർട്ടൂൺ അക്കാ‌ഡമിയുടെയും സ്ഥാപകനേതാവ്. കേരളസാഹിത്യ അക്കാഡമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARTOON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA