SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

കുരുന്നുകൾക്ക് തണലൊരുക്കാം

a

നിയമങ്ങൾ കർശനമാവുമ്പോഴും സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കുറവൊന്നുമില്ല. ഈ വർഷം മേയ് വരെ കുട്ടികൾക്കെതിരായ 1,886 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും പോക്‌സോ കേസുകളാണ്, 767 എണ്ണം. കുട്ടികളെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട 31 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11 കുട്ടികളെയാണ് കൊലപ്പെടുത്തിയത്. 2020ൽ 3,941 കുട്ടികളാണ് പലതരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായത്. 2021, 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4536, 5640, 5903 എന്നിങ്ങനെയായിരുന്നു. 2024ൽ 5140 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം കുട്ടികൾക്കെതിരായ 5,537 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എല്ലാ വർഷവും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് മുന്നിലുള്ളത് പോക്സോ കേസുകളാണ്. കഴിഞ്ഞ വർഷം 2,242 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2024ൽ 2,161 കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021,2020 വർഷങ്ങളിൽ യഥാക്രമം 1719, 1704, 1568, 1243 കേസുകൾ റിപ്പോർട്ട് ചെയ്തു.


ഒരുകാലത്ത് അപമാനം ഭയന്ന് കേസുമായി മുന്നോട്ട് പോകാൻ അധിക പേരും താത്പര്യപ്പെട്ടിരുന്നില്ല. എന്നാൽ, നിരന്തര ബോധവത്കരണത്തിലൂടെ ഈ ചിന്താഗതിക്ക് വലിയ മാറ്റമാണ് സംഭവിച്ചത്. മാത്രമല്ല, തങ്ങൾക്ക് നേരെ നടന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതോടെ വെളിച്ചം കാണാതെ പോകുമായിരുന്ന പല സംഭവങ്ങളും പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമാണ്.

ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അയൽവാസികളിൽ നിന്നും നേരിട്ട ലൈംഗികാതിക്രമ കേസുകളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ അധികവും ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുന്ന കേസുകളാണ്. ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് നിർബന്ധിതരാവുന്നു. കോടതികളിലെത്തുന്ന പോക്‌സോ കേസുകളിൽ 25 ശതമാനത്തോളവും പ്രണയബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്‌സോ കേസുകളാണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമുള്ള ഉള്ളടക്കങ്ങളിലേക്ക് വഴിതുറക്കുന്ന എല്ലാ പരസ്യങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇൻസ്റ്റഗ്രാമിനോട് നിർദേശിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ സാമഗ്രികൾ പ്രോത്സാഹിപ്പിക്കുന്ന പണം നൽകിയുള്ള പരസ്യങ്ങൾ ഇൻസ്റ്റാഗ്രാം പ്രദർശിപ്പിക്കുന്നതായി ബി.ബി.സി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റയുടെ ഉള്ളടക്ക നിയന്ത്രണ നയങ്ങൾക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നത്.

സ്വന്തം വീട്ടിലും അടുത്ത ബന്ധുക്കളുടെ വീട്ടിലും പൊതുഇടങ്ങളിലും സ്‌കൂളുകളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പിച്ച് പറയാൻ ആർക്കും സാധിക്കാത്ത കാലമാണിന്ന്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ നേരിടാൻ 2012ലെ ശിശുദിനത്തിലാണ് പോക്‌സോ നിയമം നിലവിൽ വന്നത്. പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് സാധാരണമാണ്. ഇത് കുട്ടികളിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയാകുമെന്നതിനാൽ രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുന്ന കേസുകളും നിരവധിയാണ്. വിചാരണാ നടപടികൾ നീണ്ടുപോകുന്നതോടെ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നു. ഇതോടെ, കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്‌പര്യപ്പെടുന്നില്ല. ഇര സ്‌കൂൾ വിദ്യാർത്ഥിയാണെങ്കിൽ കേസിന്റെ പേരുപറഞ്ഞ് ആളുകൾ കാണാൻ വരുന്നതും കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് നയിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ മൊഴിയെടുപ്പും വിചാരണയും പൂർത്തിയാക്കി പ്രതിക്ക് അനിവാര്യമായ ശിക്ഷ വിധിക്കുകയാണ് വേണ്ടത്.

സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്ന നിരവധി കുട്ടികളാണ് സമൂഹത്തിലുള്ളത്. ഇവരെ കണ്ടെത്തി ഡാറ്റ തയ്യാറാക്കി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണ്. ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന സമൂഹമല്ല കേരളത്തിലേത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൃത്യമായ കൗൺസിലിംഗ് സംവിധാനം ആൺകുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്നതിനപ്പുറത്തേക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം. ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം നൽകണം. ലൈംഗികാതിക്രമം എന്നത് അന്തസ്സുമായി ബന്ധപ്പെട്ടതല്ലെന്നും തന്റെ ശരീരത്തിന് നേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ആക്രമിക്കപ്പെട്ട കുട്ടിയെ കോടതി വരെ എത്തിക്കുന്നതിന് ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കോടതിയിൽ സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യമുണ്ടായാൽ മാത്രം പോരാ. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുങ്ങണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY