SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

ഓർമ്മയിലെ ഉരുൾ, പെട്ടിമുടിയുടെ കണ്ണീർ

pettimudi

2020ആഗസ്റ്റ് 6. ആനമുടിയുടെ മടിത്തട്ടിൽ തണുപ്പ് പുതച്ചുറങ്ങിയ പെട്ടിമുടി എന്ന സുന്ദര താഴ്വാരം ഉറക്കത്തിലാണ്. തോരാതെ പെയ്യുകയാണ് ആ കറുത്ത മഴ. ആ മഴ അവസാനിക്കുന്നത് നിലയ്ക്കാത്ത നിലവിളിയിലേക്കാണ്. ഇരവികുളത്തിന്റെ വനാതിർത്തിയിൽ നിന്ന് ഇടിത്തീ പോലെ പാഞ്ഞെത്തിയ ഉരുളും ഒരു രാത്രികൊണ്ട് അവിടെ ബാക്കിവെച്ചത് ശ്മശാനമൂകത. മൂന്നാറിന്റെ ആ കറുത്ത വെള്ളിയാഴ്ചയ്ക്ക് ആറ് വയസ്. ഓർമ്മകളുടെ അടിത്തട്ടിൽ നിന്ന് ഇപ്പോഴും ഒരു നിലവിളി ഉയരുന്നുണ്ട്—ഉറ്റവരും ഉടയവരും ആഴത്തിൽ ആണ്ടുപോയ ആ പ്രളയമണ്ണിന്റെ മണമുള്ള നിലവിളി.

തൊഴിലാളികൾ തങ്ങളുടെ കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് ഉറങ്ങാൻ കിടന്ന ലയങ്ങളിലേക്കാണ് കല്ലും ചെളിയും പ്രളയജലവും ഇരമ്പിയാർത്തത്. 22 കുടുംബങ്ങൾ ഉണ്ടായിരുന്നിടത്ത് 14 കുടുംബങ്ങളും ഒറ്റനിമിഷം കൊണ്ട് ഭൂമുഖത്തുനിന്ന് ഇല്ലാതായി. ഒമ്പത് മണിക്കൂറുകളോളം ആ ദുരന്തഭൂമി പുറംലോകമറിയാതെ കണ്ണീരിൽ മുങ്ങിക്കിടന്നു. പ്രകൃതി ദുരന്തത്തിന് വഴിയൊരുക്കുക മാത്രമല്ല ചെയ്തത്, വാർത്തകൾ പുറത്തെത്തിക്കാനുള്ള വഴികളും വെളിച്ചവും വാർത്താവിനിമയ സംവിധാനങ്ങളും പെരിയവരയിലെ പാലവുമെല്ലാം ഒരുപോലെ തകർത്തെറിഞ്ഞിരുന്നു. അവരുടെ വിലാപം ആരും കേട്ടില്ല. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ വനാതിർത്തിയിൽപ്പെട്ട പ്രദേശത്ത് നിന്നാണ് ഉരുൾപൊട്ടിയത്. അവിടെ നിന്ന് രണ്ടു കിലോമീറ്റർ താഴേക്ക് പതിച്ചാണ് അത് പെട്ടിമുടിയെ ദുരന്തഭൂമിയാക്കിയത്. ഇരവികുളം ദേശീയ ഉദ്യാനത്തിന് താഴെ കെ.ഡി.എച്ച്.പി കമ്പനിയുടെ തേയില തോട്ടങ്ങളാണ്. ഇതിനും താഴെയാണ് തൊഴിലാളികളുടെ ലയങ്ങൾ. മുകളിൽ നിന്ന് തോട്ടത്തിലൂടെ കടന്നുപോകുന്ന നീർച്ചാലുണ്ട്. ഇത് ലയങ്ങൾക്ക് സമീപത്തുകൂടെ പോയി താഴെ പെട്ടിമുടി പുഴയിലാണ് ചേരുന്നത്. ദുരന്തത്തിന് മുമ്പുള്ള നാല് ദിവസം തുടർച്ചയായി വനത്തിലും തേയില തോട്ടത്തിലും ശക്തമായ മഴയായിരുന്നു. വ്യാഴാഴ്ച രാത്രി ഈ നീർച്ചാൽ വഴിയാണ് ഉരുൾപൊട്ടി താഴേക്കൊഴുകിയത്.

പുറംലോകമറിയാൻ വൈകി

നല്ല മഴയും തണുപ്പുമായതിനാൽ പെട്ടിമുടി ലയത്തിലുള്ളവർ രാത്രി ആഹാരം കഴിച്ച ശേഷം നേരത്തെ ഉറക്കം പിടിച്ചിരുന്നു. രാത്രി വലിയൊരു മുഴക്കത്തോടെ ഉരുളെത്തി. ഈ വിവരം പുറം ലോകമറിയാൻ വേണ്ടി വന്നത് ഒമ്പത് മണിക്കൂർ. രക്ഷാപ്രവർത്തകർ എത്തുമ്പോഴേയ്ക്കും പിന്നെയും രണ്ട് മണിക്കൂർ പിന്നിട്ടു. വ്യാഴാഴ്ച രാത്രി 10.45 ന് നടന്ന അപകടം അധികൃതർ അറിയുന്നത് പിറ്റേന്ന് രാവിലെ എട്ടിനാണ്. പൊലീസ്, റവന്യൂ അധികൃതർ അവിടെ എത്തുമ്പോഴേക്കും പത്ത് മണിയായി. മൂന്ന് ദിവസം തുട‌ർച്ചയായി മഴയായതിനാൽ പെട്ടിമുടി ഉൾപ്പെടുന്ന രാജമല മേഖലയിൽ വൈദ്യുതിയില്ലായിരുന്നു. ഫോൺ അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങളും തടസപ്പെട്ടു. ടാറ്റായുടെ കീഴിലുള്ള കെ.ഡി.എച്ച്.പി കമ്പനിയുടെ ഫീൽഡ് ഓഫീസർ പതിവ് സന്ദർശനത്തിനിറങ്ങിയപ്പോഴാണ് പെട്ടിമല ദുരന്തഭൂമിയായി മാറിയത് കണ്ടത്.

ആദ്യമെത്തിയത് തോട്ടം തൊഴിലാളികൾ

പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് ആദ്യം സഹായത്തിന്റെ കരങ്ങൾ നീട്ടിയെത്തിയത് അര കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ മറ്റ് തൊഴിലാളികൾ. വൻ ശബ്ദം കേട്ടാണ് ഇവർ ഓടിയെത്തുന്നത്. അപ്പോഴേക്കും തങ്ങളുടെ ബന്ധുക്കളും സഹപ്രവർത്തകരുമായവർ മണ്ണിനടിയിൽ പെട്ടിരുന്നു. പുതഞ്ഞു പോകുന്ന മണ്ണിലേക്ക് ആദ്യമിറങ്ങാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ അവർക്ക് കാത്തിരിക്കേണ്ടി വന്നു. വെട്ടം വീണ ശേഷം രാവിലെ ആറോടെയാണ് ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞത്. പാതി ശരീരം മണ്ണിനടിയിലായി പോയ രണ്ടു പേരെ രക്ഷിച്ചെടുത്തതും ഇവരായിരുന്നു. പാലം തകർന്നത് തടസമായി മൂന്നാറിൽ നിന്ന് മറയൂരിലേക്കുള്ള റോഡിൽ മൂന്നാർ ടൗണിന് സമീപം മുതിരപ്പുഴയാറിന് കുറുകെയുള്ള പെരിയവരയിലെ താത്കാലിക പാലം തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. പാലം കടന്ന് മറയൂർ റൂട്ടിൽ അഞ്ചാം മൈലിൽ നിന്ന് തിരിഞ്ഞ് ഇടമലക്കുടിയിലേക്ക് പോകുന്ന പാതയിലാണ് പെട്ടിമുടി. പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും അഗ്നി രക്ഷാ സേനയ്ക്കും എത്താനായില്ല.

പരിമിതമായ സൗകര്യങ്ങൾ

പുതുതായി പണിയുന്ന പാലത്തിലൂടെ മറുകരയെത്തി അവിടെ നിന്നുള്ള പരിമിത സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയത്. പരിക്കേറ്റവരെ ജീപ്പിലെത്തിച്ച് പാലത്തിന് മറുകരയിലേക്ക് ചുമന്ന് കൊണ്ടുവന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പാലത്തിന് ഇപ്പുറത്ത് മൂന്നാർ ഭാഗത്ത് ആംബുലൻസുകൾ ഇതിനായി ഒരുക്കി നിറുത്തി. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും മറുകരയെത്താൻ ബുദ്ധിമുട്ടി. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. ആദ്യം ദുരന്തത്തിൽ അകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപ്പെടുത്താനായി. തുടർ രക്ഷാപ്രവർത്തനത്തിൽ പൊലീസും ദേശിയ ദുരന്ത നിവാരണ സേനയും ചേർന്നതോടെ തിരച്ചിൽ പ്രവർത്തനം ഊർജ്ജിതമായി. അവസാന ദിനങ്ങളിൽ ഏറ്റവും ദുർഘടമായ പെട്ടിമുടി പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. പുഴയിലൂടെ ഒഴുകി പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ നിന്ന് വരെ കണ്ടെത്തി. ആകെ 66 മൃതദേഹങ്ങൾ കണ്ടെടുത്തു. കണ്ടെത്താനാകാത്ത നാല് പേരും മരിച്ചതായി സർക്കാർ ഉത്തരവിറക്കി.

മറക്കാനാകില്ല ഈ മിണ്ടാപ്രാണികളെ

കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായ ഏവരുടെയും കരൾ അലിയിക്കുന്ന കാഴ്ചയായി. ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതോടെ കുവി താരമായി. പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ പത്ത് മാസം മാത്രം പ്രായമുള്ള ലില്ലി മണ്ണിനടിയിൽ നിന്ന് 15 പേരുടെ മൃതദേഹം കണ്ടെത്തി.

കേന്ദ്രസഹായം മാത്രം കിട്ടിയില്ല

70 പേരുടെ ജീവൻ നഷ്ടമായ പെട്ടിമുടി ദുരന്തത്തിന് ആറ് വർഷം തികയുമ്പോഴും മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയും ലഭ്യമായില്ല. രണ്ട് ലക്ഷം രൂപയായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് കേരള സർക്കാർ അഞ്ച് ലക്ഷവും തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷവും പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ധനസഹായം കിട്ടിയെങ്കിലും കേന്ദ്രസഹായം ഇതുവരെ ലഭിച്ചില്ല. എട്ടു പേർക്ക് കുറ്റിയാർവാലിയിൽ സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിൽ കണ്ണൻദേവൻ കമ്പനി വീട് നിർമ്മിച്ചു നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY