SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

കോറോ ഹെൽത്തിന്റെ 'അൺഹെൽത്തി' നടപടി

a

ഇത് നിർമ്മിത ബുദ്ധിയുടെ കാലമാണ്. ജീവിതം യാന്ത്രികമായി നീങ്ങുന്ന കലികാലം. ലാഭത്തിനായി ലോകം എന്ത് കുറുക്കുവഴികളും തിരക്കും. അവിടെ മനുഷ്യാവകാശങ്ങൾക്ക് വിലയിടിയും. നിയമങ്ങൾ വഴി മാറും. അതിന്റെ ലാഞ്ചയാണ് കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ കണ്ടത്...

ജൂലായ് ആദ്യവാരത്തിലെ ആ പ്രഭാതം അവർ മറക്കാൻ ആഗ്രഹിക്കുന്നുണ്ടാകണം. അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് എന്ന മെഡിക്കൽ കോഡിംഗ് സ്ഥാപനത്തിനു വേണ്ടി കൊച്ചിയിലും കോഴിക്കോടും ജോലി ചെയ്തിരുന്ന എണ്ണൂറ് യുവതീ യുവാക്കൾ. അന്നാണ് ഒരു മൈക്ക് അനൗൺസ്മെന്റിലൂടെ കമ്പനി അവരെ പിരിച്ചുവിട്ടത്. വാടകയ്ക്കെടുത്ത മല്ലന്മാരുടെ സഹായത്തോടെ ആധികാരികമല്ലാത്ത ടെർമിനേഷൻ ലെറ്റർ നൽകിയത്. നിമിഷങ്ങൾക്കകം തൊഴിലിടത്തിന്റെ പടിയിറക്കിയത്. കവാടങ്ങൾ പൂട്ടിയത്. മണിക്കൂറുകൾക്കകം നാമമാത്രമായ നഷ്ടപരിഹാരം നൽകി കൊത്തിയാട്ടിയത്...

ആഗോള ഭീമനാണ് കോറോ ഹെൽത്ത്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ശാഖകളുള്ള ഐ.ടി.അധിഷ്ഠിത കമ്പനി. വികസിത രാജ്യങ്ങളുടെ തൊഴിൽ സംസ്കാരത്തിൽ തഴച്ചുവളർന്നവർ. മൂന്നാം ലോകരാജ്യങ്ങളുടെ തൊഴിൽ വിപണി ചൂഷണം ചെയ്യുന്നവർ. അവരാണ് മുൻകൂർ നോട്ടീസ് പോലും നൽകാതെ ക്രൂരമായ പിരിച്ചുവിടൽ നടപ്പാക്കിയത്. അതും തൊഴിലവകാശങ്ങളുടെ വിളനിലമായ കേരളത്തിന്റെ മണ്ണിൽ. കമ്പനി നഷ്ടത്തിലാണെന്നാണ് വാദം. എന്നാൽ അതു നുണയാണെന്ന് കഴിഞ്ഞ ദിവസം വരെ അവിടെ ജോലി ചെയ്തിരുന്നവർ പറയുന്നു. സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും പ്രശ്നത്തിൽ ഉടനടി ഇടപെട്ടിരുന്നു. ലേബർ ഓഫീസർ ചർച്ച വിളിക്കുകയും തത്‌സ്ഥിതി തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ കോറോ ഹെൽത്തിന് കുലുക്കമുണ്ടായില്ല. ഔദ്യോഗിക ചർച്ചയിൽ അന്ന് കമ്പനി പ്രതിനിധികൾ എത്തിയതുപോലുമില്ല.

തത്‌സ്ഥിതി ഉത്തരവ് കാറ്റിൽപ്പറത്തിയാണ്, നഷ്ടപരിഹാരം നൽകി ജീവനക്കാരുമായുള്ള ബന്ധം പിരിഞ്ഞത്. തൊഴിൽ വകുപ്പിന്റെ ഉത്തരവു പ്രകാരം ജോലിക്ക് ഹാജരാകാൻ എത്തിയവർക്കു മുന്നിൽ വാതിൽ അടഞ്ഞുതന്നെ കിടന്നു. മുന്നോട്ടുള്ള വഴിയേതെനറിയാതെ ഓഫീസിന്റെ പൂമുഖപ്പടിയിൽ അവർ ഹതാശരായി കാത്തു നിന്നു. പ്രശ്നത്തിൽ യുവജന സംഘടനകൾ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. തത്‌സ്ഥിതി നിർദ്ദേശത്തിനെതിരേ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തുടർന്ന് ഈ വെള്ളിയാഴ്ച എറണാകുളം കളക്ട്രേറ്റിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി നടത്തിയ ചർച്ചയിലും അഴകൊഴമ്പൻ സമീപനമായിരുന്നു. കോറോ ഹെൽത്തിന് ഇത്ര 'അൺഹെൽത്തി'യാകാൻ എങ്ങനെ ധൈര്യം വന്നു? എന്ന ചോദ്യമുയർന്നു. പഴികൾ എത്തി നിൽക്കുന്നത് കേന്ദ്ര സർക്കാർ പാസാക്കിയ ലേബർ കോഡുകളിലാണ്. അഥവാ പുതിയ തൊഴിൽ നിയമങ്ങളിലാണ്...

'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്"

വ്യവസായങ്ങൾക്കെതിരേ കൊടി പിടിക്കുന്നതും സംരംഭകരെ സർക്കാർ ഓഫീസുകൾ കയറ്റി വട്ടം ചുറ്റിക്കുന്നതും രാജ്യത്ത് പതിവായിരുന്നു. വിദേശ നിക്ഷേപമടക്കം ഇവിടെയെത്താൻ ഇത് വിഘാതമാകുന്നതായി വിമർശനമുണ്ടായി. വികസനമുണ്ടാകണമെങ്കിൽ ഈ മനോഭാവങ്ങൾ മാറണമെന്ന ചർച്ചകൾ ഉയർന്നു. ഇതിന്റെ ഭാഗമായി സമീപകാലത്ത് മന്ത്രിമാരുടേയും മറ്റും വാക്കുകളിൽ നിറയുന്ന പ്രയോഗമാണ് 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്". സംരംഭങ്ങൾക്ക് സുഗമമായ മാർഗമൊരുക്കുകയെന്നർത്ഥം. അങ്ങനെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ പേരിലാണ് കേന്ദ്രസർക്കാർ ലേബർ കോഡുകൾ പാസാക്കിയത്. എന്നാൽ ഇത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും തൊഴിലാളികൾ സമരം ചെയ്തു നേടിയ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ആക്ഷേപമുണ്ടായി. തൊഴിൽ സുരക്ഷിതത്വമില്ലായ്മ,
സമരങ്ങൾക്കുള്ള അവകാശം നിഷേധിക്കൽ, ചർച്ചകളിലെ നിസ്സഹകരണം ഇതെല്ലാമായിരിക്കും ലേബർ കോഡുകളുടെ ഉപോദ്പന്നമെന്നും ആക്ഷേപമുണ്ടായി. അത്തരത്തിൽ ലേബർ കോഡിന്റെ ആദ്യത്തെ ഇരകളാണ് കോറോ ഹെൽത്തിലെ യുവ ജീവനക്കാർ എന്നാണ് വിമർശകർ പറയുന്നത്. ഇത് തൊഴിൽമേഖലയിൽ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ആദ്യ സൂചനയാണെന്നും.

ഹർജിയും മന്ത്രതല ചർച്ചയും

തത്‌സ്ഥിതി തുടരാനും ജീവനക്കാരെ പ്രവേശിപ്പിക്കാനും ലേബർ ഓഫീസർ നിർദ്ദേശിച്ചതിനെതിരേ കോറോ ഹെൽത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ലെങ്കിലും ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ലേബർ ഓഫീസറുടെ നിർദ്ദേശം ഒരു അന്തിമ ഉത്തരവായി കാണേണ്ടതില്ലെന്നും അനുരഞ്ജന ചർച്ചകളുടെ ഭാഗമായി മാത്രം കണ്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ കമ്പനി പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചു. ജോലി നഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും ഇടപെടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അഡ്വക്കേറ്റ് ജനറൽ വാദിച്ചത് കോടതി കണക്കിലെടുക്കുകയും ചെയ്തു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ ചർച്ചയിലും കമ്പനി പ്രതിനിധികൾ നേരിട്ട് ഹാജരായില്ല. ഓൺലൈനായാണ് സംസാരിച്ചത്. ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അവർ തത്ക്കാലം വീട്ടിലിരിക്കട്ടേയെന്ന നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. നിയമനടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയപ്പോഴാണ് നേരിട്ട് ചർച്ചയ്ക്കെത്താൻ സമ്മതിച്ചത്. അടുത്ത ചർച്ച ജൂലായ് 20നാണ്.

കോറോ ഹെൽത്ത് ജീവനക്കാരുടെ ദുരവസ്ഥയ്ക്ക് ലേബർ കോഡിലെ വ്യവസ്ഥകൾ ഒരു കാരണം മാത്രമാണ്. എ.ഐ സാങ്കേതികവിദ്യയുടെ വ്യാപനം, ബിസിനസിലെ കള്ളക്കളികൾ തുടങ്ങിയ കാരണങ്ങളുമുണ്ടാകാം. തൊഴിൽ മേഖലയിൽ കാര്യങ്ങൾ പ്രവചനാതീതമാണെന്നർത്ഥം. ഈ സാഹചര്യത്തിൽ, ജീവനക്കാരുടെ ക്ഷേമവും തൊഴിലിടങ്ങളിലെ അന്തസും സുരക്ഷിതത്വവും ഉറപ്പാക്കുന്ന 'ഓഫീസ് വെൽനെസ് പോളിസി'യടക്കം സർക്കാർ പരിഗണിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY