
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വീടുകളുടെ നിർമ്മാണം ഒരേസമയത്ത് നടക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം. പൊതുവേ മറ്റ് സംസ്ഥാനങ്ങളിൽ നഗരങ്ങളിലും പട്ടണങ്ങളിലുമാണ് മിക്കവാറും വലിയ വീടുകളും മറ്റും കൂടുതലായി കാണപ്പെടുക. കേരളത്തിലാകട്ടെ നഗര, ഗ്രാമ വ്യത്യാസങ്ങളില്ല. നിർമ്മാണ മേഖലയിലെ പ്രതിസന്ധിയുടെ ചെറിയ ചലനങ്ങൾ പോലും കേരളത്തെ കാര്യമായ രീതിയിൽ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞ കൊവിഡ് കാലത്തും ബംഗാളിലെ ഇലക്‌ഷൻ കാലത്തും മറ്റും മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളിൽ മുഴുവൻ പേരും മടങ്ങിയിട്ടില്ലാ എന്നത് കേരളത്തിലെ ഫ്ളാറ്റ് നിർമ്മാണങ്ങളെയും വ്യാപാര വ്യവസായ കെട്ടിടങ്ങളെയും ദേശീയപാതാ നിർമ്മാണം, പാലങ്ങൾ തുടങ്ങിയവയുടെ പുരോഗതിയെയും കാര്യമായി ബാധിച്ചിരുന്നു. അതിനിയും പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല.
അതിനിടെയാണ് ചില നിർമ്മാണ വസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റം സംസ്ഥാനത്തിന്റെ നിർമ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളുടെയും വൻകിട, ചെറുകിട കച്ചവടക്കാരുടെ കുടുംബങ്ങളുടെ വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് മണൽ, മെറ്റൽ, പാറ തുടങ്ങിയ സാമഗ്രികൾ എത്തിക്കുന്നതിന് തമിഴ്‌നാട് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കാണ്. ജൂലായ് അവസാനം തുടങ്ങിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. ഇതോടെ ഇഷ്ടിക, പാറക്കല്ല്, എംസാൻഡ് തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വരവ് ഏതാണ്ട് നിലച്ച മട്ടാണ്. ഇതോടൊപ്പം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വിവിധ കമ്പനികളുടെ സിമന്റിനും ചാക്കിന് 10 മുതൽ 15 രൂപവരെ വില കൂടി ഒരു ചാക്കിന് 480 രൂപവരെ ആയിരിക്കുന്നു.
ഒരു കിലോ ടി.എം.ടി കമ്പിയുടെ വില 85 രൂപയായും ഉയർന്നു. ഒരു ലോഡ് എം സാൻഡിന് 5400 മുതൽ 5700 രൂപ വരെയാണ് ഈടാക്കുന്നത്. ഒരു ലോഡ് പാറയുടെ വില 4000 രൂപയിൽനിന്ന് 4500 ആയി. മെറ്റലിന് 4700ൽ നിന്ന് 5200 രൂപയായും ഉയർന്നു. സിമന്റ് കട്ടയുടെ വിലയും ഒരെണ്ണത്തിന് 36 രൂപയിൽ നിന്ന് 40 ആയി. ക്ഷാമം കാരണം ചെങ്കല്ല് കിട്ടാനുമില്ല. നിർമ്മാണ സാമഗ്രികളുടെ വിലക്കൂടുതലും ദൗർലഭ്യവും കാരണം പല സ്ഥലങ്ങളിലും നിർമ്മാണം നിറുത്തിവയ്ക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കന്യാകുമാരി ജില്ലയിൽ നിന്നുവരുന്ന പാറകളും മറ്റും കൊണ്ടുവരുന്ന ലോറികൾക്ക് പാസുകൾ വെട്ടിക്കുറച്ചത് ജില്ലാ അധികൃതരായിരുന്നു. ഇതിനെതിരെ കേരളത്തിലെ ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തിയെങ്കിലും നിരോധനത്തിൽ അയവ് ഉണ്ടായിട്ടില്ല. ടിപ്പർ ലോറികൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് നിരോധിച്ചത്. ചെങ്കോട്ട വഴിയാണ് നാമമാത്രമായെങ്കിലും ഇത്തരം ലോറികൾ എത്തുന്നത്.
കേരള സർക്കാരും ഇക്കാര്യം ഗൗരവമായെടുത്ത് തമിഴ്‌നാട് സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ നിർമ്മാണരംഗം അപ്പാടെ സ്തംഭിക്കുന്ന നിലയാകും ഉണ്ടാവുക. അതുപോലെ മണൽക്ഷാമം പരിഹരിക്കാൻ കേരളത്തിലെ നദികളിൽ നിന്നുള്ള മണൽവാരൽ അടിയന്തരമായി ത്വരിതപ്പെടുത്താനും നടപടികൾ ആവശ്യമാണ്. ഇന്ധന വില വർദ്ധനവ് കാരണം ഗതാഗതച്ചെലവ് ഉയർന്നതും നിർമ്മാണ സാമഗ്രികളുടെ വില ഉയർത്തുന്ന ഘടകമാണ്. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വില നിരീക്ഷണ സംവിധാനവും ശക്തമാക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണ്. കേരളത്തിലെ നിർമ്മാണ മേഖല സ്തംഭിച്ചാൽ കേരളം സ്തംഭിക്കുന്നതിന് തുല്യമാണ്. അതിനാൽ വിലക്കയറ്റം നിയന്ത്രിച്ച് നിർമ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സർക്കാർ ഇടപെടലാണ് ഇനി വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |