SignIn
Kerala Kaumudi Online
Friday, 24 July 2026 3.46 AM IST

തസ്ലിമ തിരികെ എത്തുമ്പോൾ

1

'ലജ്ജ' എന്ന ഗ്രന്ഥം തസ്ലിമ നസ്രിന്റെ അനേകം സൃഷ്ടികളിൽ ഒന്നു മാത്രമാണ്. നാൽപ്പതിലേറെ പുസ്തകങ്ങൾ അവരുടേതായുണ്ട്. അവയിൽ പലതും മുപ്പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബംഗാളി ഭാഷയിൽ ഈ ബംഗ്ലാദേശുകാരി രചിച്ച 'ലജ്ജ' ഇംഗ്ലീഷ് ഉൾപ്പെടെ ചില ഭാഷകളിലേക്ക് കൂടി മൊഴി മാറ്റി പുറത്തിറക്കി. വ്യാപകമായി വായിക്കപ്പെട്ട, അതിലേറെ ചർച്ച ചെയ്യപ്പെട്ട 'ലജ്ജ'യുടെ പ്രകാശനത്തിനുശേഷം തസ്ലിമയ്ക്ക് പ്രശ്നങ്ങളും പ്രതിസന്ധികളും തന്നെ ആയിരുന്നു ജീവിതത്തിൽ.

മാതൃരാജ്യമായ ബംഗ്ലാദേശിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. അത് 1994ൽ. തുടർന്ന്, ഇംഗ്ലണ്ടിലും ജർമ്മനിയിലും ഫ്രാൻസിലും വടക്കേ അമേരിക്കയിലും മറ്റും മാറി മാറി അജ്ഞാത വാസം. അവർ പിന്നെ അഭയം തേടിയത് ഭാരതത്തിൽ. ആദ്യം ഡൽഹിയിലും പിന്നെ കൊൽക്കത്തയിലും തസ്ലിമ പറ്റിക്കൂടാൻ ശ്രമിച്ചു. അവിടെയൊന്നും അവർക്ക് സ്വസ്ഥതയോ സ്വാതന്ത്ര്യമോ ലഭിച്ചില്ല. ജീവന് ഭീഷണി ഉയർന്നു. ആസൂത്രിതമായ ആക്രമണങ്ങൾ അനവധി. ഒടുവിൽ കൊൽക്കത്തയിൽ നിന്നും, പശ്ചിമ ബംഗാളിൽ നിന്നുതന്നെയും 'ഭ്രഷ്ട്' കൽപ്പിക്കപ്പെട്ട തസ്ലിമയ്ക്ക് പൗരത്വം നൽകി അഭയം അരുളിയത് സ്വീഡൻ.

ആഗോള പ്രശസ്തി നേടിയ ഈ എഴുത്തുകാരിക്ക് പരിരക്ഷ നൽകാൻ ഇന്ത്യക്ക് ആയില്ല എന്നതും, സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും രാജ്യ തലസ്ഥാനമെന്ന് നാം അഭിമാനിക്കുന്ന കൊൽക്കത്തയിൽപോലും അവർക്ക് തങ്ങാൻ കഴിഞ്ഞില്ലെന്നതും, ഇന്ത്യക്കാർക്ക് പൊതുവേയും ബംഗാളികൾക്ക് പ്രത്യേകിച്ചും, ഏറെ ലജ്ജാകരം.

തസ്ലിമ തന്റെ പതിമൂന്നാം വയസിൽ എഴുതി തുടങ്ങി. കവിതകളും, കഥകളും നോവലുകളും അവർ എഴുതിക്കൂട്ടി. ആവേശത്തോടെ, അങ്ങേയറ്റത്തെ അമർഷത്തോടെ. തനിക്ക് ചുറ്റും കണ്ടുവരുന്നതിനെ കുറിച്ചാണ് അവർ എഴുതിയത്. സ്ത്രീപീഡനം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം, അന്യമത വിശ്വാസികൾക്ക് നേരെയുള്ള അക്രമം. അതിനെ ഒക്കെ വിമർശിച്ച് വീണ്ടും വീണ്ടും തസ്ലിമ എഴുതി. ഇപ്പോൾ പ്രായം അറുപത്തിയഞ്ച്. ഡാക്കയിൽ ഒരു 'ഗൈനക്കോളജിസ്റ്റ്' ആയി സേവനം അനുഷ്ഠിച്ചുവന്ന തസ്ലിമ, ആ തൊഴിൽ ഉപേക്ഷിച്ച് മുഴുവൻ സമയവും എഴുത്തിനു വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു.

തസ്ലിമ നസ്രിൻ തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം, 'ദ്വിഖോന്തിതൊ' പ്രസിദ്ധപ്പെടുത്തിയത് 1998ൽ. അഞ്ചു വർഷത്തിന് ശേഷമാണ് പശ്ചിമ ബംഗാൾ സർക്കാർ ആ ഗ്രന്ഥം നിരോധിച്ചത്. പുരോഗമനപരമായ ആ പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തിയത് ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ. പ്രസാധകരുടെ പരാതിയെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി നിരോധനം 2005ൽ റദ്ദാക്കി.

കേന്ദ്ര സർക്കാർ 2004ൽ നൽകിയ താത്കാലിക താമസാനുമതിയുടെ ബലത്തിലാണ് തസ്ലിമ കൊൽക്കത്തയിൽ തങ്ങാൻ തുടങ്ങിയത്. പുസ്തക രചനയ്ക്ക് പുറമെ, ബംഗാളി ആനുകാലികങ്ങളിൽ അവർ പതിവായി പംക്തി എഴുതാൻ ആരംഭിച്ചു. മതമൗലിക വാദികൾക്ക് ആ രചന പിന്നെയും പ്രകോപനപരമായി. തസ്ലിമയെ നാടുകടത്തണം എന്ന് അവർ ആക്രോശിച്ചു. തസ്ലിമയുടെ മുഖത്ത് പരസ്യമായി കരിതേയ്ക്കുന്നവർക്ക് ഒരു മതനേതാവ് പാരിതോഷികം പ്രഖ്യാപിച്ചു. കായികമായി തസ്ലിമ പലവട്ടം പലയിടത്തും ആക്രമിക്കപ്പെടുകയും ചെയ്തു.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആസ്ഥാന അപ്പോസ്തലന്മാർ ആരും അതൊന്നും അന്നൊന്നും അറിഞ്ഞതായേ ഭാവിച്ചില്ല.

തസ്ലിമയുടെ നാലാമത് നോവലാണ് 'ലജ്ജ'. ബംഗ്ലാദേശിൽ, മത ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളാണ് നോവലിൽ പ്രതിപാദിക്കുന്നത്. പ്രകോപിതരായ ഭൂരിപക്ഷ സമുദായത്തിലെ മൗലിക വാദികൾ തസ്ലിമയുടെ തലയ്ക്ക് വിലയിട്ടു. ലക്ഷങ്ങൾ പങ്കെടുത്ത പ്രക്ഷോഭം ആഴ്ചകൾ നീണ്ടുനിന്നു. തസ്ലിമയെ പൊതുജനമദ്ധ്യത്തിൽ തൂക്കി കൊല്ലണം എന്നായിരുന്നു ആവശ്യം. ഏതാനും മാസം ഒളിവിൽ കഴിഞ്ഞ തസ്ലിമ ഒടുവിൽ നാടുവിടാൻ നിർബന്ധിതയായി.

"എന്നുവേണമെങ്കിലും, എവിടെ വച്ചായാലും കൊല്ലപ്പെടാം" എന്ന് തസ്ലിമ വിശ്വസിക്കുന്നു. ബംഗ്ലാദേശിൽ പുസ്തക മേളയിൽ മാത്രമല്ല, ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ വച്ചും കാനഡയിൽ കൺകോർഡിയയിൽ വച്ചും തസ്ലിമയുടെ നേർക്ക് വധശ്രമം ഉണ്ടായി. "സത്യം എഴുതാതെ വയ്യ. അങ്ങനെ മറയില്ലാതെ സത്യം തുറന്നെഴുതുന്നത് കൊണ്ടാണ് ഒരു വിഭാഗം എന്നെ വെറുക്കുന്നതും എതിർക്കുന്നതും"- അവർ ഈയുള്ളവനോട് രണ്ട് പതിറ്റാണ്ട് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

അന്ന് തിരുവനന്തപുരത്ത് ഒരു അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് അവർ. മതത്തെ അല്ല, മറിച്ച്, മതത്തെ മറയാക്കിയുള്ള അനാചാരങ്ങളോട് മാത്രമാണ് തസ്ലിമയുടെ എതിർപ്പ്. സ്ത്രീകളെ അടിച്ചമർത്തുന്ന, അന്യമത വിശ്വാസികളെ പീഡിപ്പിക്കുന്ന, അജ്ഞത ആഭരണമായി കരുതുന്ന ഒരു മതത്തെയും അംഗീകരിക്കാനാവില്ലെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും അവർ ആണയിട്ട് പ്രഖ്യാപിക്കുന്നു.

വിട്ടുവീഴ്ചകൾക്ക് വിസമ്മതിക്കുന്ന ഈ വിവാദ നായിക കൊൽക്കത്തയിൽ കാൽ കുത്തുകയാണ് വീണ്ടും. കൃത്യം പതിനെട്ട് വർഷങ്ങൾക്കും പതിനെട്ട് മാസങ്ങൾക്കും ശേഷം, അടുത്ത വെള്ളിയാഴ്‌ച. പണ്ട് ഒരു മുഖ്യമന്ത്രി പശ്ചിമ ബംഗാളിൽ നിന്ന് പറഞ്ഞയച്ച, പിൻഗാമിയായി വന്ന മുഖ്യമന്ത്രി വരികയേ വേണ്ടെന്ന് തീരുമാനിച്ച തസ്ലിമ നസ്രിനെ, സംഭവബഹുലമായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോൾ സ്വീകരിച്ച് ആനയിക്കുന്നത് ഇന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. തസ്ലിമ തിരികെ എത്തുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ചിലതുണ്ട്. അവയ്ക്കുള്ള ഉത്തരം അവർ വന്നെത്തിയ ശേഷം മാത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EZHUTHATHE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY