SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം

a

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. കേരളത്തിലെ എം.പിമാരോ സർക്കാരോ അറിയാതെയാണ് ഡിവിഷൻ വിഭജനം നടത്തിയത്. വരുമാനവും ഫണ്ടും കുറച്ച് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യു.‌ഡി.എഫ് മുന്നോട്ട് പോകും. കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കും. തീരുമാനം പിൻവലിക്കാത്ത പക്ഷം സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കും. വി.കെ.ശ്രീകണ്ഠൻ കേരളകൗമുദിയോട് സംസാരിക്കുന്നു:

രാത്രിക്കു രാത്രി തീരുമാനം

ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. അതിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെ രാത്രിക്കു രാത്രിയാണ് ഈ തീരുമാനമെടുത്തത്. ഭരണപരമായ സൗകര്യത്തിനാണ് ഡിവിഷൻ വിഭജനമെന്നാണ് റെയിൽവേയുടെ വാദം. അങ്ങനെയെങ്കിൽ ഇന്ത്യയിൽ പാലക്കാടിനേക്കാൾ ഇരട്ടി വലിപ്പമുള്ള നിരവധി ഡിവിഷനുകളുണ്ട്. അതൊന്നും വിഭജിക്കാത്തതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കണം.

സാമ്പത്തിക ഭദ്രത തകരും

ഡിവിഷൻ വിഭജനത്തെ തുടർന്ന് റെയിൽവേയുടെ ആകെ വരുമാനത്തിന് യാതൊരു കുറവും ഉണ്ടാകില്ല. പക്ഷേ, വരുമാനം നഷ്ടമായാൽ അത് ഡിവിഷൻ വികസനത്തെ പ്രതികൂലമായി ബാധിക്കും. കേന്ദ്രം നൽകുന്ന വികസന ഫണ്ടിൽ കാര്യമായ കുറവുണ്ടാകും. വരുമാനത്തിന്റെ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്ന മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് അടർത്തിമാറ്റിയത് വഴി ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെ തകർക്കാനാണ് ലക്ഷ്യമിടുന്നത്.

ഏറ്റവും കൂടുതൽ ചരക്ക് നീക്കം നടക്കുന്ന സ്റ്റേഷനാണ് മംഗലാപുരം. ഡിവിഷൻ വിഭജനത്തോടെ ആ ഇനത്തിൽ ഏകദേശം 700- 800 കോടിയുടെ നഷ്ടം പാലക്കാടിനുണ്ടാകും. ടിക്കറ്റ് വരുമാനത്തിൽ 100 കോടിയുടെ നഷ്ടം വേറെയും. വരുമാനവും വികസന ഫണ്ടും ക്രമേണ കുറച്ചുകൊണ്ടുവന്ന് ഭാവിയിൽ പാലക്കാട് റെയിൽവേ ഡിവിഷനെത്തന്നെ പൂർണമായി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണിത്.

അടച്ചുപൂട്ടൽ ഭീഷണി

വരുമാനം കുറയുക മാത്രമല്ല. പാലക്കാടിന് ദീർഘദൂര ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ദീർഘദൂര ട്രെയിനുകൾ ഇല്ലാതാവുകയും ടിക്കറ്റ് വരുമാനം ഉൾപ്പെടെ കുറയുകയും ചെയ്താൽ കേന്ദ്രം പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തും.

റെയിൽവേ സോൺ

ആവശ്യത്തിനും തിരിച്ചടി

പാലക്കാടിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് വേണ്ടിയാണ് പുതിയ ഡിവിഷൻ രൂപീകരിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. നാഗർകോവിലും, കന്യാകുമാരിയും വെട്ടി തിരുവനന്തപുരം വിഭജിച്ചാൽ, കേരളത്തിന്റെ റെയിൽവേ വികസനം വട്ടപ്പൂജ്യമാകും. കേരളത്തിന്റെ കഴിഞ്ഞ കുറേകാലമായുള്ള ആവശ്യമാണ് 'റെയിൽവേ സോൺ' എന്നത്. ഒരു സോൺ ആവശ്യപ്പെടാൻ കുറഞ്ഞത് രണ്ട് വലിയ റെയിൽവേ ഡിവിഷനെങ്കിലും ഉണ്ടാകണം. ഡിവിഷനുകൾ വെട്ടിമാറ്റുന്നതോടെ സോൺ ആവശ്യത്തിനും കനത്ത തിരിച്ചടിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD, PALAKKAD DIVIISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY