
സംസ്ഥാനത്തെ അണക്കെട്ടുകളിലെയും നദികളിലെയും അടിത്തട്ട് ഉയർന്നത് രണ്ടായിരത്തി പതിനെട്ടിലെ മഹാ പ്രളയത്തിലാണ്. ശക്തമായ ഉരുൾപൊട്ടലിൽ അണക്കട്ടുകൾ തകരുകയും നദികളിൽ ക്രമാതീതമായി ചെളിയും എക്കൽ മണ്ണും അടിയുകയും ചെയ്തു. നദികളെ സ്വാഭാവികമായി ഉണ്ടാകുന്ന മണലിനൊപ്പമാണ് മണ്ണും ചെളിയും എക്കലും അടിഞ്ഞത്. ഇക്കഴിഞ്ഞ മിന്നൽ പ്രളയത്തോടെ ജില്ലയിലെ നദികൾ കരകവിഞ്ഞൊഴുകിയതിന് പ്രധാന കാരണം, നദികളിൽ അടഞ്ഞു കൂടിയ മണ്ണും ചെളിയും മണലുമാണെന്ന് വിലയിരുത്തലുണ്ട്. ഇതുകൂടാതെ, നദികൾ കയ്യേറ്റത്തിനിരയായതു കാരണം വീതി കുറയുകയും ചെയ്തു. മണ്ണ് നീക്കുകയോ കയ്യേറ്റം ഒഴിപ്പിക്കുകയോചെയ്തില്ല. ഒരു ചെറു പ്രളയത്തെയും താങ്ങാനുള്ള ശേഷി സംസ്ഥാനത്തെ നദികൾക്കില്ല. സംസ്ഥാനപ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുകയാണ്. സംസ്ഥാനത്തെ നദികളിൽ നിന്ന് വാരി മാറ്റാനുള്ളത് ഇരുപത്തിയേഴ് ലക്ഷം ടൺ മണ്ണാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. മഴവെള്ളം സംഭരിക്കാനുള്ള ശേഷി അണക്കെട്ടുകൾക്കും നദികൾക്കുമില്ല.
മഹാ പ്രളയത്തിനു ശേഷം നടത്തിയ സാൻഡ് ഓഡിറ്റിംഗിൽ നദികളിൽ നിന്ന് ശരാശരി രണ്ട് മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. മണ്ണ് കലർന്ന മണൽ വാരി കരയിലിട്ട ശേഷം, മണൽ വേർതിരിച്ച് വിൽക്കാനായിരുന്നു കഴിഞ്ഞ സർക്കാരിന്റെ തീരുമാനം. ഇതിനായി ഒരോ നദിയിലെയും കടവുകളും തീരുമാനിച്ചു. പത്തനംതിട്ടയിൽ പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ തീരങ്ങളിൽ ഇരുപത് കടവുകൾ നിശ്ചയിച്ചു. രണ്ടായിരത്തി ഇരുപത്തിനാലിൽ പാർലമെന്റ് തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ മണൽ നീക്കം പാളി. പരിസ്ഥിതി അനുമതി ലഭിച്ചതുമില്ല.
പ്രളയവും വെള്ളപ്പൊക്കവുമുണ്ടായ സംസ്ഥാനത്തെ പതിനെട്ട് നദികളിലാണ് മണൽ ശേഖരം കണ്ടെത്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സാൻഡ് ഓഡിറ്റിംഗ് നടത്തിയത്. രണ്ടായിരത്തി ഇരുപതിൽ പൂർത്തിയായി. പുഴകൾ വറ്റുന്ന മാർച്ച് മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ മണൽ വാരാനായിരുന്നു ശുപാർശ. കടവുകളിൽ കൂട്ടിയിടുന്ന മണൽ തദ്ദേശ സ്ഥാപനങ്ങൾ ലേലം നടത്തി വിൽക്കാം. ഇതിനായി ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. നദികളിലെ മണ്ണും മണലും നീക്കുകയും കയ്യേറ്റം ഒഴിപ്പിക്കുകയും ചെയ്താൽ വെള്ളപ്പൊക്ക സാദ്ധ്യത അൻപത് ശതമാനം കുറയും. നദികളിൽ ജലസംഭരണ ശേഷി ഉയരും. വാരി മാറ്റുന്ന പുഴമണൽ നിർമാണ മേഖലയ്ക്ക് പ്രയോജനപ്പെടും. പാറപ്പൊടിയേക്കാൾ കുറഞ്ഞ വിലയ്ക്ക് പുഴ മണൽ ലഭിക്കും. നദികൾ വീണ്ടെടുക്കുന്നതിനൊപ്പം നാട്ടിൻപുറങ്ങളിലെ തോടുകളും ജലസംഭരണികളും വീണ്ടെടുത്താൽ പ്രളയം ജലത്തെ ഭൂമിയിൽ തന്നെ പിടിച്ചു നിർത്താം.
വെള്ളം നിറയാൻ ഇടമില്ല
പ്രളയം കൂടുതൽ നാശനഷ്ടം വിതച്ച ജില്ലകളിലൊന്നായ പമ്പാനദിയിലെ പ്രളയം ഒഴിവാക്കാൻ മണൽശേഖരം വാരി മാറ്റുക മാത്രമല്ല പോംവഴിയെന്ന് പമ്പാ പരിരക്ഷണ സമിതി മുൻ സെക്രട്ടറിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകനുമായ ഫാ.ബെൻസി മാത്യു കിഴക്കേതിൽ പറയുന്നു. പ്രളയജലം ഉയരാൻ പ്രധാനകാരണം നിലങ്ങളും പാടങ്ങളും അനധികൃതമായും വ്യാപകമായും നികത്തിയതാണ്. രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിൽ റാന്നിയിലും ചെങ്ങന്നൂരും ജലനിരപ്പ് ഉയർന്നപ്പോൾ പൂവത്തൂർ പ്രദേശത്ത് വെള്ളം വലിയതോതിൽ ഉയർന്നിരുന്നില്ല. അതിന് കാരണം അവിടെ കൃഷിയിടങ്ങൾ, പാടങ്ങൾ, വയലുകൾ നികത്തിയിരുന്നില്ല എന്നതാണ്. തരിശായി കിടന്ന പാടങ്ങളിൽ വെള്ളം പരന്നു നിറഞ്ഞതായി അന്ന് നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു.
പുഴകളിൽ മണൽ നിറഞ്ഞതുകൊണ്ടാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത് എന്ന നിരീക്ഷണം തീരം കൈയേറ്റങ്ങളെ മറച്ചുവയ്ക്കാനാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ ആരോപിക്കുന്നു. വർഷങ്ങൾകൊണ്ട് രൂപപ്പെട്ട സ്വാഭാവിക മണൽ ഇന്ന് നദികളിൽ ഇല്ല. പകരം എക്കലും ചേറും കലർന്ന മണ്ണാണ് . ഇത് ഉപയോഗപ്രദമല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. പാറകൾ തെളിഞ്ഞ നദിയുടെ അടിത്തട്ട് വേനലിൽ വറ്റിവരുമ്പോൾ കാണാം. അത്തരം ഒരു സാഹചര്യത്തിൽ നദികളുടെ ആഴം വർദ്ധിപ്പിക്കുന്നത് കടുത്ത വരൾച്ചയ്ക്ക് കാരണമാകും. ശാസ്ത്രീയമായ ഓവുചാലുകളുടെ അപര്യാപ്തത നഗരങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായും അദ്ദേഹം പറയുന്നു.
നോക്കുകുത്തിയായി റിവർ മാനേജ്മെന്റ്
നദികളുടെ പരിപാലനത്തിനായി നിലവിലുള്ള റിവർ മാനേജ്മെന്റ് കമ്മറ്റികൾ സംസ്ഥാനത്ത് നിർജീവമാണ്. ഒട്ടേറെ ചുമലതലകളുള്ളതാണ് റിവർ മാനേജ്മെന്റ് കമ്മറ്റികൾ. നദിയിലെ മണലിന്റെ അളവ് കാലാകാലങ്ങളിൽ തിട്ടപ്പെടുത്തണം. അനധികൃത മണൽ ഖനനം തടയണം. നദികളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും തീരമിടിച്ചിൽ തടയുന്നതിനും നടപടി സ്വീകരിക്കണം.
നദിയുടെ നീരൊഴുക്കിന് തടസമാകുന്ന മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കണം.
റിവർ മാനേജ്മെന്റ് കമ്മറ്റികൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ഫണ്ടും കൈമാറി നിയമസംരക്ഷണം ഉറപ്പാക്കുകയും ചെയ്താൽ കുറഞ്ഞപക്ഷം നദികളിലെ കയ്യേറ്റം വീണ്ടെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |