SignIn
Kerala Kaumudi Online
Monday, 21 September 2026 6.10 AM IST

അരവണ ടിൻ ക്ഷാമം: വീഴ്ച മുന്നൊരുക്കത്തിൽ

aravana-packing

പത്തനംതിട്ട: ശബരിമലയിലെ അരവണ ടിൻ ക്ഷാമത്തിന് കാരണമായത് തീർത്ഥാടന മുന്നൊരുക്കത്തിന്റെ അഭാവം. അരവണ ടിൻ സംഭരണം കാര്യക്ഷമമല്ലെന്ന് സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണെന്ന് അറിയുന്നു.

തീർത്ഥാടനം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് അവരണ ടിൻ എത്തിക്കാൻ കരാർ ഉറപ്പിച്ചത്. മുൻ വർഷങ്ങളിൽ ശബരിമലയിലേക്കുള്ള ചരക്ക് സാധനങ്ങളുടെ ലേല നടപടികൾ തീർത്ഥാടനം തുടങ്ങുന്നതിന് ഒരു മാസം മുൻപേ പൂർത്തിയാക്കാറുണ്ട്. ഈ തീർത്ഥാടന കാലത്ത് രണ്ട് കോടി അരവണ ടിൻ ആവശ്യമുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് 50 ലക്ഷം പുതിയ ടിൻ സ്റ്റോക്ക് ചെയ്യേണ്ടിയിരുന്നു. എന്നാൽ, 18 വരെ എട്ട് ലക്ഷം ടിൻ മാത്രമാണെത്തിയത്. മുൻ വർഷങ്ങളിലെ ബാക്കി വന്ന ടിന്നുകൾ ഉൾപ്പടെ 64 ലക്ഷം സ്റ്റോക്കുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. ഇത് ഇരുപത്തഞ്ച് ദിവസത്തേക്കുണ്ടാകും.

ഡൽഹി ആസ്ഥാനമായ കമ്പനിക്കാണ് ഇത്തവണ കരാർ ലഭിച്ചത്. മുൻ വർഷങ്ങളിൽ ടിന്നിന് ക്ഷാമം വരാതിരിക്കാൻ രണ്ട് കമ്പനികൾക്ക് കരാർ നൽകിയിരുന്നു. ഇത്തവണ കരാർ ഏറ്റെടുത്ത കമ്പനി എത്തിച്ച അരവണ ടിന്നിന് ഗുണനിലവാരമില്ലെന്ന് പമ്പയിൽ നടത്തിയ ആദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അരവണ നിറച്ച ടിന്നുകൾ

പലതും പൊട്ടിയതായിരുന്നു.

കൃത്യനിഷ്ഠ

പാലിക്കുന്നില്ല

മുൻ ചീഫ് സെക്രട്ടറി സി.പി നായർ ദേവസ്വം കമ്മിഷണറായിരുന്നപ്പോൾ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ ജൂലായിൽ ആരംഭിക്കുന്ന രീതിയിൽ ടൈംടേബിൾ തയ്യാറാക്കിയിരുന്നു. അരവണയ്ക്കോ ,ശർക്കരയ്ക്കോ ക്ഷാമം നേരിട്ടിരുന്നില്ല. ഇപ്പോൾ തീർത്ഥാടനത്തിന് നട തുറക്കുന്നതിന് മുൻപ് വരെ ലേല നടപടികൾ തുടരുന്നു.

നിലയ്ക്കലിൽ തീർത്ഥാടകർക്കുള്ള 933 ടോയ്ലറ്റുകളുടെ ലേലം തീർത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും പൂർത്തിയായില്ല. വെളളം സ്വന്തം നിലയിൽ എത്തിക്കണമെന്നും വൈദ്യുതി ചാർജ് അടയ്ക്കണമെന്നും നിബന്ധനയുള്ളതിനാലാണ് നേരത്തെ കരാറെടുത്തയാൾ പിൻമാറിയത്. ഇപ്പോൾ ദേവസ്വം ബോർഡ് നേരിട്ടാണ് ടോയ്ലറ്റുകൾ കൈകാര്യം ചെയ്യുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത കല്ലുപാകൽ പൂർത്തിയാകാതെയാണ് ഉദ്ഘാടനം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARAVANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA