
ചൂടുകല്ലിൽ ജനിച്ച മലയാളിയുടെ പ്രിയതാരം, ശ്രീലങ്കയും ഗൾഫും കടന്ന് ലോകമെങ്ങും ആരാധകരെ കണ്ടെത്തിയ കഥ. ചൂടുകല്ലിൽ നിന്ന് പൊങ്ങിപ്പറന്ന് പാത്രത്തിലെത്തുന്ന നിമിഷമാണ് പൊറോട്ടയുടെ രാജകീയ പ്രവേശനം. അടരുകൾ വിരിഞ്ഞ് ആവി പൊങ്ങുന്ന ആ കാഴ്ച കണ്ടാൽ വിശപ്പില്ലാത്തവനും ഒരു കഷണം പൊട്ടിച്ചെടുക്കും. പക്ഷേ ആ ചൂട് അൽപം കുറഞ്ഞാൽ? മലയാളി ഉടൻ വിധിയെഴുതും – 'തണുത്ത പൊറോട്ടയോ... അതുകൊണ്ട് പടച്ചട്ടയുണ്ടാക്കാം!' പൊറോട്ടയെക്കുറിച്ചുള്ള ഏറ്റവും വലിയ അപവാദം അതാകും. എന്നാൽ ലോകം കണ്ടവർക്ക് അറിയാം. തണുത്തുപോയ പൊറോട്ടയുടെ കഥ അവിടെ തീരുന്നില്ല; അവിടെ പുതിയൊരു അദ്ധ്യായം തുടങ്ങും.
ദോശ, ഇഡലി, പുട്ട്, പാലപ്പം, കൊഴുക്കട്ട തുടങ്ങിയ പരമ്പരാഗത വിഭവങ്ങളെ പിന്നിലാക്കി എൺപതുകളിലാണ് മലയാളിയുടെ തീൻമേശയിൽ പൊറോട്ട അവതരിച്ചത്. പോസ്റ്ററുകൾ ഒട്ടിക്കാൻ ഉപയോഗിച്ചിരുന്ന മൈദ കുത്തരിയേക്കാൾ പ്രിയപ്പെട്ടതായി. കുറഞ്ഞകാശിന് കൂടുതൽ മൂല്യം. തെറുത്തെടുത്ത് ഒരു പച്ചമുളക് തിരുകിക്കയറ്റി ഒരുകടി കടിച്ചാൽ 'ആഹാ" എന്നു പറയുന്നവരുടെ എണ്ണം കൂടിയതോടെ ഹോട്ടലുകളിലും കോളേജ് കാന്റീനുകളിലും പൊറോട്ട പിടിമുറുക്കി. കഷണം കുറഞ്ഞ നെടുനീളൻ സാമ്പാറിൽ മുങ്ങി, പൊങ്ങിവരുന്ന പൊറോട്ട തട്ടി ചെലവുകുറച്ച്, ആഴ്ചയിലൊരിക്കൽ തിയേറ്ററിന്റെ മുന്നിലിരുന്നു മലയാളി. ആ സിനിമ കണ്ട ആവേശത്തോടെ കൂകി വിളിച്ചതു പോലും പൊറോട്ടയ്ക്കുള്ള പ്രോത്സാഹനമായിരുന്നു.
എത്ര തണുത്തുപോയാലും ലേശം വെള്ളം തളിച്ച് ആവി കയറ്റിയാൽ പൊറോട്ടയുടെ യുവത്വം വീണ്ടെടുക്കാം. ആഴ്ചകളോളം ഫ്രീസറിൽ കിടന്ന് പ്രതീക്ഷകൾ മരവിച്ച പൊറോട്ടകൾക്ക്, പുതുജീവൻ നൽകുന്ന താന്ത്രിക-മാന്ത്രിക വിദ്യകൾ കൈവശമുള്ളവർ ശബരിമലയിലെയും പമ്പയിലെയും സമീപത്തെ കടകളിലെ അടുക്കളയിൽ വരെ സുലഭമായി.
ഇച്ചിരി സ്‌നേഹത്തോടെ, ചില പൊടിക്കൈകൾ ചേർത്താൽ ഫ്രീസറിൽ നിന്നിറങ്ങിവരുന്ന പൊറോട്ടയായാലും ഘടാഘടിയനാകുമെന്ന് തെളിയിച്ചവരാണ് നമ്മുടെ അയൽക്കാർ ശ്രീലങ്കക്കാർ. മൽബാറികൾ എന്നു മലയാളികൾ അറിയപ്പെടുന്ന ഗൾഫ്‌നാടുകളിൽ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പൊറോട്ടയെ മെഗാസ്റ്റാറാക്കുന്നതിൽ ശ്രീലങ്കക്കാർ വഹിച്ച പങ്ക് ചെറുതല്ല.
അറബികൾ മാത്രമല്ല, ചീനന്മാരും ഫിലിപ്പീനികളും ലൊട്ടുലൊടുക്ക് സായിപ്പന്മാരും പൊറോട്ടയുടെ ആരാധകരാണ്. അഫ്ഗാനികളുടെയും പാക്കിസ്ഥാനികളുടെയും കാര്യം പറയാനില്ല. പൊറോട്ടയെ മാനവകുലത്തിന്റെ മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച ഡോക്ടർമാരടക്കം രഹസ്യമായി തട്ടിവിടുകയാണ് അടരടരായി ആ രസസൂത്രം.
തലേന്നത്തെ പൊറോട്ടയെ കൊത്തുപൊറോട്ടയാക്കി കഴിക്കുന്നവരിൽ ഉസ്താദുമാരാണ് ശ്രീലങ്കക്കാർ. പൊറോട്ട ചെറുതായി അരിഞ്ഞ് സവാളയും പച്ചമുളകും ഇഞ്ചിയും ചില മസാലക്കൂട്ടുമൊക്കെ ചേർത്ത് ഇറച്ചിച്ചാറിൽ കപ്പപ്പുഴുക്ക് പരുവത്തിലാക്കുന്നതാണ് ശ്രീലങ്കൻ മോഡൽ കൊത്തുപൊറോട്ട. എരിവ് കൂടുതലുള്ള ശ്രീലങ്കൻ വിഭവങ്ങൾ കഴിച്ചാൽ പിറ്റേന്ന് വിവരമറിയുമെങ്കിലും മലയാളികൾക്ക് പിണക്കമില്ല, അത്രയ്ക്കാണ് രുചി. കൊഴുക്കട്ട മുതൽ ഓട്ടട വരെ ശ്രീലങ്കൻ വിഭവങ്ങളിലുണ്ട്. ചോറും തേങ്ങയരച്ച മീൻകറിയും തീയലിന്റെ കുടുംബത്തിൽപ്പെട്ട കാരക്കുഴമ്പുമെല്ലാം ബഹുവിശേഷമെങ്കിലും എരിവിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.
ശ്രീലങ്കൻ കറികളെല്ലാം പൊറോട്ടയുമായി കൂട്ടായതിനാൽ മലയാളികളും ലങ്കൻ രുചിക്കൂട്ടുകളും ഭായി ഭായി. ആലു പൊറോട്ട, കീമ പൊറോട്ട, ബട്ടൻ പൊറോട്ട, വീശുപൊറോട്ട, നൂൽപൊറോട്ട എന്നിങ്ങനെ പൊറോട്ട കുടുംബത്തിൽ താരങ്ങളേറെ. ഇതിൽ പലതിന്റെയും പിന്നിൽ മലയാളികളാണ്. കോയിൻ പൊറോട്ടയുടെ വല്ല്യേട്ടനാണ് വീശുപൊറോട്ട. വീശിയടിച്ച് വിശറിപോലെ മുന്നിലെത്തുന്നു. മാവ് ഉരുട്ടി ചെറുതായി പരത്തി ഉരുളക്കിഴങ്ങ് വേവിച്ചുടച്ച് മസാല ചേർത്ത കൂട്ട് വച്ച് തയ്യാറാക്കിയാൽ ആലുപൊറോട്ടയായി. ഉരുളനു പകരം ഇറച്ചി അരച്ചെടുത്ത കീമ വച്ചാൽ കീമ പൊറോട്ടയായി.
പൊറോട്ടകളുടെ അതിവിശാല ലോകമാണ് ഗൾഫ്. കെ.പി, ടി.പി, എ.പി എന്നിവയുമുണ്ട്. കെ.പി എന്നാൽ കേരള പൊറോട്ട. മറ്റുള്ളവ തമിഴ്‌നാട്, ആന്ധ്ര സ്‌റ്റൈലിലുള്ളത്. പാക്കിസ്ഥാനികളുടെ പൊറോട്ടയ്ക്കു വലുപ്പം കൂടും. എണ്ണയുടെ കാര്യത്തിലും ആർഭാടം വേണ്ടുവോളം. സിലോൺ പൊറോട്ട പലയിടങ്ങളിലും ത്രികോണാകൃതിയിലാണ് കണ്ടുവരുന്നത്. പാവപ്പെട്ടവർ ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന പ്രഭാതവിഭവമാണ് പൊറോട്ട സാൻഡ്‌വിച്ച്. പൊറോട്ടയിൽ ഓംലറ്റും മറ്റു ചേരുവകളും വച്ച് തെറുത്തെടുത്താൽ സാൻവിച്ചായി. ഓംലറ്റിനു പകരം ചിക്കനോ മട്ടനോ ബീഫോ കീമയോ വയ്ക്കാം. മാസാവസാനമായാൽ വെള്ളച്ചായ (പാലുംവെള്ളം) ഒഴിച്ച് കുഴച്ചടിക്കുക വരെ ചെയ്യാം.
ലങ്കയിലുമുണ്ടെടാ പിടിപാട് !
പണ്ടൊക്കെ പൊറോട്ട കഴിക്കാനായി മാത്രം കോളേജിൽ എൻ.സി.സിയിൽ ചേർന്നവരുണ്ടായിരുന്നു. സാമ്പാറും പൊറോട്ടയുമായിരുന്നു കോമ്പിനേഷൻ. അവിയലിനൊപ്പവും സൂപ്പർ. ശ്രീലങ്കൻ അവിയലായ ഹാത് മലുവയും പൊറോട്ടയും തമ്മിൽ ജന്മാന്തരബന്ധമുണ്ടെന്ന് പല മലയാളികൾക്കും തോന്നിയിട്ടുണ്ട്. (കേരളത്തിൽ വൈകാതെ ഹാത് മലുവ അവതരിച്ചേക്കും)
അണ്ടിപ്പരിപ്പ്, വഴുതനങ്ങ, ചക്കക്കുരു, ബീൻസ്, ഉരുളക്കിഴങ്ങ്, മത്തൻ, ബേബി പൊട്ടറ്റോ, ഏത്തക്കായ, കാരറ്റ്, മഞ്ഞൾപ്പൊടി, മുളക് പൊടി, ചെറിയ ഉള്ളി, വെളുത്തുള്ളി, തേങ്ങാപ്പാൽ, കറിവേപ്പില, പാകത്തിന് വെള്ളം, ഉപ്പ് എന്നിവയാണ് ചേരുവകൾ. തൂന പഹ എന്ന മസാല ചേരുന്നതിനാൽ രുചിയിൽ നേരിയ വ്യത്യാസമുണ്ടാകും. മല്ലി, ജീരകം, പെരുംജീരകം, കറുവാപ്പട്ട, ഏലക്കായ, ഗ്രാമ്പൂ, കുരുമുളക് എന്നിവയും ചില ശ്രീലങ്കൻ സുഗന്ധവ്യഞ്ജനങ്ങളും ചേർന്ന പൊടിയാണ് തൂന പഹ.അവിയലിന് പച്ചക്കറി നീളത്തിലാണ് അരിയുന്നതെങ്കിൽ ഹാത് മലുവയിൽ ചതുരത്തിലാണ്. എല്ലാം കൃത്യമായ അനുപാതത്തിൽ മുറിച്ച് വേവിക്കും. ചക്കക്കുരുവും അണ്ടിപ്പരിപ്പും പ്രത്യേകം വേവിച്ച് ചെറുതായി ഉടയ്ക്കുക. പച്ചക്കറിയിലേക്ക് ഇതും തേങ്ങാപ്പാലും ചേർത്ത് ചെറുതീയിൽ ഒന്നു കൂടി വേവിക്കുക. എരിവ് താരതമ്യേന കുറവായ ശ്രീലങ്കൻ വിഭവമാണിതെന്ന പ്രത്യേകതയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |