SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

റോഡുകൾ ചോരപ്പുഴ ആകരുത്

a

സംസ്ഥാനത്തെ റോഡുകൾ വാഹനാപകടങ്ങൾ കാരണം ചോരപ്പുഴകളാകുന്നതിനെക്കുറിച്ച് ഞങ്ങൾതന്നെ പലവട്ടം മുഖപ്രസംഗമെഴുതിയിട്ടുണ്ട്. ദേശീയപാതകൾ ഉൾപ്പെടെ പൊതുനിരത്തുകൾ വീതി കൂട്ടുകയും വളവുകൾ നിവർത്തുകയും ചെയ്യുന്ന ജോലി നിരന്തരം നടക്കുന്നുണ്ട്. പാതകൾ കൂടുതൽ സൗകര്യപ്രദമാകുമ്പോൾ സ്വാഭാവികമായും വാഹന ഡ്രൈവിംഗിന് വേഗം കൂടും. അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന പല കാരണങ്ങളിലൊന്ന് അമിതവേഗം തന്നെയാണ്. സ്റ്രേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കണക്കുകൾ അനുസരിച്ച് അമിതവേഗമാണ് പ്രധാന വില്ലൻ! 2024-ലെയും 2025-ലെയും വാഹനാപകട വിവരങ്ങൾ ക്രോഡീകരിച്ച് ബ്യൂറോ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ആ രണ്ടുവർഷത്തെ ആകെ വാഹനാപകടങ്ങളിൽ 46 ശതമാനവും സംഭവിച്ചതിനു പിന്നിൽ അമിത വേഗമാണെന്നാണ്. യാത്രാദൂരവും യാത്രാസമയവും കുറയുന്നതിനാണ് പുതിയ കാലത്ത് മുൻഗണന. അതിനേക്കാൾ പ്രധാനമാണ് വാഹനയാത്രികരുടെയും കാൽനടക്കാരുടെയും ജീവന്റെ സുരക്ഷിതത്വമെന്ന് ആര് ആരെയാണ് ഓർമ്മിപ്പിക്കേണ്ടത്!

നിരത്തുകൾക്ക് വീതി കൂടുകയും,​ ജംഗ്ഷനുകളിലെ കുപ്പിക്കഴുത്തുകൾ ഒഴിവാകുകയും,​ ദേശീയപാതകളിൽ മിക്കയിടത്തും ബൈപ്പാസുകൾ യാഥാർത്ഥ്യമാവുകയും ചെയ്തപ്പോൾ കരുതിയിരുന്നത്,​ വാഹനാപകട നിരക്കിൽ കുറവ് വരുമെന്നാണ്. നിർഭാഗ്യവശാൽ,​ സംഭവിച്ചത് നേരെ തിരിച്ചാണ്. ബൈപ്പാസുകൾ പൊതുവെ വളവുകളോ ജംഗ്ഷനുകളോ കുറഞ്ഞവയായിരിക്കും. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ അമിതവേഗം കാരണം ഏറ്റവും കൂടതൽ അപകടങ്ങൾ സംഭവിക്കുന്നത് ബൈപ്പാസുകളിലാണ് എന്നാണ് വിവരങ്ങളെ അടിസ്ഥാനമാക്കി പറയാവുന്നത്. തലസ്ഥാനത്ത് തിരുവല്ലം ബൈപ്പാസിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാവും സുഹൃത്തായ യുവതിയും മരിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടമെന്നാണ് കരുതിയിരുന്നതെങ്കിലും,​ കാർ ഇടിച്ചതാണ് ബൈക്കിന് നിയന്ത്റണം തെറ്റാൻ കാരണമെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാവുകയും,​ കാർ ഡ്രൈവറെ ഇന്നലെ അറസ്റ്ര് ചെയ്യുകയും ചെയ്തു. അപകടം വരുത്തിവച്ച കാർ നിറുത്താതെ പോവുകയായിരുന്നു.

കേരളത്തിലെ ദേശീയപാതകളുടെ ആകെ ദൈർഘ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വാഹനാപകട സാദ്ധ്യതയേറിയതാണെന്നാണ് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്)​ പഠനത്തിൽ കണ്ടെത്തിയത്. 2025 മുതൽ അഞ്ചു വർഷത്തേക്കായി നാറ്റ്പാക് തയ്യാറാക്കിയ റോഡ് സുരക്ഷാ കർമ്മ പദ്ധതിയുടെ ഭാഗമായ പരിശോധനകളിൽ തെളിഞ്ഞത്,​ ദേശീയപാതകളിലും സംസ്ഥാന പാതകളിലുമായി ആകെ 2200 കിലോമീറ്ററിലധികം ദൈ‍ർഘ്യംവരുന്ന ഇടങ്ങളിൽ വാഹനങ്ങളുടെ കൂട്ടിയിടിക്ക് സാദ്ധ്യത അധികമാണെന്നാണ്. 2030 ആകുമ്പോഴേക്കും വാഹനാപകട മരണങ്ങൾ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതെങ്കിലും,​ പദ്ധതി നടപ്പാകാൻ ഇനിയുമുണ്ട്,​ മൂന്നരവർഷത്തോളം ബാക്കി. അപ്പോഴേക്കും അപകടമരണ നിരക്ക് ഇപ്പോഴത്തേതിന്റെ ആറിരട്ടിയെങ്കിലുമായി വർദ്ധിക്കും.

സംസ്ഥാന പൊലീസിന്റെ രേഖകൾ പ്രകാരം 2025 ജനുവരി മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള 16 മാസങ്ങൾക്കിടെ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത് 5117 പേർക്കാണ്. ഈ വർഷം ഏപ്രിൽവരെ മാത്രം 21,​000ലധികം പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയുണ്ടായ വാഹനാപകടങ്ങളുടെ കണക്കിലുമുണ്ട്,​ ഇരട്ടിയിലുമധികം വർദ്ധന. ദേശീയപാതകളിലെ അപകടസാദ്ധ്യതാ മേഖലകൾ തിട്ടപ്പെടുത്തുകയും,​ പാതകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അപ്പോഴും അപകടങ്ങളും മരണങ്ങളും കൂടുക തന്നെയാണ്. ബൈപ്പാസുകൾ ഉൾപ്പെടെ ദേശീയപാതകളിൽ വാഹനങ്ങളുടെ വേഗപരിശോധന കർശനമാക്കുകയും,​ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും,​ ഡ്രൈവിംഗ് മികവ് ഉറപ്പാക്കുകയും,​ ലഹരിവസ്തുക്കൾ ഉപയോഗിച്ചുള്ള ഡ്രൈവിംഗിന് കർശന ശിക്ഷ നല്കുകയുമൊക്കെ ചെയ്ത് വാഹനാപകടങ്ങളുടെ നിരക്കിന് ക‌‌ടിഞ്ഞാണിട്ടേ പറ്റൂ. യാത്രാദൂരവും യാത്രാസമയവും കുറയുമ്പോൾ,​ നിരത്തുകളിൽ മനുഷ്യരുടെ ആയുർദൈർഘ്യം കൂടി കുറയുന്ന അവസ്ഥ ഉണ്ടാകരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY