SignIn
Kerala Kaumudi Online
Saturday, 27 June 2026 5.39 PM IST

പാട്ടപ്പിരിവും ഡൽഹിയിലെ ഭാവാഭിനയവും

a

ഇരുകാലിലും മന്തുള്ളവൻ ഒരു കാൽവിരലിൽ മാത്രം മന്ത് ബാധിച്ചവനെ നോക്കി 'മന്തുകാലാ" എന്നു വിളിച്ചാലോ?അതുപോലെയാണ് കോടികൾ കൈയിൽ വരുന്ന ബക്കറ്റ് പിരിവിന്റെ ആശാന്മാരായ സി.പി.എമ്മുകാർ, പാട്ടപ്പിരിവിലൂടെ ചില്ലറ നാണയത്തുട്ടുകൾ നേടുന്ന തങ്ങളെ പരിഹസിക്കുന്നതെന്ന് എസ്.യു.സി.ഐ എന്ന കൊച്ചു വിപ്ളവ പാർട്ടി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം എന്ന 'കരീമിക്കാ"യുടെ ഭാഷയിൽ പറഞ്ഞാൽ ഈർക്കിൽ പാർട്ടി! തുച്ഛമായ ഓണറേറിയം വർദ്ധനവിനായി സെക്രട്ടേറിയറ്റ് പടിക്കൽ പൊരിവെയിലത്ത് സമരം നടത്തുന്ന ആശാ വർക്കർമാർക്ക് അനുദിനം പിന്തുണ ഏറി വരുന്നതായാണ് കേൾക്കുന്നത്. സി.പി.ഐയുടെയും കോൺഗ്രസിന്റെയും പിന്തുണയും പിന്നാലെ.

സമരം പൊളിക്കാനുള്ള ബദൽ സമരവും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയുമാണ് മറുവശത്ത്. എന്നിട്ടും വീറോടെ സഹനസമരത്തിൽ ആശമാർ. സി.ഐ.ടിയുവും ഐ.എൻ.ടി.യു.സിയുവും പോലുള്ള വലിയ തൊഴിലാളി സംഘടനകൾ നടത്തുന്ന സമരത്തിനു പോലും ലഭിക്കാത്ത പ്രചാരവും ജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും അനുഭാവവും ഒരു ഈർക്കിൽ പാർട്ടി നേതൃത്വം നൽകുന്ന സമരത്തിന് എങ്ങനെ ലഭിച്ചു? ദുരിതജീവിതം നയിക്കുന്ന ആശമാരുടെ അവകാശങ്ങൾക്കായി പൊരുതേണ്ടവർ കാഴ്ചക്കാരായി നിന്നതല്ലേ ഈർക്കിൽ പാർട്ടിക്ക് നുഴഞ്ഞു കയറാൻ അവസരമൊരുക്കിയതെന്ന ചോദ്യമാണ് ഉയരുന്നത്.

ഈർക്കിലുകൾ ചേരുന്നതാണ് ചൂൽ. ഇതേ ചൂൽ കാട്ടി ഡൽഹി സംസ്ഥാനം പത്തുകൊല്ലം ഭരിച്ച ആം ആദ്മി പാർട്ടിയെ അതേ ചൂൽ കൊണ്ടുതന്നെ ബി.ജെ.പി തൂത്തെറിഞ്ഞത് മറക്കരുതെന്നാണ് ഈർക്കിൽ പാർട്ടിക്കാർ പറയുന്നത്. പാട്ടപ്പിരിവിലൂടെയാണ് അവർ ഉപജീവനം നടത്തുന്നതെന്നാണ് കരീമിക്കായുടെ വിമർശനം. അതിൽ തങ്ങൾക്ക് അഭിനാനമേ ഉള്ളൂവെന്നും, സി.പി.എമ്മിനെപ്പോലെ പാവങ്ങളെ മറന്ന് മുതലാളിമാരുടെ പണം പറ്റി പ്രവർത്തിക്കുന്നവരല്ല തങ്ങളെന്നുമാണ് ആശാ സമര നേതാവ് എസ്. മിനിയുടെ മറുപടി. പാവങ്ങളെ സംഘടിപ്പിച്ച് സമരം തുടങ്ങി വലിയ നേതാവായ കരീമിന് സമ്പന്നനായപ്പോൾ പാവങ്ങളോട് പുച്ഛമാണെന്നാണ് ആക്ഷേപം.

ഇതേ എളമരം കരീം തന്നെ സെക്രട്ടേറിയറ്റ് പടിക്കൽ പണ്ട് ആശമാരുടെ അവകാശ സമരത്തിൽ ആവേശപൂർവം പ്രസംഗിക്കുകയും, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ പ്രതിപക്ഷത്തിരുന്നപ്പോൾ ആശമാരുടെ ഓണറേറിയം പതിനായിരം രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് മറന്നുപോയോ എന്ന ചോദ്യവും സമരക്കാർ ഉയർത്തുന്നു. മുഖ്യമന്ത്രി വിചാരിച്ചാൽ ആശമാരുടെ സമരം അഞ്ച് മിനിട്ടുകൊണ്ട് തീർക്കാമെന്നാണ് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാഷ്യം. ഇടതു മുന്നണിയുടെയും സർക്കാരിന്റെയും ഭാഗമായ സി.പി.ഐ ആശാ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. പക്ഷേ,സർക്കാരിന് അനക്കമില്ല. സമരത്തിന് നേതൃത്വം നൽകുന്നവരുമായി ചർച്ചയില്ലെന്ന ദുരഭിമാനം വെടിഞ്ഞ് അവരുടെ ന്യായമായ ആവശ്യങ്ങൾ കേട്ട്,​ കഴിയുന്നത് അംഗീകരിക്കാനും കഴിയാത്തത് അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനും ശ്രമിക്കുകയല്ലേ

ഒരു ജനകീയ സർക്കാരിനു ചേർന്നത്?​

പകരം, 'നിങ്ങൾ രാജ്ഭവനു മുന്നിൽ പോയി കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യൂ, ഞങ്ങൾ പിന്തുണയ്ക്കാം" എന്നാണ് സർക്കാരും സി.പി.എം നേതാക്കളും നൽകുന്ന ഉപദേശം. സമരത്തിന് ആളും പ്രചാരവും കൂടിയപ്പോൾ സമരക്കാരിൽ പലരും ആശമാരല്ലെന്നും, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ചില ബാഹ്യശക്തികളാണെന്നുമാണ് സഖാക്കളുടെ ആരോപണം. സമരത്തിന് നേതൃത്വം നൽകുന്നവർ ആശാ പ്രവർത്തകരല്ലെന്നും! അപ്പോൾ സി.ഐ.ടി.യുക്കാരായ ആശമാർ നടത്തിയ ബദൽ സമരത്തിന് നേതൃത്വം നൽകിയവർ ആശാ പ്രവർത്തകരാണോ എന്നാണ്

മറുചോദ്യം. ഒരു ഈർക്കിൽ പാർട്ടി വിചാരിച്ചാൽ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ എങ്ങനെ കഴിയും? സമരത്തെ വെടക്കാക്കി ഒടുവിൽ തനിക്കാക്കാമെന്നു കരുതിയാൽ ഒടുവിൽ കടിച്ചതും പിടിച്ചതും പോകുമെന്ന് സാരം!

 

പൊട്ടിച്ചിരി. കെട്ടിപ്പിടിത്തം,​ പരസ്പരം കൈ കൊടുക്കൽ,​ കുശലം പറച്ചിൽ, ചെവി കടിക്കൽ... ഡൽഹി ഇന്ദിരാ ഭവനിൽ ഒത്തുകൂടിയ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഭാവാഭിനയം കണ്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും അമ്പരന്നു. ഗ്രൂപ്പിന്റെയും അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിന്റെയും പേരിൽ പരസ്പരം തലതല്ലിക്കീറുകയും മുഖാമുഖം കണ്ടാൽ മുഖം തിരിക്കുകയും ചെയ്യുന്ന കേരളത്തിലെ

കോൺഗ്രസ് നേതാക്കൾ തന്നെയല്ലേ ഇവർ! സംസ്ഥാനം മാറിപ്പോയൊന്നുമില്ലല്ലോ?

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, തമ്മിലടിച്ച് കുടമുടയ്ക്കുന്ന കേരളത്തിലെ പാർട്ടി നേതാക്കളെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി പരാതികൾ കേൾക്കാനും കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനും ആവശ്യമെങ്കിൽ അൽപ്പം വിരട്ടാനുമൊക്കെ ഉദ്ദ്യേശിച്ചാണ് അവരെ ഡൽഹിക്കു വിളിപ്പിച്ചത്. ഓരോ നേതാവിനും

സംസാരിക്കാൻ മൂന്നു മിനിട്ട് വീതം. ആർക്കും പരാതിയില്ല,​ പരിഭവമില്ല,​ എല്ലാവരും ഒറ്റക്കെട്ട്. അടുത്ത നാളുകളിൽ ഐക്യം അൽപ്പം കൂടിയിട്ടേയുള്ളൂ എന്ന് നേതാക്കൾ. അങ്ങനെയല്ലല്ലോ താൻ കേട്ടതെന്നായി രാഹുൽ ഗാന്ധി. ഐക്യം അത്ര വഴിഞ്ഞൊഴുകുകയാണെങ്കിൽപ്പിന്നെ ഈ യോഗം ചേർന്നത് എന്തിനെന്നായി രാഹുൽ.

കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉടൻ മാറ്റുമെന്ന് സന്തോഷിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റും ഡൽഹിക്ക് വണ്ടികയറിയതെന്ന് പറയുന്നു. അത്തരം ചില സൂചനകൾ ഹൈക്കമാൻഡും നൽകിയിരുന്നു. പക്ഷേ, ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞതുപോലെ, നേതൃമാറ്റത്തെപ്പറ്റി ആർക്കും മിണ്ടാട്ടമില്ല. സുധാകരനെ മാറ്റാതെ ഇനി ഒരുനിമിഷം മുന്നോട്ടു പോകാനാവില്ലെന്ന് ശഠിച്ചിരുന്ന വി.ഡി. സതീശനും മൗനം. കഴിഞ്ഞ മൂന്നരക്കൊല്ലമായി കേരളത്തിലെ പാർട്ടിക്ക് തിരഞ്ഞെടുപ്പുകളിൽ വിജയങ്ങൾ സമ്മാനിച്ച സുധാകരനെ ഈ ഘട്ടത്തിൽ എന്തിനു മാറ്റണം?

ഇതു ചോദിക്കാൻ തയ്യാറായി തലയെടുപ്പുള്ള നേതാക്കൾ പലരും യോഗത്തിലുണ്ട്.വെറുതെ വിഷയം എടുത്തിട്ട് അലമ്പിക്കണ്ട. മാത്രമല്ല, സുധാകരനെ മാറ്റിയാൽ താനും മാറണമെന്ന് അവർ ആവശ്യപ്പെട്ടാലോ?സതീശൻ അതേപ്പറ്റി മിണ്ടിയില്ല. മൗനം വിദ്വാന് ഭൂഷണം! സുധാകരനെ മാറ്റുന്ന കാര്യം കൂടി ചർച്ച ചെയ്യാൻ ചേർന്ന യോഗം ആ വിഷയം മാത്രം ചർച്ച ചെയ്യാതെ ചായ കുടിച്ച് പിരിഞ്ഞു. പിണറായി സർക്കാരിന്റെ വ്യവസായ നയത്തെയും, നരേന്ദ്രമോദി- ട്രംപ് കൂടിക്കാഴ്ചയെയും പ്രശംസിച്ച് കോൺഗ്രസിന്റെ കഞ്ഞിയിൽ പാറ്റയിട്ട ശശി തരൂർ എം.പിക്കെതിരെ സതീശൻ ഉൾപ്പെടെ പരാതി ഉയർത്തിയെങ്കിലും, തരൂർ മറുപടി പറയാതെ ബലംപിടിച്ചിരുന്നു. ഹൈക്കമാൻഡും അക്കാര്യത്തിൽ 'ലോ കമാൻഡായി." തരൂർ പാർട്ടിക്ക് വിനീത വിധേയനായി. അതോടെ, മല പോലെ വന്നത് എലി പോലെ പോയി!

 

ഇടതുപക്ഷ മുന്നണിക്ക് ഇരുപതു വർഷം കൂടി തുടർഭരണം ലഭിച്ചാൽ കേരളത്തിലെ തൊലില്ലായ്മ തുടച്ചു മാറ്റാനാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.ഐ (നിർമ്മിത ബുദ്ധി) വന്നാൽ മുതലാളിത്തം തകരാനും, അതുവഴി തൊഴിലാളി സർവാധിപത്യം വരാനും നൂറോ ഇരുന്നൂറോ വർഷമെടുക്കുമെന്ന് മാഷ് പറഞ്ഞതു പോലെ ഇതിനെ തമാശയായി കാണേണ്ടതില്ല. പക്ഷേ, ജനം സമ്മതിക്കണ്ടേ?

നുറുങ്ങ്:

 പി.എസ്.സി ചെയർമാന്റെ പുതുക്കിയ ശമ്പളം 3.6 ലക്ഷം രൂപ. അംഗങ്ങളുടെ ശമ്പളം 3.5 ലക്ഷം. ശമ്പള വർദ്ധനയ്ക്ക് സർക്കാർ മുൻകാല പ്രാബല്യം നൽകിയിരുന്നെങ്കിൽ 35 ലക്ഷം രൂപ കൂടി കിട്ടിയേനെ. ചതിയായിപ്പോയി!

○ ആന കൊടുത്തു. പക്ഷേ ആശ കൊടുത്തില്ല.

(വിദുരരുടെ ഫോൺ: 99461 08221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY