
ഓരോ കുട്ടിയുടെയും പരീക്ഷാ ഹാളിലെ പ്രവർത്തനം അവരുടെ അതുവരെയുള്ള പഠന നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. പരീക്ഷാ ഹാളിലിരിക്കുമ്പോൾ, പഠിച്ചതെല്ലാം ഓർമ്മ വരുമോ എന്നായിരിക്കും ഓരോ കുട്ടിയും ചിന്തിക്കുന്നത്. ഇത് പരീക്ഷാഭീതിയുടെ ലക്ഷണമാണ്. എല്ലാം ഓർമ്മ വരുമെന്നു മാത്രമല്ല, ഇതേവരെ എഴുതിയ പരീക്ഷകളേക്കാൾ എളുപ്പമായിരിക്കും പൊതുപരീക്ഷ എന്ന് കുട്ടികളും മാതാപിതാക്കളും മനസിൽ ഉറപ്പിക്കുക.
ഓരോ പരീക്ഷയുടെയും തലേദിവസം കൃത്യമായി ഏഴ്- എട്ട് മണിക്കൂർ ഉറങ്ങിയിരിക്കണം. അഥവാ ഉറക്കം വന്നില്ലെങ്കിലും നിശ്ചിതസമയത്തു തന്നെ കിടക്കുക. ഉറക്കം വന്നില്ലെങ്കിലും കണ്ണുകളടച്ച് കിടക്കുക. ഉറക്കം വരുന്നില്ലെന്നു കരുതി, വീണ്ടും എഴുന്നേറ്റിരുന്ന് പഠിക്കാൻ ശ്രമിക്കരുത്. രാവിലെ മാനസിക സംഘർഷമില്ലാതെ എഴുന്നേൽക്കുന്നതിന് ഇത് സഹായിക്കും. നന്നായി പരീക്ഷാ തയ്യാറെടുപ്പ് നടത്തുന്നതുപോലെ തന്നെ പ്രധാനമാണ് പരീക്ഷാഹാളിലെ പ്രവർത്തനവും.
എഴുതി ശീലിച്ച പേനകൾ തന്നെ (നീലയോ കറുപ്പോ) പരീക്ഷയ്ക്ക് കൊണ്ടുപോവുക. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബ്രാൻഡിലെ ബോൾപോയിന്റ് പേനകൾതന്നെ വാങ്ങി, അവ ഓരോന്നും കുറച്ചുനേരം എഴുതി പതംവരുത്തി വയ്ക്കുക. ഓരോ ബോൾപോയിന്റ് പേനയും എഴുതിത്തുടങ്ങുമ്പോൾ ഉണ്ടാകുന്ന മുറുക്കം ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. പുനരാവർത്തനം നടത്തുന്ന വേളയിൽ ഇവയോരോന്നും എടുത്ത് കുറച്ചുനേരം എഴുതിയാൽ മതിയാകും.
പേനയോടൊപ്പം മറ്റ് സാമഗ്രികൾ അടക്കം പെൻബോക്സ് തലേദിവസം തന്നെ തയ്യാറാക്കി വയ്ക്കുക
കൃത്യസമയത്ത് പരീക്ഷാഹാളിലെത്തുക. പരീക്ഷാഹാളിൽ നൽകുന്ന 'കൂൾ ഓഫ് ടൈം"ഫലപ്രദമായി ഉപയോഗിക്കുക. ചോദ്യപേപ്പർ തരുമ്പോൾ ആദ്യം അതിന്റെ എല്ലാ പേജും നോക്കി മുഴുവൻ ചോദ്യവും ഉണ്ടെന്നു ഉറപ്പു വരുത്തുക.
കൂൾ ഓഫ് ടൈമിൽ ചോദ്യങ്ങൾ മുഴുവൻ ഒരാവർത്തി വായിച്ച്, ഏറ്റവും നന്നായി അറിയാവുന്നവ എന്ന ക്രമത്തിൽ മൂന്നായി തരംതിരിക്കുക. എല്ലാം നന്നായി അറിയാവുന്നവയാണെങ്കിലും ഏതു ചോദ്യം ആദ്യം എഴുതിത്തുടങ്ങണമെന്നതിനെ കുറിച്ച് ഒരു മുൻഗണനാക്രമം നിശ്ചയിക്കുക.
ഓരോ ചോദ്യത്തിനും കൊടുത്തിരിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ അവ എഴുതുന്നതിനുള്ള സമയം ക്ലിപ്തപ്പെടുത്തുക. നിശ്ചിത സമയത്തിന് ഏകദേശം 10 മിനിട്ടിനു മുൻപേ എഴുതിത്തീർക്കുന്ന രീതിയിൽ ആദ്യം തന്നെ ആസൂത്രണം ചെയ്യുക.
ഏറ്റവും നന്നായി അറിയാവുന്നവ എന്ന ക്രമത്തിൽ എഴുതിത്തുടങ്ങുന്നതാണ് ഉത്തമം. ഓരോ ഉത്തരത്തിനും ടൈറ്റിൽ, ഉപ ടൈറ്റിൽ എന്നിവ എഴുതാൻ ശ്രദ്ധിക്കുക. നന്നായി അറിഞ്ഞുകൂടാത്ത ചോദ്യങ്ങൾ അവസാനം എഴുതുക.
ഒട്ടും അറിഞ്ഞുകൂടാത്ത ചോദ്യങ്ങളുണ്ടെങ്കിൽക്കൂടി അവയ്ക്ക് പരീക്ഷാഹാളിൽവച്ച് മനസിൽ വരുന്ന ഉത്തരം എഴുതുക. ഒരുപക്ഷേ അത് ശരിയായിരിക്കാം. അഥവാ തെറ്റായാൽക്കൂടി പ്രശനമില്ല. ഒരു ചോദ്യവും എഴുതാതെ വിടരുത് എന്നർത്ഥം.
പരീക്ഷ എഴുതിത്തീർന്ന ശേഷം നീക്കിവച്ചിരിക്കുന്ന അവസാന പത്തുമിനിട്ടു കൊണ്ട് ഉത്തരക്കടലാസ് ഒന്നുകൂടി നോക്കുക. എഴുതിയ പ്രധാന വാക്കുകളുടെ അടിയിൽ മാത്രം മറ്റൊരു നിറമുള്ള പേന കൊണ്ട് (നീല പേനകൊണ്ടാണ് പരീക്ഷ എഴുതിയതെങ്കിൽ കറുത്ത നിറത്തിലുള്ള പേനകൊണ്ട്) വരയ്ക്കുക. ഇത് പരീക്ഷാ പേപ്പർ മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകരെ നിർദ്ദിഷ്ട പോയിന്റിലേക്ക് ആകർഷിക്കുന്നതിന് സഹായിക്കും. എഴുതുമ്പോൾ കടന്നുകൂടിയേക്കാവുന്ന ചെറിയ തെറ്റുകൾ തിരുത്തുന്നതിന് ഈ സമയം ശ്രദ്ധിക്കുക.
(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക്സ് വിഭാഗം പ്രൊഫസറും ചൈൽഡ് സൈക്യാട്രിസ്റ്റും ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |