SignIn
Kerala Kaumudi Online
Thursday, 13 August 2026 2.41 AM IST

നൂറ്റാണ്ടിന്റെ നായകൻ

1

അമേരിക്കൻ സാമ്രാജ്യത്വത്തോട് പൊരുതിയ,​ പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണാധികാരിയായിരുന്ന ഫിദൽ കാസ്ട്രോ എന്ന ധീര വിപ്ളവകാരിയുടെ ജന്മശതാബ്ദി ദിനമാണ് ഇന്ന്. ക്യൂബയുടെ വിമോചനസമരത്തിന് നേതൃത്വം കൊടുത്ത ഫിദൽ കാസ്ട്രോ തന്നെയാണ് സാമ്രാജ്യത്വം നടത്തുന്ന ഉപരോധത്തിന്റെ കെടുതികളെ ചെറുക്കാനുള്ള കരുത്തും ക്യൂബയ്ക്ക് പകർന്നുകൊടുത്തത്.

ഫിദൽ അലജാൻട്രോ കാസ്ട്രോ റൂസ് അതിജീവിച്ചപോലെ വധശ്രമങ്ങൾ മറ്റൊരു ലോക നേതാവിനും നേരിടേണ്ടി വന്നിട്ടില്ല. 638 തവണയാണ് ഫിദലിനെ വധിക്കാൻ അമേരിക്കയുടെ ചാര സംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോ (സി.ഐ.എ) അവരുടെ നിർദ്ദേശാനുസരണം മാഫിയാ ഗ്രൂപ്പുകളോ പരിശ്രമിച്ചിട്ടുള്ളത്. ഫിദലിനെ വധിക്കാൻ ആസൂത്രണങ്ങൾ നടത്തിയ സി.ഐ.എ ശ്രമങ്ങൾ എട്ട് അമേരിക്കൻ പ്രസിഡന്റുമാരുടെ കാലഘട്ടങ്ങളിലായിരുന്നു.

1959 മുതൽ 1961വരെ ഐസൻ ഹോവറിന്റെ ഭരണകാലത്ത് 38 ശ്രമങ്ങൾ. 1961 മുതൽ 1963 വരെ ജോൺ എഫ്. കെന്നഡിയുടെ കാലത്ത് 42 ശ്രമങ്ങൾ. ലിൻഡൻ ബി. ജോൺസൺ 72 വധശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചു. റിച്ചാർഡ് നിക്സന്റെ കാലത്ത് 184 ശ്രമങ്ങൾ, ജിമ്മികാർട്ടറുടെ കാലത്ത് 64 വധശ്രമങ്ങൾ. റൊണാൾഡ് റീഗന്റെ കാലത്താണ് ഏറ്റവും കൂടുതൽ-197 വധശ്രമങ്ങൾ. ജോർജ് എച്ച്.ഡബ്ലിയു. ബുഷിന്റെ കാലത്ത് 16. ബിൽ ക്ളിന്റണിന്റെ കാലത്ത് 21 എന്ന കണക്കിലാണ് ഫാബിയൻ എസ്. കലാന്റേ ഇതുസംബന്ധിച്ച വസ്തുതകൾ ക്രോഡീകരിച്ചിട്ടുള്ളത്.

ഇതോടൊപ്പം ക്യൂബയിലെ സോഷ്യലിസ്റ്റ് സമൂഹ നിർമ്മാണ പരിശ്രമങ്ങളെ മുളയിലേ നുള്ളാനുള്ള ഇടപെടൽ യുദ്ധവും 1961ൽത്തന്നെ യു.എസ് സൈന്യത്തിന്റെ പിന്തുണയോടെ സി.ഐ.എ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ശ്രമിക്കുകയുണ്ടായി. ബേ ഓഫ് പിഗ്സ് എന്നറിയപ്പെടുന്ന 1961ലെ അട്ടിമറിശ്രമം ഫിദലും, റൗൾ കാസ്ട്രോയും ചെഗുവേരയും മറ്റും മുന്നിൽനിന്ന് പൊരുതി തോല്പിക്കുകയായിരുന്നു.

അതിനുശേഷമാണ് കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ ക്യൂബയുടെ സമ്പദ് ഘടനയെ കഴുത്തു ഞെരിച്ചുകൊല്ലാനുള്ള ശ്രമങ്ങൾ യു.എസ്.എ ആരംഭിച്ചത്. ക്യൂബയുടെ വിമോചനസമരത്തിന് നേതൃത്വം കൊടുത്ത ഫിദൽ കാസ്ട്രോ തന്നെയാണ് സാമ്രാജ്യത്വം നടത്തുന്ന ഉപരോധത്തിന്റെ കെടുതികളെ ചെറുക്കാനുള്ള കരുത്തും ക്യൂബയ്ക്ക് പകർന്നുകൊടുത്തത്.

ഫിദലിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിൽ യു.എസ് ഉപരോധം കടുത്ത യാതനകളിലാണ് ക്യൂബൻ ജനതയെ തളച്ചിടാൻ ശ്രമിക്കുന്നത്. എണ്ണയോ പ്രകൃതി വാതക നിക്ഷേപമോ ഇല്ലാത്ത ക്യൂബ ഊർജ്ജാവശ്യങ്ങൾക്ക് ഇറക്കുമതിയെ ആശ്രയിക്കുകയാണ്. കടുത്ത ഉപരോധം വൈദ്യുതി ഇല്ലാത്ത ദിനങ്ങളാണ് ക്യൂബൻ ജനതയ്ക്ക് നൽകുന്നത്. ഉന്നതമായ രാഷ്ട്രീയ ബോദ്ധ്യത്തിന്റെ കരുത്തിലാണ് ക്യൂബൻ ജനത ഇത്തരത്തിലുള്ള കൊടിയ ദുരിതങ്ങളെ അഭിമുഖീകരിച്ചു കൊണ്ടുപോലും കീഴടങ്ങില്ല എന്ന് സാമ്രാജ്യത്വ ശക്തികളോട് പ്രഖ്യാപിക്കുന്നത്.

ഈ രാഷ്ട്രീയ പക്വതയും ത്യാഗസന്നദ്ധതയും ക്യൂബൻ ജനതയ്ക്ക് പകർന്നുകൊടുത്തത് ഫിദലും ചെഗുവേരയും മറ്റു ധീരവിപ്ളവകാരികളും രൂപപ്പെടുത്തിയ സാമ്രാജ്യത്വ വിരുദ്ധതയിൽ അടിയുറച്ച സോഷ്യലിസ്റ്റ് ബോധവും മുതലാളിത്ത വ്യവസ്ഥയിലെ അസമത്വങ്ങളേയും ചൂഷണത്തേയും സംബന്ധിച്ച തിരിച്ചറിവുമാണ്.

സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പറുദീസ എന്ന് വാഴ്ത്തപ്പെടുന്ന യു.എസ്.എ കേവലം 80 മൈൽ അരികത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ രണ്ട് സമൂഹങ്ങളേയും താരതമ്യം ചെയ്യുവാൻ വലിയ സാദ്ധ്യതകളുണ്ട്. അമേരിക്കയിൽ അതിസമ്പന്നർ ഒട്ടേറെയുണ്ട്. എന്നാൽ അതിദരിദ്രർ- വിശേഷിച്ച് ആഫ്രിക്കൻ അമേരിക്കക്കാരിൽ ധാരാളം കാണാനാവും. '' Black liver Matter'' പോലുള്ള പ്രസ്ഥാനങ്ങൾ അമേരിക്കയിൽ വ്യാപകമാകുന്നത് നാം കണ്ടു.

വിപ്ളവ നായകന്റെ

നേതൃത്വപാടവം

ഫിദലിന്റെ നേതൃത്വത്തിൽ ക്യൂബയിൽ കരുപിടിക്കപ്പെട്ട സമൂഹത്തിലെ സാമ്പത്തിക സമത്വവും വംശീയ സമത്വവും ഒരു ശുദ്ധവായു പ്രവാഹംപോലെ നിരീക്ഷകരെ ആശ്വസിപ്പിക്കും. ഫിദൽ കാസ്ട്രോ എന്ന അതുല്യനായ വിപ്ളവ നായകന്റെ നേതൃത്വപാടവം പശ്ചിമാർദ്ധ ഗോളത്തിലെ ഏക സോഷ്യലിസ്റ്റ് സമൂഹത്തെ വളർത്തി എടുക്കുന്നതിൽ നിർണായകമായി.

ഫിദൽ കാസ്ട്രോ പാർട്ടിയിലെയും ഭരണത്തിലെയും മുഖ്യ ചുമതലകൾ സ്വയം ഒഴിഞ്ഞതിനുശേഷം ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഗവൺമെന്റിലും രണ്ടും തമ്മിലുള്ള ബന്ധത്തിലും പുതിയ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന ക്യൂബൻ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സമ്മേളനത്തിൽവച്ച് (കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രകമ്മിറ്റിയുടെ ഒന്നാം സെക്രട്ടറിക്ക് രണ്ടുതവണയാണ് (10 വർഷം) പ്രസ്തുത ഉത്തരവാദിത്വത്തിൽ തുടരാൻ കഴിയുക.

രാഷ്ട്രത്തിന്റെ പ്രസിഡന്റിന്റെ ചുമതലയും ഒന്നാം സെക്രട്ടറിക്കാണ്. നാഷണൽ അസംബ്ളി തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രിയും ഇപ്പോൾ ക്യൂബയുടെ ഭരണ നേതൃത്വത്തിന്റെ ഭാഗമാണ്. മാന്വൽ മറേറോയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. ഫിദലിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന നാളുകളിൽ ലോകം അഭൂതപൂർവമായ കുഴമറിച്ചിലുകളിലൂടെ കടന്നു പോവുകയാണ്.

ക്യൂബ അമേരിക്കൻ സി.ഐ.എയുടെയും ട്രംപിയൻ സൈന്യത്തിന്റെയും കഴുത്തറുപ്പൻ ഉപരോധത്തിന്റെയും ഫലമായി കടുത്ത വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണ്.

ഇറാനു നേരെ നടക്കുന്ന കടന്നാക്രമണവും ഗാസയിലെ വംശീയ കൂട്ടക്കുരുതിയും കൂടുതൽ രൂക്ഷവും രക്തപങ്കിലവുമായി മാറുന്നു. യുക്രെയിൻ ശമിക്കാത്ത യുദ്ധക്കെടുതികളിലാണ്.

ഐക്യരാഷ്ട്ര സംഘടന നിഷ്‌ക്രിയമായി ഒരിടപെടലിനും കെൽപ്പില്ലാതെ ഹിറ്റ്ലർ ബാധിതനായ ട്രംപിന്റെ ലോക തെമ്മാടിത്തത്തിന് മുന്നിൽ മിഴിച്ചുനിൽക്കുന്നു.

ഫിദലിന്റെ പോരാട്ടം

പ്രചോദനമാകട്ടെ

ഫിദൽ കാസ്ട്രോയുടെ ഔന്നത്യവും ധീരതയും ഭാവനയും നേതൃപാടവവുമുള്ള ഒരു നേതാവിന് ലോക പൊതുജനാഭിപ്രായമുയർത്തി ഈ സാമ്രാജ്യത്വ ധാർഷ്‌ട്യത്തിനും നിയമ രാഹിത്യത്തിനും ആഗോള ഭീകര വാദത്തിനുമെതിരെ പോരാട്ടത്തിന്റെയും ഐക്യദാർഢ്യത്തിന്റേയും വൻ പ്രതികരണത്തിരമാലകൾ ഉയർത്തിവിടാൻ കഴിയുമായിരുന്നു. ഫിദലിന്റെ അസാന്നിദ്ധ്യം ലോക മാനവരാശി ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് ലോകമെങ്ങുമുള്ള സമാധാനകാംക്ഷികളും സമത്വ സമൂഹത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ പങ്കിടുന്നവരുമായ ജനവിഭാഗങ്ങൾ ചെറുതും വലുതുമായ കൂട്ടായ്മകൾ രൂപപ്പെടുത്തുവാൻ പ്രയത്നിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ആലോചനകൾ ഉണ്ടാകുന്നതിന് വിപ്ളവ നായകനായ ഫിദൽ കാസ്ട്രോയുടെ ജീവിതവും ധീരസാഹസിക പോരാട്ടങ്ങളും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIDAEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY