
ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയ മഹാത്മാക്കളുടെ മാർഗദർശിയായ തൈക്കാട് അയ്യാഗുരുവിന്റെ 117-ാമത് സമാധി വാർഷിക ദിനമാണ് ഇന്ന്.
ജ്ഞാനോപദേശത്തിനുള്ള ഒരു മാർഗമായി കർമ്മത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച മഹാത്മാവായിരുന്നു തൈക്കാട് അയ്യാഗുരു. കാവിവസ്ത്രം ധരിക്കാതെ, തപഃസ്ഥാനങ്ങൾ തിരയാതെ കേവലം ഗൃഹസ്ഥാശ്രമിയായിരുന്നുകാെണ്ട് ഏതൊരാൾക്കും ആദ്ധ്യാത്മികതയുടെ അത്യുന്നത ശൃംഗത്തിലെത്താൻ കഴിയും. അതിന് ജാതി-മത-വർഗ വർണങ്ങളോ, സാമ്പത്തിക പശ്ചാത്തലങ്ങളോ പ്രതിബന്ധമായി നിൽക്കുന്നില്ലെന്നും അദ്ദേഹം പഠിപ്പിച്ചു. ഏകാത്മബോധത്താൽ എല്ലാ മതങ്ങളുടെയും സാരം ഒന്നെന്നു കണ്ട ആ സായൂജ്യജീവിതം സമകാലികർ കണ്ടതും, അനുഭവിച്ചതും ആരാധിച്ചതും അതീവഭയഭക്തി ബഹുമാനത്തോടെയായിരുന്നു.
ആത്മൈക്യ ബോധത്തിന്റെ പ്രകാശം ഒരു വിളക്കിൽനിന്ന് മറ്റൊരു വിളക്കിലേക്കെന്നപോലെ പകർന്നു നൽകിയ അയ്യാഗുരുവിന് ബൃഹത്തായൊരു ശിഷ്യ സമ്പത്തുണ്ടായിട്ടും ഏതെങ്കിലുമൊരു ആത്മീയ സംഘടനയ്ക്ക് രൂപം നൽകാനോ, സ്വന്തമായൊരു ആശ്രമം സ്ഥാപിക്കാനോ അദ്ദേഹം മുതിർന്നില്ല. സാധനാ സമ്പന്നരായ അവരെ സ്വന്തം ഇച്ഛയ്ക്കൊത്ത് പ്രവർത്തിക്കാൻ അനുവദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അങ്ങനെ പരിപൂർണ നിശ്ചയം നേടി ആത്മാനന്ദത്തിൽ മുഴുകുമ്പോഴും തനിക്ക് ചുറ്റും കണ്ട അസമത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിരന്തരം പോരാടിയവരിൽ പ്രമുഖരായിരുന്നു
ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കൾ. അവരെ ശാസ്ത്ര വിധിപ്രകാരം യോഗവിദ്യ അഭ്യസിപ്പിച്ചതുവഴി യോഗാഭ്യാസത്തിന്റെ പരമഗുരുവായും അദ്ദേഹം ശോഭിച്ചു.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്ന ഒരു ജനവിഭാഗത്തിന്റെ സമരനായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന അയ്യൻകാളിയും തൈക്കാട് അയ്യാഗുരുവിന്റെ അനുഗ്രഹാശിസുകൾക്കു പാത്രമായി. ഇവർക്ക് പുറമേ ആദ്ധ്യാത്മിക നിലയിൽ അത്യുന്നത നില പ്രാപിച്ച കൊല്ലത്തമ്മ, തക്കല പീർമുഹമ്മദ്, പേട്ടയിൽ ഫെർണാണ്ടസ് തുടങ്ങിയവരും സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരളവർമ്മ വലിയകോയിത്തമ്പുരാൻ, എ.ആർ.രാജരാജവർമ്മ, മനോന്മണീയം സുന്ദരംപിള്ള തുടങ്ങിയ മഹാരഥന്മാരുടെയും മാർഗദർശിയായി വർത്തിച്ചതും അയ്യാഗുരുവായിരുന്നു.
വേദാന്തപണ്ഡിതനും തമിഴ് ഗ്രന്ഥകർത്താവും പരമഭക്തനുമായിരുന്ന മുത്തുകുമാരന്റെയും രുക്‌മിണി അമ്മാളുടെയും മകനായി 1814ൽ ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സുബ്ബരായൻ എന്നായിരുന്നു പേര്. ബാല്യം മുതൽക്കേ ആദ്ധ്യാത്മിക മാർഗത്തിൽ അതീവ തത്പരനായിരുന്നു. ഒരു ശിവരാജയോഗി എന്ന നിലയിലാണ് വളരെ ചെറുപ്പത്തിലെ അദ്ദേഹം അറിയപ്പെട്ടത്. ആയില്യം തിരുനാളിന്റെ കാലത്ത് 1873ലാണ് തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. തൈക്കാട് സ്ഥിരതാമസം തുടങ്ങിയതോടെ സാധാരണക്കാരും പൗരമുഖ്യന്മാരും അദ്ദേഹത്തെ ബഹുമാന പുരസരം 'തൈക്കാട് അയ്യാഗുരു' എന്ന് വിളിക്കാൻ തുടങ്ങി.
പുതിയ റസിഡൻസി മാനേജരുടെ വേദാന്ത പാണ്ഡിത്യവും ആദ്ധ്യാത്മികാഭിമുഖ്യവും യോഗവിദ്യാ വിശാരദത്വവും സിദ്ധിവൈഭവവും വഴിയേ മനസിലാക്കിയ തിരുവിതാംകൂർ രാജകുടുംബം അദ്ദേഹത്തെ ഗുരുതുല്യം ആദരിച്ചു ബഹുമാനിക്കുകയും ചെയ്തു. 1873ൽ തുടങ്ങി 36 വർഷം തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം ഔദ്യോഗിക ജീവിതം നയിച്ചു. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ തുടങ്ങിയ മഹാരാജാക്കന്മാരുടെ കാലങ്ങളോളം ദൈർഘ്യംനിന്ന ഔദ്യോഗിക ജീവിതം. 1909ൽ 95-ാം വയസിൽ അതിന് വിരാമം കുറിക്കാൻ അദ്ദേഹം തീരുമാനിച്ചു.
രാജസന്നിധിയിൽ ചെന്ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് താൻ ഉദ്യോഗത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായും അടുത്ത ചൊവ്വാഴ്ച 'ഈ സ്ഥിതിയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാൻ' നിശ്ചയിച്ചിരിക്കുന്നതായും അറിയിച്ചു. യോഗശാസ്ത്രമനുസരിച്ച് സമാധിയടയുന്നതിന് ഏഴുദിവസം മുമ്പേ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഏഴാം ദിവസം 'കർപ്പൂര ദീപാരാധന' എന്ന് അനുചരനോട് കല്പിച്ചു. പിന്നീട് പത്മാസനത്തിലിരുന്ന് ഗുരുപൂജ സ്തോത്രം ചൊല്ലി ധ്യാനത്തിലാണ്ടു.
ധ്യാനമുണർന്ന അയ്യാസ്വാമികൾ താൻ ദർശിച്ച കർപ്പൂര ആരതിയിൽ നിന്നുതിർന്ന ദീപജ്യോതിസിലേക്ക് തന്റെ ആത്മജ്യോതിസിനെ ലയിപ്പിച്ച് പരമാത്മാവിൽ വിലയം പ്രാപിച്ചു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊല്ലവർഷം 1084 കർക്കടകം മകം നക്ഷത്രത്തിൽ അയ്യാസ്വാമികൾ മഹാസമാധിയായി. തന്റെ ഇംഗിതപ്രകാരം തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിന്റെ വടക്കുകിഴക്കരികിലാണ് അദ്ദേഹത്തിന്റെ മഹാസമാധി സ്ഥാനം.
(ലേഖകന്റെ ഫോൺ: 9048771080)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |