
പ്രകൃതിയുടെ പുഞ്ചിരി കണ്ണീരാകും
അതിരപ്പിള്ളിയിൽ സൂര്യനുദിക്കുമ്പോൾ വെള്ളച്ചാട്ടം പൊന്നിന്റെ നിറത്തിൽ തിളങ്ങും. വാഴച്ചാലിലൂടെ കാറ്റ് മരച്ചില്ലകളെ തലോടിക്കടന്നുപോകുന്നു. മലക്കപ്പാറയിലെ വനപാതകളിലൂടെ മൂടൽമഞ്ഞ് പതുക്കെ ഇറങ്ങിവരുന്നു. ചാവക്കാട് കടൽത്തീരം തിരമാലകളാൽ നിങ്ങളെ മാടിവിളിക്കും. സെൽഫികളുടെ പൂക്കാലമാണ് തൃശൂരിലെ വിനോദയാത്രാ വേളകൾ. ചിരികൾ മുഴങ്ങും. കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഉല്ലാസത്താൽ ഓടും. കുടുംബങ്ങൾ സെൽഫി ചിത്രങ്ങൾ പകർത്താനുള്ള തിരക്കിലാകും. ആ മനോഹര നിമിഷങ്ങളിൽ ചിലത് മണിക്കൂറുകൾക്കകം അനുസ്മരണ പോസ്റ്ററുകളായി മാറിയേക്കാം. മരണം ഒരിക്കലും മുന്നറിയിപ്പ് നൽകി വരില്ല. വെള്ളച്ചാട്ടം നോക്കുമ്പോൾ അത് ശാന്തമാണെന്ന് തോന്നും. പുഴയുടെ മേൽപ്പരപ്പിൽ ചെറിയ തിരമാലകൾ മാത്രം. പാറകൾ ഉറച്ചതാണെന്ന് തോന്നും. അതാണ് പ്രകൃതിയുടെ വലിയ മായാജാലം.
മേൽപ്പരപ്പിലെ നിശ്ശബ്ദതയ്ക്കടിയിൽ ഒളിഞ്ഞിരിക്കുന്നത് ആഴമുള്ള കയങ്ങളും കുത്തിയൊഴുകുന്ന അടിയൊഴുക്കുകളും അപ്രതീക്ഷിത ചുഴികളുമാണ്.
ഒരു തെറ്റായ കാൽവെപ്പ്... ഒരു നിമിഷത്തെ ബാലൻസ് നഷ്ടം... ഒരു നിലവിളി... പിന്നീട് കേൾക്കുന്നത് രക്ഷാപ്രവർത്തകരുടെയും ആംബുലൻസിന്റെയും കൂട്ടക്കരച്ചിലുകളുടെയും ശബ്ദം മാത്രം. 'ഇനി കുറച്ചുകൂടി മുന്നോട്ട്...'
മിക്ക അപകടങ്ങളും തുടങ്ങുന്നത് ഒരേ വാചകത്തിൽ നിന്നാണ്.
'ഇനി കുറച്ചുകൂടി മുന്നോട്ട് പോയാൽ നല്ല ഫോട്ടോ കിട്ടും.' അതിനുശേഷം ഒരാൾ സുരക്ഷാവേലി കടക്കും. മറ്റൊരാൾ അതിലും മുന്നോട്ട്. വീഡിയോകളുടെയോ സെൽഫികളുടെയോ പ്രലോഭനങ്ങളിൽ നിങ്ങൾ കുടുങ്ങിപ്പോകരുത്. ലഹരിയും മറ്റൊരപകടമാണ്. ജലത്തിന്റെ ആഴം ലഹരിക്ക് മനസിലാകില്ല. പാറയുടെ വഴുക്കലും.
സഹ്യന്റെ മടിത്തട്ടിൽ അതിരപ്പിള്ളിയും വാഴച്ചാലും മലക്കപ്പാറയും തുമ്പൂർമുഴിയുമെല്ലാം സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. എന്നാൽ, ഈ മനോഹര തീരങ്ങൾ പലപ്പോഴും കണ്ണീർക്കടലായി മാറുന്നത് ഇങ്ങനെയെല്ലാമാണ്. അപകടക്കെണികളെ തിരിച്ചറിയാതെ, സന്ദർശകർ കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്മ മരണത്തെ വരെ ക്ഷണിച്ചുവരുത്തും. കേരളത്തിന്റെ 'നയാഗ്ര' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതിരപ്പിള്ളിയും തൊട്ടടുത്തുള്ള വാഴച്ചാലും വിദേശികളടക്കമുള്ള സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളാണ്. എന്നാൽ ഇവിടെ പുഴയിലിറങ്ങുന്നവരുടെ അശ്രദ്ധ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുക. ശാന്തമെന്ന് തോന്നുമെങ്കിലും, വെള്ളച്ചാട്ടത്തിന് താഴെയുള്ള വലിയ കയങ്ങളും അടിയൊഴുക്കും അപ്രതീക്ഷിത ചുഴികളും അപകട സാദ്ധ്യത പലമടങ്ങ് വർദ്ധിപ്പിക്കും. അടുത്തിടെ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാർത്ഥികളും കുടുംബങ്ങളും അപകടത്തിൽപ്പെട്ട സംഭവങ്ങൾ ജില്ലയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. ഫോട്ടോ എടുക്കാനും റീൽ ചിത്രീകരിക്കാനുമുള്ള വെമ്പലിൽ സുരക്ഷാവേലികൾ ചാടിക്കടക്കുന്ന പ്രവണത യുവതലമുറയിൽ വ്യാപകമാണ്.
വിലക്ക് ലംഘിച്ച് വനമേഖലകളിലും പുഴയോരങ്ങളിലും മദ്യപിക്കുന്നതും തുടർന്ന് സാഹസികത കാണിക്കാൻ തുനിയുന്നതും വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നു. മദ്യലഹരിയിൽ പുഴയുടെ ആഴവും ഒഴുക്കും തിരിച്ചറിയാതെ വെള്ളത്തിലിറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
മലക്കപ്പാറ പോലുള്ള വനപാതകളിൽ വാഹനം നിറുത്തി വന്യജീവികളെ ശല്യം ചെയ്യുന്നതും, അവയുടെ ചിത്രങ്ങളെടുക്കാൻ വനത്തിനുള്ളിലേക്ക് കയറുന്നതും വന്യജീവി ആക്രമണങ്ങൾക്ക് ഇടയാക്കുന്നു. എത്രവട്ടം പറഞ്ഞാലും മനസിലാകാത്ത തരത്തിലാണ് യാത്രികരുടെ ഇത്തരം പ്രവണതകൾ. കുപ്പികളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പുഴയിലും വനത്തിലും വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് ഭീഷണിയാകും. പുഴയിലിറങ്ങുന്ന സഞ്ചാരികൾക്ക് മുറിവേൽക്കാനും ഇടയാകും
വിനോദം, അപകടം ഒളിഞ്ഞിരിക്കുന്നു
ചിമ്മിനി, പീച്ചി ഡാം മേഖലകൾ.....
അണക്കെട്ടുകളുടെ റിസർവോയർ മേഖലകളിൽ ഇറങ്ങുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പക്ഷേ വിജനമായ പ്രദേശം കണ്ടെത്തി ആളുകൾ വെള്ളത്തിലിറങ്ങും. അപകടം ക്ഷണിച്ചുവരുത്തും.
സ്നേഹതീരം, ചാവക്കാട് ബീച്ച് ...
കടൽ ശാന്തമാണെന്ന് കരുതി ആഴത്തിലേക്ക് ഇറങ്ങുന്നതും, അപ്രതീക്ഷിതമായി എത്തുന്ന ശക്തമായ തിരമാലകളിൽപ്പെടുന്നതും പതിവാണ്. ലൈഫ് ഗാർഡുമാരുടെ മുന്നറിയിപ്പ് പലരും വകവയ്ക്കാറില്ല.
മുനിയാട്ടുകുന്ന്, വിലങ്ങൻ കുന്ന് ....
പാറക്കെട്ടുകൾ നിറഞ്ഞ ഇത്തരം സ്ഥലങ്ങളിൽ നിന്നുള്ള ചിത്രീകരണവും വീഴ്ചകളും വലിയ പരിക്കുകൾക്ക് കാരണമാകുന്നു.
ബോധവത്കരണം അനിവാര്യം
അപകടമേഖലകളിൽ കൂടുതൽ ലൈഫ് ഗാർഡുമാരെയും വനംവകുപ്പ് കാവൽക്കാരെയും വിന്യസിക്കുക.
സുരക്ഷാവേലികൾ ചാടിക്കടക്കുന്നവർക്കും, നിരോധിത മേഖലകളിൽ ഇറങ്ങുന്നവർക്കും എതിരെ ഭാരിച്ച പിഴയും നിയമനടപടിയും സ്വീകരിക്കുക. അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക.
സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പാക്കുക എന്നിവയാണ് ചെയ്യാനുള്ളത്.
സ്വയം നിയന്ത്രണം വേണം
വിനോദസഞ്ചാരത്തിനെത്തുന്ന ഓരോ വ്യക്തിക്കും കുടുംബത്തിനും വ്യക്തമായ സുരക്ഷാബോധവും ഉത്തരവാദിത്വവും ഉണ്ടാകണം
പ്രകൃതിയെ ആസ്വദിക്കാം, എന്നാൽ അതിന്റെ വന്യതയെയും അപകടങ്ങളെയും തിരിച്ചറിഞ്ഞ് വേണം മുന്നോട്ടുപോകാൻ. നമ്മുടെ സന്തോഷം ദുരന്തങ്ങളാകാതിരിക്കാൻ, നിയമങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കുകയും സുരക്ഷിതമായ ഒരു വിനോദസഞ്ചാര സംസ്‌കാരം വളർത്തിയെടുക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |