SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

റെയിൽവേ സ്റ്റേഷനിലെ അപകടങ്ങൾ

READ ENGLISH VERSION
a

മലബാറിലെ ഏറ്റവും തിരക്കേറിയ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ളോക്ക് ടവർ തകർന്നുവീണ സംഭവം ട്രെയിൻ യാത്രക്കാരിൽ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനു പിന്നാലെ അധികൃതരുടെ വീഴ്ചകൊണ്ട് ഇവിടെയും ഉണ്ടാകുമായിരുന്ന ദുരന്തം അപകടസ്ഥലത്ത് യാത്രക്കാർ ഇല്ലാതിരുന്നതുകൊണ്ട് മാത്രം ഒഴിവായതാണ്. അപകടാവസ്ഥയിലാണെന്ന് കണ്ടെത്തി മൂന്നു മാസം മുമ്പു തന്നെ പൊളിക്കാൻ പറഞ്ഞിട്ടും കരാർ കമ്പനിക്കാർ അനങ്ങാതിരുന്നതാണ് ഈ മഴക്കാലത്ത് ക്ളോക്ക് ടവർ നിലംപതിക്കാൻ ഇടയാക്കിയത്. റെയിൽവേയുടെയും കരാർ കമ്പനിക്കാരുടെയും ഗുരുതരമായ അനാസ്ഥയാണ് ഈ സംഭവത്തിനിടയാക്കിയതെന്ന് പ്രഥമദൃഷ്ട്യാ തന്നെ ആർക്കും ബോദ്ധ്യപ്പെടും.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ളാറ്റ്‌ഫോമിലെ നൂറുവർഷത്തിലേറെ പഴക്കമുള്ള ക്ളോക്ക് ടവർ ആണ് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പ്ളാറ്റ്‌ഫോമിലേക്ക് തകർന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ, ബാക്കി ഭാഗം കൂടി പൊളിച്ചുനീക്കി പൂർണമായി നീക്കുന്ന നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂ. ഇത് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ ട്രെയിൻ ഗതാഗതം വൈകാൻ സാദ്ധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രാക്ലേശം പരിഹരിച്ച് ഗതാഗതം പൂർണ സ്ഥിതിയിലാക്കിയശേഷം ക്ളോക്ക് ടവർ തകർന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് റെയിൽവേയുടെ തീരുമാനം. റെയിൽവേ സ്റ്റേഷനുകളിൽ ഉണ്ടാകുന്ന ഏത് അപകടവും ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. കാരണം ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ കുടുംബസമേതമായും മറ്റും കടന്നുപോകുന്ന പൊതു ഇടമാണത്. അടുത്തകാലത്ത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എക്സ്‌കലേറ്റർ തിരിച്ചിറങ്ങിയതു മൂലമുണ്ടായ അപകടവും സുരക്ഷാവീഴ്ചമൂലമുണ്ടായതാണെന്നാണ് കണ്ടെത്തിയത്.

അതുപോലെ തന്നെ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ തീപിടിത്തങ്ങൾ ഉണ്ടായ സംഭവങ്ങളും വിരൽചൂണ്ടുന്നത് റെയിൽവേ അധികൃതരുടെ സുരക്ഷാവീഴ്ചകളിലേക്ക് തന്നെയാണ്. കേരളത്തിലെ പല പ്രധാന റെയിൽവേ സ്റ്റേഷനുകളിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ മേൽനോട്ടം പൂർണമായും കരാർ കമ്പനിക്കാരെ ഏൽപ്പിച്ചിരിക്കുന്നതാണ് പല അപകട സംഭവങ്ങൾക്കും ഇടയാക്കുന്നത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഈ മാസം തുടക്കത്തിൽ കൂറ്റൻ പൈലിംഗ് യന്ത്രം മറിഞ്ഞു വീണെങ്കിലും വൈദ്യുതി കമ്പിയിൽ പതിക്കാതിരുന്നതിനാൽ ഭാഗ്യവശാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. കമ്പനിക്കാരുടെ മേൽനോട്ടക്കാർക്ക് പുറമെ റെയിൽവേ ഉദ്യോഗസ്ഥരും ഇതുപോലുള്ള നിർമ്മാണ സ്ഥലങ്ങളിൽ കർശനമായ നിരീക്ഷണം നടത്തേണ്ടത് ആവശ്യമാണ്. ഒരു അപകടം ഉണ്ടാകുമ്പോൾ മാത്രം എല്ലാവരും ഉണർന്നു പ്രവർത്തിക്കുന്നു എന്ന ഇപ്പോഴത്തെ നില ആശാസ്യമല്ല. റെയിൽവേ സ്റ്റേഷനുകളിലെ എക്സ്‌കലേറ്ററുകളും ലിഫ്റ്റുകളുമൊക്കെ യഥാകാലം സർവീസ് നടത്തുന്നതിൽ ഒരു കാരണവശാലും വീഴ്ചകൾ സംഭവിച്ചുകൂടാ.

റെയിൽവേ സ്റ്റേഷനുകളിലെ വർഷങ്ങൾ പഴക്കമുള്ള നിർമ്മിതികളെക്കുറിച്ച് അടിയന്തരമായ ഒരു ഓഡിറ്റ് നടത്തി കാലപ്പഴക്കം ചെന്നവ പൊളിച്ചുമാറ്റാൻ അടിയന്തര നടപടികൾ ഉണ്ടാകണം. റെയിൽവേ സ്റ്റേഷനുകൾ മാത്രമല്ല, കേരളത്തിലെ പല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളുടെ അവസ്ഥകളും ദയനീയമാണ്. പ്രത്യേകിച്ചും കൊല്ലം ബസ് സ്റ്റാൻഡിന്റെ അവസ്ഥ പരിതാപകരമാണ്. ഏതെങ്കിലും രീതിയിലുള്ള അപകടങ്ങൾ ഉണ്ടായതിനു ശേഷമല്ല ഇതൊക്കെ നന്നാക്കാൻ ഇറങ്ങിത്തിരിക്കേണ്ടത്. ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ടിക്കറ്റിനത്തിൽ നേടിക്കൊടുക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതിനാൽ യാത്രക്കാരുടെ സുരക്ഷയിൽ തിരിച്ച് അതുപോലുള്ള ഉത്തരവാദിത്വവും ജാഗ്രതയും റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY