SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.45 AM IST

വിഴിഞ്ഞം: സാമ്പത്തിക ഭാവിയിലേക്കുള്ള കവാടം

1

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് EXIM ചരക്ക് കൈകാര്യം ചെയ്യൽ ആരംഭിക്കുന്നത് കേരളത്തിന്റെ സാമ്പത്തിക വികസന ചരിത്രത്തിലെ ഒരു നിർണായക വഴിത്തിരിവാണ്. അന്താരാഷ്ട്ര കപ്പൽപാതകളോട് തൊട്ടടുത്തുള്ള തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്തിക്കൊണ്ട് വിഴിഞ്ഞത്തിന് രാജ്യത്തെ പ്രമുഖ ട്രാൻസ്ഷിപ്പ്മെന്റ്- ലോജിസ്റ്റിക്സ് ഹബ്ബായി ഉയരാനുള്ള അപൂർവ അവസരമാണ് ലഭിച്ചിരിക്കുന്നത്.

എന്നാൽ, ഒരു ലോകോത്തര തുറമുഖത്തിന്റെ വിജയം, അതിനോട് ചേർന്നുള്ള ലോകോത്തര ഗതാഗത ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 62.2 കിലോമീറ്റർ വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ വിഴിഞ്ഞത്തെ NH-66മായി കാര്യക്ഷമമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ഇടനാഴിയായി മാറാൻ സാദ്ധ്യതയുണ്ട്. കണ്ടെയ്നർ ഗതാഗതം വേഗത്തിലാക്കുന്നതിനൊപ്പം തിരുവനന്തപുരം നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും ഇതിന് കഴിയും.

ഈ വികസന ഇടനാഴിയെ ഒരു ഗതാഗത പാത മാത്രമായി കാണുന്നത് പര്യാപ്തമല്ല. ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്താൽ ലോജിസ്റ്റിക്സ് പാർക്കുകൾ, വ്യവസായ മേഖലകൾ, വെയർഹൗസുകൾ, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങൾ എന്നിവയുടെ വളർച്ചയ്ക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് വഴിതെളിക്കും. കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ദേശീയ- അന്തർദ്ദേശീയ വിപണികളിലേക്ക് വേഗത്തിൽ പ്രവേശിക്കാനും ഇതിലൂടെ സാധിക്കും.

എന്നിരുന്നാലും, ഇത്രയും വലിയ അടിസ്ഥാനസൗകര്യ പദ്ധതിയെ അതിന്റെ വലിപ്പമോ പ്രഖ്യാപിത ലക്ഷ്യങ്ങളോ മാത്രം വച്ച് വിലയിരുത്തുന്നത് ശരിയല്ല. പരിമിതമായ ഭൂവിഭവങ്ങൾ, ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതി ദുർബലത എന്നിവയുള്ള സംസ്ഥാനമാണ് കേരളം. അതിനാൽ ഭൂമിയേറ്റെടുക്കൽ, പരിസ്ഥിതി ആഘാതം, ശേഷി, നഗരജീവിതത്തിലെ പ്രത്യാഘാതങ്ങൾ, നിർമ്മാണ-പരിപാലന ചെലവ് എന്നിവയ്‌ക്കൊപ്പം പദ്ധതിയിൽ നിന്നുള്ള യഥാർത്ഥ സാമ്പത്തിക നേട്ടങ്ങളും ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ട്.

ഇതിനായി സ്വതന്ത്രവും സുതാര്യവുമായ ഒരു ചെലവ്- ലാഭ വിശകലനം അനിവാര്യമാണ്. ബദൽ റോഡ് പാതകൾ, റെയിൽ ഉൾപ്പെടെയുള്ള മറ്റ് ഗതാഗത മാർഗങ്ങൾ, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരമാവധി ഉപയോഗ സാദ്ധ്യത എന്നിവയും താരതമ്യ പഠനത്തിന് വിധേയമാക്കണം. കണ്ടെയ്നർ ഗതാഗതത്തിന്റെ സമയവും ചെലവും, ഭൂമിയുടെ ആവശ്യകത, തൊഴിൽ സാദ്ധ്യത, പരിസ്ഥിതി ആഘാതം, വിഴിഞ്ഞത്തിന്റെ ദീർഘകാല വികസന ആവശ്യങ്ങൾ എന്നിവ ഒന്നിച്ച് പരിഗണിക്കേണ്ടതുണ്ട്.

സമഗ്രമായ സാമ്പത്തിക ശൃംഖല

വിഴിഞ്ഞത്തെ കേരളത്തിന്റെ വിശാലമായ റോഡ്, റെയിൽ, തീരദേശ ഗതാഗത, ലോജിസ്റ്റിക്സ് ശൃംഖലകളുമായി ഏകോപിപ്പിക്കണം. കപ്പലുകളിൽ നിന്ന് കണ്ടെയ്നറുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്നതിൽ മാത്രം ലക്ഷ്യം ഒതുങ്ങരുത്.

വിഴിഞ്ഞത്തെ കേന്ദ്രീകരിച്ച് മൂല്യവർദ്ധിത സാമ്പത്തിക പ്രവർത്തനങ്ങൾ, നിർമ്മാണ മേഖല, വ്യാപാരം, ലോജിസ്റ്റിക്സ്, തൊഴിൽ എന്നിവ കേരളത്തിനകത്ത് വളരുന്ന തരത്തിലുള്ള സമഗ്രമായ സാമ്പത്തിക ശൃംഖലയാണ് രൂപപ്പെടേണ്ടത്.

തീരുമാനവും ആസൂത്രണവും

വിഴിഞ്ഞം വെറുമൊരു തുറമുഖ പദ്ധതി മാത്രമല്ല; അതിന്റെ കണക്ടിവിറ്റി വെറുമൊരു റോഡ് പദ്ധതിയുമല്ല. ഇവ രണ്ടും ചേർന്ന് കേരളത്തിന്റെ സാമ്പത്തിക ഭാവിയെ നിർണയിക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ വികസന പദ്ധതികളാണ്. അവസരം ചരിത്രപ്രധാനമാണ്. അതിനാൽ തീരുമാനവും ആസൂത്രണവും അതിനൊത്ത ഉത്തരവാദിത്വത്തോടെയും ദീർഘവീക്ഷണത്തോടെയും ആയിരിക്കണം.


(സംസ്ഥാന മുൻ അഡിഷണൽ ഡെവലപ്പ്മെന്റ് കമ്മിഷണറാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY