
ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭിക്കാൻ എത്രകാലം കാത്തിരിക്കണം?. അപേക്ഷ നൽകി മാസങ്ങളായിട്ടും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു അറിയിപ്പും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് സംസ്ഥാനത്തെ 34,167 ഭിന്നശേഷിക്കാർ. ആറ് മാസം മുതൽ ഒരുവർഷം വരെയായി കാത്തിരിക്കാൻ തുടങ്ങിയവരുമുണ്ട്. സ്‌കൂൾ പ്രവേശനത്തിന് ഭിന്നശേഷി സർട്ടിഫിക്കറ്റ് നിർബന്ധമല്ലെങ്കിലും സർക്കാർ നൽകുന്ന സ്‌കോളർഷിപ്പുകൾ, യാത്രാ ആനുകൂല്യങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാൻ ഭിന്നശേഷി സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. കൂടാതെ ഭിന്നശേഷി സംവരണം, സ്‌കൂളുകളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കൽ, വ്യക്തിഗത പഠനപദ്ധതി, പ്രത്യേക അദ്ധ്യാപക സഹായവും പഠനപിന്തുണ എന്നിവ ഉറപ്പാക്കാനും ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ജൂണോടെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ തീർപ്പുണ്ടാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി. കോഴിക്കോട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് 7,925, മലപ്പുറം 4,229, തിരുവനന്തപുരം, 4,001, കൊല്ലം 2,622 എന്നിങ്ങനെ.
അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യു.ഡി.ഐ.ഡി കാർഡും ഡിസബിലിറ്റി സർട്ടിഫിക്കറ്റും നൽകേണ്ടത്. ജില്ലാ, താലൂക്ക്, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡുകൾ ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. അസ്ഥിരോഗം, ഇ.എൻ.ടി, നേത്രരോഗങ്ങൾ, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മെഡിക്കൽ ബോർഡിൽ ഉണ്ടാവുക.
പാനൽ ചേരുന്നില്ല
സർക്കാർ ആശുപത്രികളിൽ വൈകല്യം നിർണയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡുകൾ സമയബന്ധിതമായി ചേരാത്തതാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രധാന തടസ്സം. സംസ്ഥാനത്തെ 106 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്. മാസങ്ങൾ കൂടുമ്പോൾ മാത്രം മെഡിക്കൽ ബോർഡുകൾ ചേരുന്ന ആശുപത്രികളുമുണ്ട്. മിക്ക മെഡിക്കൽ കോളേജുകളിലും ഏറെകാലതാമസമെടുക്കുന്നുണെന്ന ആക്ഷേപമുണ്ട്. പകർച്ചവ്യാധികളുടെ കാലമായതിനാൽ രോഗികളുടെ ബാഹുല്യംമൂലം ഒ.പികൾ കൈകാര്യം ചെയ്യാൻ തന്നെ കഴിയുന്നില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. സർട്ടിഫിക്കറ്റ് അനുവദിക്കുന്ന പാനലിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.
ജില്ല....................................തീർപ്പാക്കാനുള്ള അപേക്ഷകൾ
തിരുവനന്തപുരം...............4001
കൊല്ലം................................2,622
പത്തനംതിട്ട......................816
ആലപ്പുഴ.............................1588
ഇടുക്കി...............................1672
കോട്ടയം..............................1950
എറണാകുളം.....................856
തൃശൂർ.................................2,109
പാലക്കാട്............................2640
മലപ്പുറം...............................4229
കോഴിക്കോട്......................7,925
വയനാട്..............................255
കണ്ണൂർ.................................1675
കാസർക്കോട്.....................1857
ആകെ..................................34,167
അദ്ധ്യാപകരുടെ ശമ്പളവും മുടങ്ങി
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ശമ്പളം മുടങ്ങി സമഗ്ര ശിക്ഷാ കേരള ജീവനക്കാർ. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, താത്ക്കാലിക അദ്ധ്യാപകർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാർ തുടങ്ങി സമഗ്ര ശിക്ഷ കേരളയിൽ ഉൾപ്പെടുന്നവർക്കെല്ലാം ശമ്പളം മുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ 60 ശതമാനം ഫണ്ട് കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. ഇതിൽ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പറയുന്നത്. ഒരുവർഷത്തോളമായി എല്ല മാസവും ശമ്പളം വൈകിയാണ് ലഭിക്കുന്നതെങ്കിലും ഇത്ര വൈകാറില്ലെന്ന് ജീവനക്കാർ പറയുന്നു. ഏപ്രിൽ മാസത്തെ ശമ്പളം ലഭിച്ചത് ജൂൺ ഒന്നിനാണ്. ഭിന്നശേഷിക്കുട്ടികൾക്ക് നൽകിവരുന്ന ട്രാൻസ്‌പോർട്ട് അലവൻസ്, എസ്‌കോർട്ട് അലവൻസ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്റ്റൈപ്പന്റും മുടങ്ങിയിട്ടുണ്ട്.
സൗജന്യമായി വിതരണം ചെയ്തിരുന്ന വീൽച്ചെയർ, ക്രച്ചസ്, ശ്രവണ സഹായികൾ, ബ്രെയിൽ പുസ്തകങ്ങൾ എന്നിവയെല്ലാം മുടങ്ങിക്കിടക്കുകയാണ്.
മുടങ്ങാതെ സേവനങ്ങൾ
ഫിസിയോ, സ്പീച്ച്, ഒക്യുപേഷനൽ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള തെറാപ്പികൾ ഭിന്നശേഷികുട്ടികൾക്ക് ഉൾപ്പെടെ സൗജന്യമായി ലഭ്യമാക്കുന്നതിന് ബി.ആർ.സികളിൽ ഓട്ടിസം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി ഭിന്നശേഷി കുട്ടികൾക്ക് സ്‌പെഷൽ എജ്യുക്കേറ്റേഴ്സ് ക്ലാസും കൊടുക്കാറുണ്ട്. ശമ്പളം മുടങ്ങിയെങ്കിലും ജോലിയിൽ ഇതുവരെ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും ഇങ്ങനെ മുന്നോട്ടുപോയാൽ ജീവിതം പ്രതിസന്ധിയിലാകുമെന്ന് ജീവനക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |