SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

അടുക്കളയിലും വിപ്ലവം സൃഷ്ടിച്ച ശാസ്ത്രജ്ഞൻ

a

1987 ഒക്ടോബർ 15ലെ പ്രഭാതം. തിരുവനന്തപുരത്തൊരു ട്രെയിനെത്തി. കൈയിൽ പുസ്തകങ്ങളും ശാസ്ത്ര ബോധവത്കരണ പോസ്റ്ററുമായി ആയിരത്തോളം ശാസ്ത്രപ്രവർത്തകർ. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നൊരാൾ വിളിച്ച് ചോദിച്ചു- 'എം.പീ, ആയിരം പേർക്ക് മൂന്ന് ദിവസത്തേക്കുള്ള നാരങ്ങാവെള്ളം ഉണ്ടാക്കിയതിന്റെ തൊണ്ട് ഒരുപാടുണ്ട്, എന്തുചെയ്യും?' മുഷിഞ്ഞ ബനിയനും ലുങ്കിയുമണിഞ്ഞ്, ആൾക്കൂട്ടത്തിന് മദ്ധ്യേനിന്ന കുറിയ മനുഷ്യൻ ഒട്ടും ആലോചിച്ചില്ല: 'അതെല്ലാം ചേർത്ത് ഒന്നാന്തരം നാരങ്ങ അച്ചാറുണ്ടാക്കാം!' ഡോ. എം.പി.പരമേശ്വരനെന്ന ശാസ്ത്രജ്ഞനായിരുന്നു അത്.

മുഖ്യമന്ത്രിയായിരുന്ന നായനാർ പച്ചക്കൊടി കാണിച്ചതോടെ ആ ശാസ്ത്രവണ്ടി ഭോപ്പാലിലേക്ക് കുതിച്ചു. ഭോപ്പാൽ ദുരന്തം യാദൃച്ഛിക അപകടമല്ലെന്നും കോർപ്പറേറ്റ് മുതലാളിത്തം നടത്തിയ കൂട്ടക്കൊലയാണെന്ന് കാണിച്ചുകൊടുക്കുകയും ശാസ്ത്രവും ശാസ്ത്രാവബോധവും സാധാരണക്കാരിലേക്ക് എത്തിക്കുകയുമായിരുന്നു ലക്ഷ്യം. ഭോപ്പാൽ ദുരന്തത്തെ ലോകം പിന്നീട് കോർപ്പറേറ്റ് കൂട്ടക്കൊലയെന്ന് വിളിച്ചപ്പോൾ ആ ശാസ്ത്ര ട്രെയിനും നേതൃത്വം നൽകിയ എം.പിയും ചരിത്രത്തിലിടം പിടിച്ചു. ഇത്രയേറെ ശാസ്ത്ര ബോധവത്കരണം നടത്തുന്ന പ്രവർത്തകർ ഒന്നിച്ചൊരു ട്രെയിനിൽ സഞ്ചരിച്ച ജനകീയ പ്രതിരോധം മറ്റൊന്നുണ്ടായിട്ടില്ല.

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞ പദവിയും മോസ്‌കോയിലെ ന്യൂക്ലിയർ എൻജിനിയറിംഗ് ബിരുദവും ഉപേക്ഷിച്ചാണ് എം.പി.പരമേശ്വരൻ പുതുവഴി തിരഞ്ഞെടുത്തത്. ശാസ്ത്രം സാധാരണക്കാരന്റെ അടുക്കളയിലും ജീവിതത്തിലും പ്രതിഫലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ വലിയൊരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതും എം.പിയായിരുന്നു.


പുതിയ ഗ്രാമം, പുതിയ ലോകം

ഗാന്ധിയൻ ഗ്രാമസ്വരാജ് സങ്കൽപ്പങ്ങളെയും മാർക്‌സിസ്റ്റ് വികേന്ദ്രീകരണത്തെയും സമന്വയിപ്പിച്ച് എം.പി 'നാലാം ലോക സിദ്ധാന്തം' അവതരിപ്പിച്ചു. പാർട്ടിയിൽനിന്ന് പുറത്തുപോകേണ്ടി വന്നെങ്കിലും ആശയപരമായ നിലപാടുകളിൽ ഒട്ടും പതറിയില്ല. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള 'കേര സൗഭാഗ്യ', 'അന്ന സൗഭാഗ്യ', 'ക്ഷീര സൗഭാഗ്യ' തുടങ്ങിയ പദ്ധതികളിലൂടെ സ്വയംപര്യാപ്ത ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശയപ്രചാരണം നടത്തി.


പുകയില്ലാത്ത അടുപ്പ്

പുക തുപ്പുന്ന വിറകടുപ്പുകളിൽ നിന്ന് വീട്ടമ്മമാരെ മോചിപ്പിക്കാൻ എം.പി.പരമേശ്വരൻ രൂപകൽപ്പന ചെയ്ത 'പുകയില്ലാത്ത അടുപ്പ്' വിപ്ലവമായി. എൺപതുകളിൽ മദ്ധ്യകേരളത്തിലും പിന്നീട് കേരളമെമ്പാടും പ്രചാരംനേടിയ ആ ശാസ്ത്ര അടുപ്പ് ഇന്നും അടുക്കളകളിൽ വീട്ടമ്മമാർക്ക് കൂട്ടായുണ്ട്. ഒരൊറ്റ വർഷംകൊണ്ട് കേരളത്തെ സമ്പൂർണ സാക്ഷരമാക്കാമെന്ന എം.പിയുടെ വാക്കുകൾ അസാദ്ധ്യമെന്ന് പറഞ്ഞ് പലരും തള്ളിയെങ്കിലും യാഥാർത്ഥ്യമായി. 'ഭാരത് ഗ്യാൻ വിഗ്യാൻ സമിതി'യിലൂടെ രാജ്യത്തുടനീളം ഈ സാക്ഷരതാ മാതൃക പടരുകയാണ്. ശാസ്ത്രം പാട്ടായും നാടകമായും ഗ്രാമവീഥികളിൽ ഇടംപിടിച്ചതും എം.പിയുടെ ചിന്തകളിൽ നിന്നായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY