
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനിടയിൽ ബ്രഹ്‌മോസ് സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ ഇന്തോനേഷ്യ കരാർ ഒപ്പിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പോന്നതാണ്. കഴിഞ്ഞ മാർച്ചിൽ ഒപ്പുവച്ച പ്രാഥമിക ധാരണയുടെ തുടർച്ചയാണ് പുതിയ കരാർ. ഇതിന്റെ ഭാഗമായി ഇപ്പോൾ ഒപ്പിട്ടിരിക്കുന്ന കരാർ മൊബൈൽ ലോഞ്ചറുകൾ, നിരീക്ഷണ റഡാറുകൾ, പരിശീലനം, ലോജിസ്റ്റിക്സ് പിന്തുണ, ബാറ്ററികൾ തുടങ്ങിയവ ഉൾപ്പെട്ട ഒരു സമഗ്ര പ്രതിരോധ പാക്കേജാണ്. ഇതോടെ ഫിലിപ്പീൻസിനും വിയറ്റ്‌നാമിനും ശേഷം ബ്രഹ്‌മോസ് വാങ്ങുന്ന മൂന്നാമത്തെ വിദേശരാജ്യമായി ഇന്തോനേഷ്യ. ഇന്ത്യയും റഷ്യയും ചേർന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. സാമ്പത്തികമായും ശാസ്‌ത്ര പുരോഗതിയിലും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് സ്വന്തമായി ക്രൂയിസ് മിസൈൽ വികസിപ്പിക്കുക അസാദ്ധ്യമാണ്. വികസിത രാജ്യങ്ങളിൽ നിന്ന് അവ വാങ്ങുക എന്നത് അതീവ സങ്കീർണമായ ധാരണകൾ വേണ്ടിവരുന്നതും ഭീമമായ ചെലവ് സഹിക്കേണ്ടി വരുന്നതുമായതിനാൽ പല രാജ്യങ്ങളും ഇന്ത്യയെയാണ് സമീപിക്കുന്നത്.
ഇന്തോനേഷ്യയുമായുള്ള കരാർ ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ ബന്ധങ്ങൾക്കും വലിയ മുതൽക്കൂട്ടാവുന്നതിന് പുറമേ, പാകിസ്ഥാനുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഇന്തോനേഷ്യ അവരുടെ പ്രതിരോധത്തിന് ഇന്ത്യയെ ആശ്രയിക്കുന്നു എന്ന പ്രാധാന്യവും കൈവന്നിട്ടുണ്ട്. ബ്രഹ്‌മോസ് മിസൈലിന് പുറമേ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അസ്‌ത്ര എം.കെ 1 എയർ - ടു - എയർ മിസൈലും ഇന്തോനേഷ്യയ്ക്ക് നൽകുന്നതിന് ധാരണയായിട്ടുണ്ട്. ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമായ ഇ.വി.എം വാങ്ങാനും താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് കരാറുകൾക്ക് അന്തിമധാരണയായത്. ഇന്ത്യ ബ്രഹ്മോസ് നൽകുന്ന ഫിലിപ്പീൻസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ മൂന്നു രാജ്യങ്ങൾക്കും ദക്ഷിണ ചൈനാ കടലിൽ ചൈനയുമായി തർക്കങ്ങളുള്ളതിനാൽ ഇടപാടുകൾക്ക് തന്ത്രപരമായ പ്രാധാന്യമേറെയാണ്.
ബ്രഹ‌്‌മോസ് എയ‌്‌റോ സ്‌പേസും ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയവുമാണ് കരാറിൽ ഒപ്പിട്ടത്. അസ്‌ത്ര മിസൈലിന്റെ ആദ്യ വിദേശ ഇടപാടുമാണിത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ പേരിൽ മാത്രമല്ല, നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രപരമായ ബന്ധവുമുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മുസ്ളിംരാജ്യമായ ഇന്തോനേഷ്യയിലാണ്. പ്രംബനൻ എന്ന ഈ അതിബൃഹത്തായ ശിവക്ഷേത്രത്തിന് ആയിരത്തിലേറെ വർഷത്തിന്റെ പഴക്കമുണ്ട്. ഇപ്പോഴും പൂജാദികർമ്മങ്ങൾ നടക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഇന്ത്യയും ഇന്തോനേഷ്യയും സംയുക്തമായി നടത്താനും തീരുമാനമായി. 2029-ൽ പുനരുദ്ധാരണം പൂർത്തിയാകുമ്പോഴുള്ള ചടങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഇന്തോനേഷ്യൻ പ്രസിഡന്റ് ക്ഷണിച്ചെന്നും അതിൽ പങ്കെടുക്കാൻ അതിയായി ആഗ്രഹിക്കുന്നതായും മോദി പ്രസംഗത്തിൽ പറയുകയുണ്ടായി.
സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, വാണിജ്യം, തുറമുഖ വികസനം, എ.ഐ, ഊർജം, ടൂറിസം, ബഹിരാകാശം, കൃഷി തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പതിനെട്ടോളം ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങൾ മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പുവച്ചു. വിശ്വസ്തരായ പങ്കാളികളുമായി നൂതന സാങ്കേതികവിദ്യകളും പ്രതിരോധ ഇടപാടും പങ്കുവയ്ക്കുന്നതിൽ ഇന്ത്യയ്ക്ക് തടസമില്ലെന്ന സന്ദേശം കൂടിയാണ് പ്രതിരോധ കരാറിലൂടെ, ഇന്ത്യ ലോകത്തിനും പ്രത്യേകിച്ചും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും നൽകിയിരിക്കുന്നത്. അമേരിക്കയുടെ കാവൽ പോരാ, സ്വന്തം പ്രതിരോധ മാർഗങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചുകൊണ്ടിരിക്കുന്ന കാലയളവാണിത്. ഈ സാഹചര്യത്തിൽ ഇന്ത്യ - ഇന്തോനേഷ്യൻ സൗഹൃദത്തിന് അധിക മാനങ്ങളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |