
വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന വാഹന ഉടമകളെ സംബന്ധിച്ച് ഒരു വലിയ കടമ്പ തന്നെയാണ്. പതിനഞ്ചു വർഷ കാലാവധി പൂർത്തിയാക്കുന്ന ചെറുതും വലുതുമായ എല്ലാവിധ വാഹനങ്ങളും ഫിറ്റ്‌നസ് യോഗ്യത നേടാതെ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല. ഇതിനായി സാധാരണ വാഹന ഉടമകൾ ചെയ്യുന്നത് പുറമെയുള്ള ഒരു മിനുക്കലാണ്. മാത്രമല്ല ഇടനിലക്കാർ മുഖാന്തരമല്ലാതെ പോകുന്ന വാഹനങ്ങൾ എത്ര നന്നാക്കിയാലും ഏതെങ്കിലും ഒരു കുറവിൽ ഫിറ്റ്‌നസ് യോഗ്യതയിൽ തഴയപ്പെടാം. അതിനാൽ ഏതാണ്ട് നൂറ് ശതമാനം വണ്ടികളും ഇടനിലക്കാർ മുഖേനയാണ് ഫിറ്റ്നസിന് ഹാജരാക്കുന്നത്. മോട്ടോർ വാഹന വകുപ്പിൽ കാലാകാലങ്ങളായി ഏറ്റവും കൂടുതൽ കൈക്കൂലി മറിയുന്ന ഒരു ഏർപ്പാട് കൂടിയാണെന്നത് പരസ്യമായ രഹസ്യമാണ്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മാനുവൽ പരിശോധന നടത്തിയാണ് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതാണ് അഴിമതിക്കുള്ള ഇട സൃഷ്ടിക്കുന്നതും. ഇതിന് പകരം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് യന്ത്രങ്ങൾ ഉപയോഗിച്ചാവണം വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കേണ്ടതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് നേരത്തേ തന്നെ നിർദ്ദേശിച്ചിരുന്നതാണ്. ബ്രേക്കുകൾ, ഹെഡ് ലൈറ്റുകൾ, എമിഷൻ തുടങ്ങിയ വാഹന ഘടകങ്ങളെ കൃത്യമായി പരിശോധിക്കാൻ യന്ത്ര പരിശോധന വേണമെന്നാണ് കേന്ദ്രം ഉത്തരവിൽ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് നിലവിൽ ഒമ്പത് ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്‌റ്റിംഗ് സെന്ററുകളുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. ഇവയിൽ ആറെണ്ണം പ്രവർത്തിച്ചിരുന്നെങ്കിലും നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന കെൽട്രോണിന് നൽകാനുള്ള എട്ടര കോടി രൂപ കുടിശിക നൽകാത്തതിനാൽ അതിന്റെ പ്രവർത്തനവും നിന്നു പോയിരുന്നു.
വീണ്ടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ടു വീതം 28 ടെസ്‌റ്റിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്. യന്ത്രങ്ങൾ പരിശോധിച്ചാലും ഫിറ്റ്‌നസ് നൽകാനുള്ള അധികാരം വേണമെന്ന് വെഹിക്കിൾ ഇൻസ‌്‌പെക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടെങ്കിലും ട്രാൻസ്‌പോർട്ട് കമ്മിഷണർ അതു നിരസിച്ചതിനാൽ ഇത് നടപ്പാവുമെന്ന് പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുകയോ ഫിറ്റ്‌നസ് നൽകുകയോ ചെയ്യേണ്ടതില്ലെന്നും മൂന്ന് രീതിയിലുള്ള ടെസ്റ്റ് പാസാകുന്നവർക്ക് ഓട്ടോമാറ്റിക്കായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നുമാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരിക്കുന്നത്. സെൻസർ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഈ യന്ത്ര സംവിധാനത്തിന്റെ ട്രാക്കിലേക്ക് വാഹനം പ്രവേശിപ്പിച്ചാൽ പത്ത് മിനിട്ടിനുള്ളിൽ പരിശോധന പൂർത്തിയാകും. ഫലം തത്സമയം ഡിജിറ്റൽ റിപ്പോർട്ടായി ലഭിക്കുകയും ചെയ്യും.
ഹൈ റെസല്യൂഷൻ ക്യാമറകളും സെൻസറുകളും നൽകുന്ന വിവരം നേരിട്ട് കേന്ദ്ര സർക്കാരിന്റെ 'വാഹൻ' സെർവറിലേക്ക് കൈമാറും. അതിനാൽ യന്ത്രം തോൽപ്പിക്കുന്നവർക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാനുള്ള ഒരു സാദ്ധ്യതയും ഉണ്ടാവില്ല. ടെസ്റ്റ് പാസായില്ലെങ്കിൽ പിഴവ് തിരുത്തി റീടെസ്‌റ്റിന് അവസരമുണ്ടാകും. ഇത് വരുന്നതോടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി ഇടപാട് നിലയ്ക്കുമെന്ന് പ്രതീക്ഷിക്കാം. യന്ത്രങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനാൽ യഥാർത്ഥത്തിൽ ഫിറ്റ്‌നസ് ഉള്ള വാഹനങ്ങളാകും നിരത്തിൽ ഓടുന്നതെന്ന് ജനങ്ങൾക്കും ഉറപ്പാക്കാം. അതിനാൽ പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ട ഒരു നീക്കമാണിത്. ഫിറ്റ്‌നസ് പരിശോധിക്കുന്നതിനുള്ള ഫീസുകൾ സാധാരണക്കാർക്കടക്കം താങ്ങാവുന്ന തരത്തിൽ നിജപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |