
നാളെ ലോക ഐ.വി.എഫ് ദിനം
ഒരു കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ് ചില വീടുകളിൽ വർഷങ്ങളോളം നീളും. മാസങ്ങൾ പ്രതീക്ഷയായി കടന്നുപോകും. ഓരോ ചികിത്സയും പുതിയ വിശ്വാസം നൽകും. ചിലപ്പോൾ ഫലമില്ലാത്ത പരിശോധനകളും നിരാശപ്പെടുത്തുന്ന റിപ്പോർട്ടുകളും ആ പ്രതീക്ഷയെ വീണ്ടും വീണ്ടും പരീക്ഷിക്കും. കുഞ്ഞുങ്ങളില്ലായ്മയെ ഇന്നും തുറന്ന് സംസാരിക്കാൻ മടിക്കുന്ന സമൂഹത്തിൽ, പല ദമ്പതികളും തങ്ങളുടെ വേദന ഉള്ളിലൊതുക്കിയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള അനേകം ജീവിതങ്ങളിലേക്കാണ് ശാസ്ത്രം ഒരിക്കൽ പുതിയൊരു വഴി തുറന്നത് — ഐ.വി.എഫ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നാലിൽ ഒരു ദമ്പതിയും കുഞ്ഞുങ്ങൾ ജനിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് നേരിടുന്നു. ലോകത്ത് 20%ത്തോളം ദമ്പതികൾ കുഞ്ഞുങ്ങളില്ലാത്തവരായി തുടരുന്നതായാണ് കണക്കുകൾ. ഈ സാഹചര്യത്തിന് ക്രമാനുഗതമായ മാറ്റം ആവശ്യമാണ്. വന്ധ്യത എന്നത് വലിയ രോഗമല്ല എന്ന തിരിച്ചറിവുണ്ടാക്കുകയും, വന്ധ്യതയെക്കുറിച്ച് തുറന്ന് ചർച്ച ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയുമാണ് ആദ്യം വേണ്ടത്. ഫലപ്രദമായ ചികിത്സാ രീതി എല്ലാവരിലേക്കും എത്തിക്കുകയാണ് ഈ ദിനാചരണത്തിന്റെ അന്തിമലക്ഷ്യം.
ടെസ്റ്റ് ട്യൂബ് ശിശുവെന്ന അവതാരം
ആധുനിക വൈദ്യശാസ്ത്ര രംഗത്തെ, വളർച്ചയുടെ പടവുകൾ പരിശോധിച്ചാൽ ഏറെ ശ്രദ്ധേയവും വിപ്ലവകരവുമെന്ന് വിശേഷിപ്പിക്കാവുന്നതുമായ ഒരു കണ്ടുപിടുത്തമായിരുന്നു ടെസ്റ്റ്ട്യൂബ് ശിശുവിന്റേത്. അന്നുവരെ മനുഷ്യന് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം എന്നായിരുന്നു ആ ജനനത്തെ ആരോഗ്യരംഗം വിലയിരുത്തിയത്. ഇന്ന് ലോകമാകമാനം അംഗീകരിക്കുന്ന ചികിത്സാ രീതിയായി ഐ.വി.എഫ് വളർന്നെങ്കിലും ഈ ചികിത്സാരീതിയുടെ തുടക്കവും ഇന്നത്തെ നിലയിലേക്കുള്ള വളർച്ചയും വിചാരിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല. 1950കളുടെ തുടക്കത്തിലാണ് ബ്രിട്ടീഷുകാരനായ റോബർട്ട് ജി.എഡ്വേർഡ് ഐ.വി.എഫ് എന്ന ചികിത്സാ രീതി യാഥാർത്ഥ്യമാകുന്നതിന്റെ പ്രാരംഭ പഠനമാരംഭിച്ചത്. കുട്ടികളില്ലാത്ത ദമ്പതികളുടെ അണ്ഡവും ഭ്രൂണവും പരീക്ഷണശാലയിൽ വെച്ച് സംയോജിപ്പിച്ച ശേഷം മാതാവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ ഈ രീതിയെ അംഗീകരിക്കാൻ, ആ കാലത്തെ മതപുരോഹിത മേധാവിത്വവും യഥാർസ്ഥിതിക സമൂഹവും തയ്യാറായില്ല. എങ്കിലും പിന്മാറാതെ പതിറ്റാണ്ടുകളോളം അദ്ദേഹം ഈ ലക്ഷ്യത്തിനായുള്ള പരീക്ഷണം തുടർന്നു. ഒടുവിൽ 1977 ൽ ലസി ബ്രൗൺ, ഭർത്താവ് ജോൺ എന്നിവർ ഈ പരീക്ഷണത്തിന് തയ്യാറായി.
രണ്ടാം ടെസ്റ്റ്ട്യൂബ് ശിശു 'ദുർഗ'
1978 ജൂലായ് 25ന് രാത്രി 11.47ന് ഐ.വി.എഫിലൂടെയുള്ള ലോകത്തെ ആദ്യ കുഞ്ഞ് ലൂയിസ് ബ്രൗൺ പിറന്നു. പിന്നീടുള്ളത് ചരിത്രമാണ്. ഈ ചരിത്രത്തിന് ഒരു വേദനിപ്പിക്കുന്ന ഇന്ത്യൻ അനുബന്ധമുണ്ട്. ലൂയിസ് ബ്രൗൺ പിറന്ന്, വെറും 67 ദിവസം കഴിഞ്ഞപ്പോൾ 1978 ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ടെസ്റ്റ്ട്യൂബ് ശിശുവായ 'ദുർഗ' പിറന്നു. പിന്നീട് കനുപ്രിയ അഗർവാൾ എന്നറിയപ്പെട്ടു. ഡോ.സുഭാഷ് മുഖർജി എന്ന പ്രഗത്ഭനായ ഭിഷഗ്വരനായിരുന്നു ഈ നേട്ടത്തിന് പിറകിൽ. എന്നാൽ ഇന്ത്യയിൽ ഇദ്ദേഹം അംഗീകരിക്കപ്പെട്ടില്ല. മാത്രമല്ല തട്ടിപ്പുകാരനായി മുദ്രകുത്തപ്പെട്ടു, ക്രൂരമായി വേട്ടയാടപ്പെട്ടു. ഒടുവിൽ മനസ് തകർന്ന് സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വന്നു അദ്ദേഹത്തിന്. ഡോ. സുഭാഷ് മുഖർജി ഐ.വി.എഫ് വിജയകരമായി യാഥാർത്ഥ്യമാക്കിയതിന് ശേഷം എട്ട് വർഷം കഴിഞ്ഞാണ് ഇന്ത്യയിൽ അടുത്ത ഐ.വി.എഫ് നടന്നത്. ആ ബഹുമുഖ പ്രതിഭയെ നമ്മുടെ പൊതുസമൂഹം അംഗീകരിക്കാൻ വീണ്ടും നീണ്ട 28 വർഷം കാത്തിരിക്കേണ്ടി വന്നു.
വന്ധ്യതയുടെ കാരണങ്ങൾ
സ്ത്രീയിലും പുരുഷനിലും വിവിധങ്ങളായ കാരണങ്ങൾ മൂലം വന്ധ്യത സംഭവിക്കാം. സ്ത്രീകളിൽ അണ്ഡോത്പാദനത്തിലെ തകരാറ്, അണ്ഡവാഹിനി കുഴലിലെ പ്രശ്നങ്ങൾ, ഫൈബ്രോയിഡുകൾ, എൻഡോമെട്രിയോസിസ്, ഗർഭപാത്രത്തിലെ തകരാറുകൾ, നേരത്തെ നടന്ന ശസ്ത്രക്രിയയെ തുടർന്നുള്ള പ്രശ്നങ്ങൾ തുടങ്ങിയ പലകാരണങ്ങളും വന്ധ്യതയ്ക്കിടയാക്കിയേക്കാം. പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണത്തിലുണ്ടാകുന്ന കുറവ്, ബീജമില്ലാതാകുന്ന അവസ്ഥ, ബീജത്തിന്റെ ചലനശേഷിക്കുറവ്, ബീജത്തിന്റെ ആകൃതിയിലെ വ്യതിയാനം, ശുക്ലത്തിലെ തകരാറ്, ഉദ്ധാരണ സംബന്ധമായ ബുദ്ധിമുട്ടുകൾ മുതലായ കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. ശാസ്ത്രവും ആരോഗ്യരംഗവും ഇത്രയേറെ വളർന്നിട്ടും ഒരു വലിയ വിഭാഗം പേരിലും ഐ.വി.എഫിനെ സംബന്ധിച്ച് അനാവശ്യ ആശങ്കകളിപ്പോഴുമുണ്ട്. ഏറെ സങ്കീർണമായ പ്രക്രിയയാണെന്ന വിധത്തിലുള്ള അനാവശ്യ പ്രചാരണം പലപ്പോഴും പ്രതികൂലമാകുന്നു. ഇന്നും വർഷങ്ങളോളം മറ്റു ചികിത്സകൾ ചെയ്ത് സമയം കളഞ്ഞാണ് പലരും ഐ.വി.എഫ് ചികിത്സയിലേക്ക് എത്തുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണമില്ലായ്മയാണ് ഒരുവിഭാഗം ജനങ്ങൾ ഐ.വി.എഫിലേക്കെത്താൻ മടിക്കുന്നതും ചികിത്സ തുടങ്ങാൻ വൈകുന്നതും.
സാമ്പത്തിക പ്രതിസന്ധി കൂടുന്നു
ഇന്ത്യയിൽ ഐ.വി.എഫ് ചികിത്സ മൂലം സാമ്പത്തിക തകർച്ചയിലേക്ക് പോകുന്ന കുടുംബങ്ങൾ ഏറെയെന്ന് റിപ്പോർട്ട്. ഐ.വി.എഫ് ചികിത്സ ചെയ്യുന്ന ഇന്ത്യൻ ദമ്പതികളിൽ പത്തിൽ ഒമ്പതുപേരും സാമ്പത്തിക പരാധീനത അനുഭവിക്കുന്നുവെന്നാണ് ഐ.സി.എം.ആർ 2025ൽ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ഐ.വി.എഫ് ചികിത്സയിലൂടെ കടന്നുപോയവരിൽ എൺപത്തിയൊമ്പത് ശതമാനം പേർ കുടുംബത്തിന്റെ വാർഷിക വരുമാനത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ ചെലവാക്കുന്ന സ്ഥിതിയാണെന്നും ഐ.സി.എം.ആർ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് റിസർച്ച് ഡിപ്പാർട്‌മെന്റിന്റെ നിർദ്ദേശ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നാഷണൽ ഹെൽത്ത് അതോറിറ്റിക്കായുള്ള ഹെൽത്ത് അസെസ്‌മെന്റ് ടെക്‌നോളജിയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്ക് കീഴിൽ ഐ.വി.എഫ് ചികിത്സയും കൊണ്ടുവരുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താമെന്നും പറയുന്നുണ്ട്. പി.ജി.ഐ.എം.ഇ.ആർ ചണ്ഡിഗർ, ഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എസ്.എ.ടി ഹോസ്പിറ്റൽ എന്നിങ്ങനെ മൂന്ന് സർക്കാർ സെന്ററുകളിൽ നിന്നും വർധയിലെ ജവഹർലാൽ നെഹ്രു മെഡിക്കൽ കോളേജ്, ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്നീ സ്വകാര്യ സെന്ററുകളിൽ നിന്നും ഐ.വി.എഫ് ചികിത്സയ്ക്ക് വിധേയരായ 130 ദമ്പതികളുടെ വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |