SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.45 AM IST

വള്ളംകളി ആവേശങ്ങൾക്കിടെ വെള്ളം കേറും വാഗ്ദാനങ്ങൾ

1

പമ്പാനദിയുടെ ഓളങ്ങളെ ഉണർത്തി വീണ്ടുമൊരു ഉത്രട്ടാതി നാൾ കൂടി എത്തുന്നു. കിഴക്ക് ഇടക്കുളത്തു നിന്ന് പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളിലും ഇപ്പോൾ വള്ളപ്പാട്ടിന്റെയും ആവേശത്തിന്റെയും താളം മുഴങ്ങുകയാണ്. ആഗസ്റ്റ് മുപ്പതിനാണ് ആറന്മുള ഉത്രട്ടാതി ജലമേള. ആറന്മുളക്കാർക്ക് ഇത് കേവലമൊരു ജലമേളയല്ല; തലമുറകളായി നെഞ്ചിലേറ്റുന്ന സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഒത്തുചേരലാണ്. ഇത്തവണ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി എത്തുകയാണെങ്കിൽ ആറന്മുളയ്ക്ക് ദേശീയശ്രദ്ധ കൈവരും. സത്രക്കടവും പരിസരവും പന്തലുകൾ ഉയർന്നും പെയിന്റടിച്ചും അതിവേഗം ഒരുങ്ങുന്നു. പക്ഷേ, ഓരോ വർഷവും വള്ളംകളി അടുക്കുമ്പോൾ മാത്രം ഉണരുകയും, മേള കഴിയുമ്പോൾ വഴിയിലാവുകയും ചെയ്യുന്ന താത്കാലിക സംവിധാനങ്ങളും വാഗ്ദാനങ്ങളും ആറന്മുളക്കാർക്ക് പുതിയതല്ല. സ്ഥിരം പവലിയനും പമ്പയിലെ മൺപുറ്റുകൾ നീക്കലുമെല്ലാം ഇന്നും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നു. എങ്കിലും, ആചാരപ്പെരുമയുടെ ആ ദിനം പുലരുമ്പോൾ ഈ പരാതികളെല്ലാം പമ്പയുടെ ഒഴുക്കിൽ മാഞ്ഞുപോകും.

അണിഞ്ഞൊരുങ്ങിയ പള്ളിയോടങ്ങളുടെ ആവേശത്തുഴ പമ്പാനദിയിലെ ഉത്സവമാണ്. ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ ആചാരാനുഷ്ഠാനങ്ങളോടെ പാടിത്തുഴഞ്ഞ് മത്സരിക്കുന്ന കാഴ്ച നയനാനന്ദകരം. ഉത്രട്ടാതി നാളിൽ രാവിലെ ക്ഷേത്രത്തിൽ പൂജിച്ച മാലയും ചന്ദനവും ക്ഷേത്രക്കടവിൽ നിന്ന് ഏറ്റുവാങ്ങി ഘോഷയാത്രയ്ക്ക് പള്ളിയോടങ്ങൾ അണിനിരക്കുന്നതോടെ ജലമേളയ്ക്ക് തുടക്കമാകും. എ. ബി ബാച്ചുകളായി പള്ളിയോടങ്ങളെ തിരിച്ചാണ് വള്ളംകളി മത്സരം നടക്കുന്നത്. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കൂടിച്ചേരലാണ് ആറന്മുളയിലെ വള്ളസദ്യയും വഞ്ചിപ്പാട്ടും ജലമേളയും. ജനങ്ങൾ ജാതി മത ഭേദ വ്യത്യാസമില്ലാതെ ഒന്നായി മാറുന്ന കലയുടെ വർണ്ണക്കളിയാട്ടമാണ് വള്ളംകളി. വഞ്ചിപ്പാട്ടിന്റെയും തുഴച്ചിലിന്റെ ഹൃദയതാളം ഓരോ ആറന്മുളക്കാരന്റെയും മനസിലുണ്ട്. ആറന്മുള വള്ളസദ്യയുടെയും വള്ളംകളിയുടെയും നടത്തിപ്പ് ചുമതല പള്ളിയോട സേവാസംഘത്തിനാണ്. 52 കരകളുടെയും പ്രതിനിധികളടങ്ങിയതാണ് പള്ളിയോട സേവാ സംഘം.

 വാഗ്ദാനങ്ങൾ വെള്ളത്തിൽ

വള്ളംകളി മത്സരത്തിന്റെ പ്രധാന വേദി ആറന്മുള സത്രക്കടവാണ്. ഫിനിഷിംഗ് പോയിന്റിലാണ് പ്രധാന ചടങ്ങ്. വി.ഐ.പികൾ ഇവിടെയിരുന്നാണ് ജലമേള കാണുക. പരപ്പുഴ കടവിൽ നിന്ന് തുടങ്ങി സത്രക്കടവിൽ അവസാനിക്കുന്നതാണ് വള്ളംകളി മത്സരം. സത്രക്കടവിലാണ് ഫിനിഷിംഗ് പോയിന്റ്. ആറന്മുള വള്ളംകളിക്ക് സ്ഥിരം പവലിയനില്ല. ഇവിടെ അടിസ്ഥാന സൗകര്യം കുറവാണ്. ഓരോ വർഷം ആറന്മുള ജലമേള അടുക്കുമ്പോൾ ഏതാനും ദിവസം മുൻപ് മാത്രമാണ് താത്കാലിക പവലിയൻ ഒരുക്കുന്നതും മറ്റ് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുന്നതും. ഫിനിഷിംഗ് പോയിന്റിൽ സ്ഥിരം പവലിയൻ എന്ന വാഗ്ദാനം ഭരണാധികാരികളിൽ നിന്ന് ആറന്മുളക്കാർ സ്ഥിരം കേൾക്കുന്നതാണ്.

ഓരാേ വർഷവും വള്ളംകളിക്ക് എത്തുന്ന വി.ഐ.പികൾ വാഗ്ദാനം ആവർത്തിക്കും. പക്ഷേ, നടപ്പാക്കില്ലെന്നതാണ് യാഥാർത്ഥ്യം. ആറന്മുളയിൽ പള്ളിയോടങ്ങൾ തുഴഞ്ഞു വരുമ്പോൾ മറിയാതിരിക്കാൻ പമ്പാനദിയിലെ മൺപുറ്റ് നീക്കണമെന്ന് പല ആവർത്തി ആവശ്യപ്പെടുമ്പോൾ മാത്രമാണ് സർക്കാർ അനങ്ങുന്നത്. ആറന്മുള വള്ളംകളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും സർക്കാരുകളുടെ ഭാഗത്ത് നിന്ന് കാര്യമായ സഹായമില്ലാത്തത് പള്ളിയോട കരകളെ നിരാശയിലാക്കുന്നു.

 വേണം സർക്കാർ സഹായം

കരക്കാരുടെ മാത്രം അദ്ധ്വാനം കൊണ്ട് പള്ളിയോടങ്ങളെ വള്ളംകളിക്ക് എത്തിക്കാനാവില്ല. അതിന് സർക്കാർ സഹായം കൂടിയേ തീരൂ. നാടിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിൽ വള്ളംകളിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ ഉണർന്നു പ്രവർത്തിക്കണം. വഞ്ചിപ്പാട്ട് പരിശീലനം, വള്ളപ്പുരയുടെ പരിപാലനം, പള്ളിയോടങ്ങളുടെ സംരക്ഷണം, തുഴച്ചിലുകാരുടെ സുരക്ഷ, പള്ളിയോടങ്ങൾ തുഴഞ്ഞു വരുന്ന വഴിയിൽ പമ്പാനദിയിലെ മൺപുറ്റ് നീക്കൽ തുടങ്ങി ഒട്ടേറെ നടപടികൾ സർക്കാർ ഭാഗത്തു നിന്ന് ചെയ്യേണ്ടതുണ്ട്. വള്ളംകളിയെ കലയായും സംസ്കാരമായും തലമുറകളിലേക്ക് പകരണം.

 നെഹ്റുട്രോഫി പോലെ വിനോദസഞ്ചാരികളെത്തണം

ആലപ്പുഴയിൽ നെഹ്റു ട്രോഫി വള്ളംകളി മത്സര തു‌ഴച്ചിൽ കൊണ്ട് പ്രശസ്തമാണ്. ഒട്ടേറെ വിദേശ വിനോദ സഞ്ചാരികൾ ഈ ദിവസം അവിടെ എത്താറുണ്ട്. നാടിന്റെ വരുമാനത്തിൽ വലിയ കുതിപ്പുണ്ടാക്കുന്നതാണ് നെഹ്റു ട്രോഫി വള്ളംകളി. അതേസമയം, ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ആലപ്പുഴയോളം വരുമാന പ്രാധാന്യമില്ല. സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും വള്ളംകളിയെ വരുമാന മാർഗമാക്കുന്നതിന് കാര്യമായ ഒരു നടപടിയും എടുക്കുന്നില്ല.

 വേണം അടിസ്ഥാനസൗകര്യം

വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള പഞ്ചനക്ഷത്ര സൗകര്യം

അടിസ്ഥാന ആവശ്യം നിറവേറ്റാനുള്ള വാണിജ്യ സ്ഥാപനങ്ങൾ വേണം.

കച്ചവട സ്ഥാപനങ്ങൾ കൂടുതൽ ഉണ്ടാകണം.

റോഡ് സൗകര്യം മെച്ചപ്പെടുത്തണം. റോഡുകൾ വികസിക്കണം.

പമ്പാനദിയുടെ തീരക്കാഴ്ചകൾ ആസ്വദിക്കാൻ പ്രകൃതിയെ ഒരുക്കണം.

പമ്പയുടെ കൈയേറ്റം ഒഴിപ്പിച്ച് മിനി പാർക്കും നടപ്പാതകളും നിർമ്മിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARANMULA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY