
''ലോകത്തെ അമൂല്യമായ സമ്പത്ത് കുട്ടികളാണ്; മികച്ച പ്രതീക്ഷകളും'' ജസ്റ്റിസ് കൃഷ്ണയ്യരുടെ ഈ വാക്കുകൾ എന്നും പ്രസക്തം. പക്ഷേ ആരൊക്കെ ഉൾക്കൊള്ളുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് വാളയാറും കൊല്ലങ്കോട്ടെ പതിനൊന്നുകാരിയുടെ മരണവും 28ൽ അധികം കുട്ടികളുടെ ദുരൂഹമരണങ്ങളും... നിറങ്ങൾ മുഴുവനായി കണ്ടുതീരാത്ത, മഴവിൽ സ്വപ്നങ്ങളോടെ ജീവിച്ച 28ൽ അധികം കുരുന്നുകളാണ് 2010 മുതൽ പാലക്കാട് ജില്ലാ അതിർത്തി പ്രദേശങ്ങളിൽ ദുരൂഹമായി മരണപ്പെട്ടത്. മിക്കതും തൂങ്ങിമരണങ്ങൾ. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് സമാനസംഭവങ്ങൾ പത്ത് വർഷത്തിനിടെയുണ്ടായിട്ടുണ്ട് എന്ന കാര്യം സൂചിപ്പിച്ചിരുന്നത്. ചിലതിലൊക്കെ ദുരൂഹതയുണ്ടെന്ന കാര്യവും വ്യക്തമാക്കി. ഇതോടെ, ഈ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലങ്കോട് പതിനൊന്നുകാരി ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എന്നാൽ മരണത്തിന് മുമ്പ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. പത്ത് വർഷത്തിലേറെയായി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കേസിന്റെ ചുരുളഴിയാത്ത സാഹചര്യത്തിലാണ് കോടതി, അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. നിലവിൽ സി.ബി.ഐ അന്വേഷിക്കുന്ന 23 കേസിൽ റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരുന്നു. കേസ് വീണ്ടും ആഗസ്റ്റ് ആറിന് പരിഗണിക്കും.
ടാസ്‌ക് ഫോഴ്സുമായി പൂങ്കുഴലി
ജില്ലയിലെ വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ വർഷങ്ങളിൽ പോക്‌സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അന്വേഷിക്കാൻ എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് ആൻഡ് വെൽഫയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധി എന്നിവരാണ് ടാസ്‌ക് ഫോഴ്സിലുണ്ടാവുക. പത്താം കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലും ഇത്തരത്തിലൊരു സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന നിർദ്ദേശമുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നാണ് ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചത്.
കുട്ടികൾക്ക് എതിരെയുള്ള ചൂഷണം തടയാൻ പൊലീസിനെക്കൂടാതെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ, പി.ആർ.ഡി വകുപ്പുകളുടെ സംഘടിതമായ പരിശ്രമം വേണമെന്ന ചിന്തയിലാണ് ആഭ്യന്തരമന്ത്രി ഇത്തരം നിർദ്ദേശം നൽകിയത്. ബോധവത്കരണം, മന:ശാസ്ത്ര കൗൺസിലിംഗ്, മനഃശാസ്ത്രപരമായി കുട്ടികൾക്ക് നൽകുന്ന പിന്തുണ, കുട്ടികളുടെ സംരക്ഷണത്തിനായുള്ള മറ്റുമാർഗങ്ങൾ ഇവയെല്ലാം റിപ്പോർട്ടിലുണ്ടാകും.
ആറ് ദൗത്യങ്ങൾ തേടി സംഘം
1. വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ സ്റ്റേഷൻ പരിധികളിൽ പോക്‌സോ കേസുകൾ
2. ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട് ഫോണുകളുടെയും മറ്റും വ്യാപകമായ ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രതികരണത്തിലും മാനസിക നിലയിലും വരുത്തുന്ന മാറ്റങ്ങൾ
3. വിവിധ സാമൂഹിക പശ്ചാത്തലത്തിലുള്ള കുട്ടികളിൽ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതം
4. വാളയാർ വ്യാവസായിക മേഖലയ്ക്ക് അടുത്തായതിനാൽ മാതാപിതാക്കൾ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകുന്ന സാഹചര്യം
5. സ്മാർട്ട് ഫോണുകളെ ആശ്രയിക്കുന്ന കുട്ടികളിൽ, സ്വഭാവത്തിലും ജീവിത സാഹചര്യങ്ങളിലുമുണ്ടാക്കുന്ന മാറ്റം
6. ഇത്തരം സംഭവങ്ങൾ തടയാൻ മനഃശാസ്ത്രപരമായ സമീപനമെന്താണ്
തെളിവ് കണ്ടെത്താനാകാതെ
കൊല്ലങ്കോട് പതിനൊന്നുകാരിയുടെ ദുരൂഹമരണവും വാളയാറിലേതിന് സമാനമാണ്. രണ്ടുകേസിലും പെൺകുട്ടികൾ മരണത്തിന് മുമ്പ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. പത്ത് വർഷത്തിലധികം ക്രൈംബ്രാഞ്ച് കൊലപാതകമെന്ന് തെളിയാക്കാനാകാതെ 'അൺ ഡിറ്റക്ടഡ്' എന്ന ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ സംഭവം നടക്കുന്നത് 2010 ജനുവരി 18നാണ്. ഉച്ചയ്ക്ക് രണ്ടരയോടെ കൊല്ലങ്കോട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല്ലശന ഒഴിവുപാറയിലെ അമ്മ വീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 2009 മുതൽ പെൺകുട്ടിയും സഹോദരനും അമ്മയും ഉൾപ്പെടെ അമ്മ വീട്ടിലായിരുന്നു താമസം. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി സി.ഐ.ഡിയും ശേഷം ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ലോക്കൽ പൊലീസും സി.ബി സി.ഐ.ഡിയും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ പ്രതിയെ കണ്ടെത്താനോ തുമ്പ് കണ്ടെത്താനോ കഴിയാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു. അടുത്ത ബന്ധുക്കളായ രണ്ടുപേരെയായിരുന്നു പൊലീസ് സംശയിച്ചത്.
പെൺകുട്ടിയുടേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണത്തിന് മുമ്പ് പതിനൊന്നുകാരി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി. ജനനേന്ദ്രിയ ഭാഗങ്ങളിൽ മുറിവും ചതവുമുണ്ടായി. പുരുഷന്റെ ബീജ സാമ്പിളും കണ്ടെത്തി. കേസന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ചായിരുന്നു. ഇതിൽ രണ്ടുപേർ മരിച്ച പെൺകുട്ടികളുടെ ബന്ധുക്കളാണ്. ഒരാൾ കുടുംബ സുഹൃത്തും. ഇവരെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തു. സംഭവം നടന്ന സമയത്തും അതിന് മുമ്പും ശേഷവും ഇവരുടെ ഫോൺ കോൾ റെക്കോഡ്, ഇവരുടെ യാത്ര, പെരുമാറ്റരീതി എല്ലാം അന്വേഷിച്ചു. കൂടാതെ പോളിഗ്രാഫ് പരിശോധനയും തിരുവനന്തപുരത്തും ഗുജറാത്തിലും എത്തിച്ച് ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്‌നേച്ചർ ടെസ്റ്റ് (ബി.ഇ.ഒ.എസ്) എന്നിവ നടത്തിയെങ്കിലും കുറ്റവാളിയിലേക്ക് നയിക്കുന്ന തെളിവ് ലഭിച്ചില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് മരണം അത്മഹത്യയാണെന്ന് പറഞ്ഞ് കേസന്വേഷണം അവസാനിപ്പിച്ചത്. ലോക്കൽ പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും വ്യത്യസ്തറാങ്കിലായി 19 ഉദ്യോഗസ്ഥർ അന്വേഷിച്ച കേസിൽ ബന്ധുക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവർ, അയൽവാസികൾ, പ്രതികൾ എന്ന് സംശയിക്കുന്നവർ ഉൾപ്പെടെ ആകെ 370 സാക്ഷികളാണുണ്ടായി.
മാറ്റം അനിവാര്യം
സ്ത്രീകളുടെയും കുട്ടികളുടെയും ഭരണഘടനാപരമായ അവകാശത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കാൻ സർക്കാരുകൾക്ക് വലിയ രാഷ്ട്രീയ സാമൂഹിക പ്രതിബദ്ധതയും നിരന്തരമായ കഠിനപ്രയത്നവും ആവശ്യമാണ്. പുരുഷാധികാര മൂല്യസങ്കൽപ്പങ്ങളിൽ വളർന്നുവന്ന സമൂഹത്തിൽ പ്രത്യേകിച്ചും. തുടർച്ചയായ ബോധവത്കരണത്തിലൂടെയേ ഇത് പരിഹരിക്കാനാകൂ. നൂറ്റാണ്ടുകളായി സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന ഭയം, ഒറ്റപ്പെടൽ, ലൈംഗികാക്രമണം എന്നിവയ്ക്ക് നാം ഓരോരുത്തരും ചേർന്നുവേണം പ്രതിരോധിക്കാൻ. അതിൽ, സർക്കാരുകൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലിന് പൊലീസ് സംവിധാനത്തിനുള്ളിൽ മാറ്റമാവശ്യമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ പാലിക്കേണ്ട പ്രക്രിയകളുടെ കുറ്റമറ്റ സംവിധാനം വിഭാവനം ചെയ്യേണ്ടതും അനിവാര്യമാണ്. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നേർക്കുള്ള ലൈംഗികാക്രമണ കേസിൽ എല്ലാവരും കക്ഷിരാഷ്ട്രീയത്തിന് അതീതമായും മത, സമുദായത്തിന് അതീതമായും നിലപാടെടുക്കുകയാണ് ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള മാർഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |