SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

സിന്ധു നദീജല കരാറിനും അപ്പുറം

c

രാജ്യാതൃത്തികൾ പങ്കിടുന്ന നദികൾ സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉപേക്ഷിക്കുന്ന രാജ്യമല്ല ഇന്ത്യ. പരസ്പരമുള്ള സഹകരണമാണ് ആവശ്യമെന്നതാണ് ഇന്ത്യയുടെ നിലപാട്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല കരാർ കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലേറെക്കാലമായി നിലനിൽക്കുന്നു. 1960ലുണ്ടാക്കിയ ഈ കരാർ വലിയ രഷ്ട്രീയ വൈരുദ്ധങ്ങൾക്കപ്പുറം യുദ്ധത്തെയും സൈനിക സംഘർഷങ്ങളെയും നീണ്ടു നിന്ന നയതന്ത്ര സംത്രാസങ്ങളുടെയും ഇടയ്ക്ക് നിലനിൽക്കുകയാണ്. പരസ്പര ബന്ധങ്ങളിൽ ഉലച്ചിലുകളുണ്ടായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിലനിറുത്താൻ കഴിയുമെന്നതിനു തെളിവുകൂടിയാണിത്. എന്നാലും ഇപ്പോൾ ഈ കരാറിന് മുമ്പെങ്ങുമില്ലാത്ത വിധം ഉലച്ചിൽ സംഭവിക്കുന്നതായി ആശങ്കകൾ ഉടലെടുക്കുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഈ കരാർ മരവിപ്പിക്കാനുള്ള തീരുമാനം ദേശീയ സുരക്ഷ സംബന്ധിച്ച് വിപുലമായ ഒരു പുനരവലോകനത്തിന്റെ സാദ്ധ്യത പ്രതിഫലിപ്പിക്കുന്നു. ഇപ്പോൾ ഇത് കേവലം ജല പരിപാലനത്തിന്റെ വിഷയമല്ല. മറിച്ച് നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നമായി മാറിയിരിക്കുകയാണ്.

ഏറെ വർഷങ്ങളായി സിന്ധു നദീജല കരാറിനെ രാഷ്ട്രീയ സംഘർഷങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയിരുന്നു. സൈനികാക്രമണങ്ങളുണ്ടായ സന്ദർഭങ്ങളിൽപ്പോലും ഇതു പിന്തുടർന്നിരുന്നു. രാഷ്ട സംവിധാനത്തിന്റെയും മേഖലയിലെ സുരക്ഷിതത്വത്തിന്റെയും പ്രശ്നമായാണ് ഇന്ത്യയിലെ ഗവൺമെന്റുകൾ ഇതിനെ കണ്ടിരുന്നത്. ഈ സമീപനം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്തു.

ദക്ഷിണേഷ്യയിലെ നയതന്ത്ര പരിസ്ഥിതി 1960ലേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതൃത്തി കടന്നുള്ള ഭീകരപ്രവർത്തനം സ്ഥിതിഗതികൾ സാധാരണ നിലയിലാക്കുന്നതിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പരിഹാരം സമാധാന ചർച്ചകൾ മാത്രമാണ്. ഇതിന്റെ അർത്ഥം പാകിസ്ഥാനിലെ സാധാരണ ജനങ്ങൾക്ക് വെള്ളം നിഷേധിക്കുക എന്നതല്ല. ഇന്ത്യ ഉത്തരവാദിത്വമുള്ള നദീ തീര ഉടയാണെന്ന് ആ വർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്. രാജ്യാതൃത്തികൾ പങ്കിടുന്ന നദികൾ സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉപേക്ഷിക്കുന്ന രാജ്യവുമല്ല ഇന്ത്യ. പരസ്പരമുള്ള സഹകരണമാണ് ആവശ്യമെന്നതാണ് ഇന്ത്യയുടെ നിലപാട്.

ഇരു രാജ്യങ്ങളും വികസനത്തിൽ ഊന്നിയാണ് കരാർ സംബന്ധിച്ച കൂടിയാലോചനകൾ നടത്തിയത്. അപ്പോൾ വെള്ളം പങ്കുവയ്ക്കപ്പെടേണ്ടതാണെന്ന ധാരണയാണുണ്ടായിട്ടുള്ളത്. പതിറ്റാണ്ടുകളായി ഇതിൽ ഇന്ത്യയ്ക്കുള്ള ന്യായമായ അവകാശങ്ങൾ ഉപയോഗിക്കുന്നതിൽപ്പോലും നിയന്ത്രണം പാലിച്ചിരുന്നു. അനുവദനീയമായ ജലസംഭരണവും ജലവൈദ്യുത പദ്ധതികളും വരെ മന്ദഗതിയിലാക്കുകയോ,പലതും വൈകിപ്പിക്കുകയോ ചെയ്തിരുന്നു. ഇതിനിടയിൽ ഇന്ത്യൻ പദ്ധതികളുമായി ബന്ധപ്പെട്ട സാങ്കേതിക വിയോജിപ്പുകളും ചില നിയമക്കുരുക്കുകളും നയതന്ത്ര തർക്കങ്ങളും സൃഷ്ടിച്ചിരുന്നു.

ഇന്ത്യൻ സമ്പദ് ഘടന വികസിച്ചതോടെ ജലലഭ്യതയും വർദ്ധിച്ചു. ഉയരുന്ന നഗരവത്കരണം,വ്യവസായ വികസനം,കാലാവസ്ഥാ വ്യതിയാനം,കാർഷികാവശ്യങ്ങൾക്ക് ഏറെ ജലം വേണ്ടി വരുന്നത് എന്നിവയെല്ലാം ലഭ്യമായ ജലം ബുദ്ധിപൂർവം കൈകാര്യം ചെയ്യേണ്ടതാണെന്ന അവസ്ഥയുണ്ടാക്കി. ഹിമാലയത്തിലെ മേഘവിസ്ഫോടനങ്ങളും മഴയുടെ മാറിയ രീതികളും പ്രവചിക്കാനാവാത്ത കാലാവസ്ഥയുമൊക്കെ ജലം കൈകാര്യം ചെയ്യുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ട് 1960ൽ കരാർ സംബന്ധിച്ച കൂടിയാലോചനകൾ നടത്തിയവർക്ക് കാണാൻ കഴിയാതിരുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഭാവി സഹകരണത്തെക്കുറിച്ച് ആലോചിക്കാൻ.

ജലസുരക്ഷയിൽ കൂടുതൽ അയവേറിയ സമീപനം വേണം. 1960 ലേതിനേക്കാൾ സാങ്കേതിക മികവും സ്വീകാര്യമായ ആസൂത്രണവും ആവശ്യമാണ്. ഇക്കാര്യത്തിൽ രൂപപ്പെട്ടു വരുന്ന ഇന്ത്യയുടെ നിലപാട് വിശാലമായ ആഗോള പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്. ദേശീയ അഭിവൃദ്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്ന് ഗവൺമെന്റുകൾ ഇത്തരം പ്രശ്നങ്ങളെ വിലയിരുത്തുന്നത്. 21-ാം നൂറ്റാണ്ടിലെ തന്ത്ര പ്രധാനമായ സംഗതിയാണ് ജലം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നയതന്ത്ര ദാർഢ്യവും രാജ്യാന്തര ഉത്തരവാദിത്വവും നോക്കേണ്ടതുമുണ്ട്. ഇന്ത്യയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനൊപ്പം രാജ്യത്തിന്റെ മാനവികമായ പരിഗണനകൾ കൂടി ഉറപ്പാക്കണം.

പാകിസ്ഥാനാകട്ടെ ഇരു രാജ്യങ്ങൾക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനപ്പുറം പല വെല്ലുവിളികളും നേരിടുന്നുണ്ട്. കാലപ്പഴക്കം വന്ന ജലസേചന സംവിധാനങ്ങൾ,ജലസംഭരണത്തിലെ പാളിച്ച, ഭൂഗർഭജലത്തിന്റെ കുറവ്, കാർഷികവൃത്തിയിലെ കൃത്യതയില്ലായ്മ എന്നിവയാണ് ആ വെല്ലുവിളികൾ.ഘടനാപരമായ ഈ വെല്ലുവിളികൾ പാകിസ്ഥാനെ വിഷമിപ്പിക്കുന്നുണ്ട്.

പുറമേ നിന്നുള്ള കാര്യങ്ങളെ പഴിചാരൽ ആഭ്യന്തരമായി നടത്തേണ്ട പരിഷ്കാരങ്ങൾക്കു പകരമാവില്ല

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം ആധ്യനിക ജലസേചനം, നദീതട മാനേജ്മെന്റ്, ജല സംരക്ഷണം, ജലവൈദ്യുത പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ട സാഹചര്യമാണ്. കാലാവസ്ഥാ സമ്മർദ്ദങ്ങൾ ശക്തിപ്പെടുമ്പോൾ, നിലവിലെ സൗകര്യങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കേണ്ടതുമുണ്ട്.

അത്യന്തികമായി,സിന്ധു നദീജല കരാർ സംബന്ധിച്ച ചർച്ചകൾ ഒരു ദ്വിരാഷ്ട്ര കരാറിനേക്കാളും പ്രധാനപ്പെട്ടതാണ്. മാറി വരുന്ന ദേശീയ സുരക്ഷയും സാമ്പത്തിക നയവും സംബന്ധിച്ച പ്രശ്നങ്ങളുടെ പ്രതിഫലനം കൂടിയാണ്. ഇനി വെള്ളത്തെ ഒരു പരിസ്ഥിതി പ്രശ്നമോ സാങ്കേതിക പ്രശ്നമോ ആയി കാണാനാവില്ല. സ്വാസ്ഥ്യപ്രാപ്തിയുടെ പ്രശ്നങ്ങളിൽ നിന്നു വേർതിരിക്കാനാവാത്തതാണ്.

അതുകൊണ്ട്, പാക് അധിനിവേശ കാശ്മീരിലെ പ്രതിഷേധങ്ങൾ കേവലം പ്രാദേശികമായ രാഷ്ട്രീയ പ്രശ്നം മാത്രമല്ല. ഭരണ സംവിധാനം പ്രസക്തമാണെന്നാണ് അതു പറയുന്നത്. അന്താരാഷ്ട്ര തലത്തിലെ ആഖ്യാനങ്ങൾ വാർത്താ തലക്കെട്ടുകളിൽ ഇടം പിടിച്ചേക്കാം. എന്നാൽ അവിടത്തെ ജനങ്ങളുടെ ദൈനം ദിന ജീവിതാനുഭവങ്ങളാണ് ഗവൺമെന്റുകളുടെ വിശ്വാസ്യത സൃഷ്ടിക്കുന്നത്. പാകിസ്ഥാന്റെ ഇപ്പോഴത്തെ വെല്ലുവിളി പാക് അധിനിവേശ കാശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതു മാത്രമല്ല, അസ്വസ്ഥത ഉളവാക്കുന്ന അവിടത്തെ ഭരണ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുക എന്നതു കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDUS WATER TREATY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY