
ഓഫീസ് മുറികളിലെ സി.സി ടി.വി ക്യാമറകൾക്ക് കണ്ണുചിമ്മാൻ നേരമില്ല; ലാപ്‌ടോപ്പുകളിലെ എ.ഐ പ്രോഗ്രാമുകൾക്ക് വിശ്രമമില്ല. ഭരണസംവിധാനം 'ഡിജിറ്റലാ'യി, തിളക്കമുള്ള സ്‌ക്രീനുകളിൽ സുതാര്യതയുടെ സന്ദേശങ്ങൾ മിന്നിമറഞ്ഞു. പക്ഷേ, ഫയലുകൾക്കിടയിലൂടെ ഒഴുകുന്ന കൈക്കൂലിപ്പണത്തിന്റെ ഗന്ധത്തിന് മാത്രം മാറ്റമില്ല. മേശപ്പുറത്ത് ഹൈടെക് ഡിസ്‌പ്ലേകൾ നിരക്കുമ്പോഴും മേശയ്ക്കടിയിലൂടെയുള്ള നീട്ടലുകൾക്കും വാങ്ങലുകൾക്കും യാതൊരു തടസവുമുണ്ടാകുന്നില്ല. നിയമം കൂടുതൽ ശക്തമാകുന്നുവെന്ന് കേൾക്കുമ്പോൾ, അഴിമതിക്കാർ തങ്ങളുടെ പ്രതിരോധ കവചങ്ങളുടെ ബലം കൂട്ടും. പത്തനംതിട്ടയിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് ഉയർന്നുകേട്ട വാർത്ത അങ്ങനെയൊന്നായിരുന്നു. ലൈഫ് പദ്ധതിയുടെ തണലിൽ വീടെന്ന സ്വപ്നം കണ്ടിരുന്ന പാവപ്പെട്ട മനുഷ്യരുടെ പേരിൽ, ഒരു വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സ്വന്തം ബന്ധുക്കളുടെ പട്ടികയുണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങളാണ്. ഒടുവിൽ പിടിവീഴുമ്പോൾ നാട് കണ്ടത് അഴിമതിയുടെ പണം കൊണ്ട് ഭർത്താവിന് ആഡംബര ലോറി സമ്മാനം നൽകിയ ഒരു ഉദ്യോഗസ്ഥയെയാണ്.
അഴിമതി വിരുദ്ധ ഭരണമാണ് മാറിമാറി വരുന്ന സർക്കാരുകളുടെ പ്രധാന വാഗ്ദാനം. എന്നാൽ ഭരണം സുതാര്യമാക്കാൻ എന്തെല്ലാം സാങ്കേതിക വിദ്യകൾ വന്നിട്ടും കോഴയ്ക്കും തട്ടിപ്പിനും ശമനമില്ല. പത്തനംതിട്ടയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മിയെ കുടുക്കിയ ലൈഫ് പദ്ധതി തട്ടിപ്പാണ് ഒടുവിലത്തേത്. ബന്ധുക്കളെയും മറ്റും ഗുണഭോക്താക്കളാക്കി തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിൽ നിന്ന് മാത്രം 53 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇവർ മുൻപ് ജോലി ചെയ്തിരുന്ന അരുവാപ്പുലത്തടക്കം സമാന തട്ടിപ്പ് നടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥ, ഭർത്താവിന് ഓൺസമ്മാനമായി ലക്ഷങ്ങൾ വിലമതിക്കുന്ന ടോറസ് ലോറിയാണ് നൽകിയതത്രേ!.
പരാതിക്കാരൻ വഴി ഓപ്പറേഷൻ
അടുത്തിടെ കൊച്ചിയിൽ വിജിലൻസിന്റെ പിടിയിലായ ഒരു തഹസിൽദാർ അഴിമതിക്ക് കളമൊരുക്കാൻ ഒരു വ്യാജ പരാതിക്കാരനെ തന്നെ സൃഷ്ടിച്ചെന്നാണ് ആരോപണം. കണയന്നൂർ ലാൻഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്റണിയാണ് കൃഷിഭൂമി പുരയിടമാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അറസ്റ്റിലായത്. ബിനാമിയെക്കൊണ്ട് കള്ളപ്പരാതികൾ കൊടുപ്പിച്ച് അപേക്ഷകനെ സമ്മർദ്ദത്തിലാക്കി, പിന്നാലെ വൻ തുക കോഴ ചോദിച്ചെന്നുമാണ് ഇടനിലക്കാർ വെളിപ്പെടുത്തിയത്. ആർത്തി പെരുത്ത പലരും മുമ്പും ആരോപണ വിധേയരാണ്. ബാറുകളിൽ നിന്ന് മാസപ്പടി വാങ്ങിയതിന് വിജിലൻസ് അന്വേഷണം നേരിടാനൊരുങ്ങുന്ന കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാർ മറ്റൊരു ഉദാഹരണമാണ്.
ബാറുകളിലെ പരിശോധനയ്ക്കായി എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവു എത്തിയപ്പോൾ ഡെപ്യൂട്ടി കമ്മിഷണറുടെ അനധികൃത ഇടപാടുകൾ വെളിയിൽവന്നു. തുടർന്ന് ഇദ്ദേഹത്തിനെതിരായ പഴയ പരാതികളെല്ലാം പൊന്തിവന്നു. കേസിലെ പ്രതിയായ യുവാവിനെ ഒഴിവാക്കാൻ പ്രതിയുടെ അമ്മയുടെ കൈയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അശോക് കുമാറിന് ലഭിച്ചിരുന്ന മുഖ്യമന്ത്രിയുടെ മെഡൽ തിരിച്ചുവാങ്ങിയിരുന്നു. ആലപ്പുഴയിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ പ്രമുഖ നടന്മാർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്, സി.പി.എം നേതാവിന്റെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് എന്നിവ കൈക്കൂലി വാങ്ങി അട്ടിമറിച്ചെന്നും ആരോപണമുയർന്നു.
മറ്റിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ സ്വന്തം റേഞ്ചിലെത്തിച്ച് കേസെടുക്കുന്നത് പതിവ് സംഭവമാണെന്നും കണ്ടെത്തിയിരുന്നു. ഇത്തരം കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെടും. കൈക്കൂലി തന്നില്ലെങ്കിൽ ബന്ധുക്കളെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തും. ഹരിപ്പാട് ജോലി ചെയ്തിരുന്ന സമയത്ത് കൈക്കൂലി വാങ്ങി രണ്ട് പ്രധാന ഫയലുകൾ അശോക് കുമാർ നീക്കം ചെയ്തതായും കണ്ടെത്തി. തെറ്റുകൾ ആവർത്തിക്കാൻ ഇവർക്ക് പേടിയില്ലാത്തത് എന്തുകൊണ്ടാണ്?. നിയമവ്യവസ്ഥകളിലെ പഴുത് തന്നെയാണ് പ്രധാന കാരണം.
വിചാരണാനുമതി എന്ന സംരക്ഷണം
അഴിമതി കേസിൽ പ്രതി ഭാഗത്ത് ജനപ്രതിനിധിയോ ഉദ്യോഗസ്ഥരോ ഭരണസമിതി അംഗങ്ങളോ ഉണ്ടായിരിക്കും. ഇവർക്കെതിരെ വിശദമായ അന്വേഷണം നടത്താനും വിചാരണയ്ക്ക് വിടാനും ബന്ധപ്പെട്ട അധികാരികളുടെ അനുമതി അനിവാര്യമാണെന്നാണ് അഴിമതി നിരോധന നിയമം പറയുന്നത്. ജനപ്രതിനിധികളുടെ കാര്യത്തിൽ മന്ത്രിസഭയോ സ്പീക്കറോ പോലുള്ള അധികാര സ്ഥാനങ്ങളാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത്. ഉദ്യോഗസ്ഥരുടെ കാര്യത്തിൽ വകുപ്പു മേധാവികളും.
അന്വേഷണസംഘം അപേക്ഷിച്ചാലും മുട്ടായുക്തി നിരത്തി അനുമതി നിരസിക്കും. സദുദ്ദേശ്യത്തോടെയാണ് പാർലമെന്റ് ഇതു സംബന്ധിച്ച നിയമഭേദഗതി കൊണ്ടുവന്നത്. കാരണം സത്യസന്ധരായ പൊതുസേവകരെ കേസിൽ കുടുക്കാതിരിക്കണം. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി എടുത്ത തീരുമാനമാണ് അഴിമതി ആരോപണത്തിലേക്ക് നയിച്ചതെങ്കിൽ ഇക്കാര്യത്തിൽ സൂക്ഷ്മപരിശോധനയുണ്ടാകണം. അതുകൊണ്ടാണ് വിചാരണാനുമതിയുടെ വിഷയം ഉൾപ്പെടുത്തിയത്. എന്നാൽ മിക്ക കേസിലും അത് ആരോപണവിധേയർക്കുള്ള പടച്ചട്ടയായി. വിചാരണാനുമതി നൽകിയാലും വിജിലൻസ് കോടതിയിൽ നിന്ന് ശിക്ഷ ലഭിച്ചാലും അപ്പീലുകളുമായി കാലങ്ങളോളം മുന്നോട്ടുപോകാം. അതൊക്കെയാണ് കോഴയും തട്ടിപ്പും ആവർത്തിക്കാൻ പൊതുസേവകർക്ക് ലഭിക്കുന്ന ധൈര്യം.
ഇഴയുന്ന കേസുകൾ
വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അടുത്തിടെ വന്ന ജാമ്യഹർജികളിൽ ഒന്നിൽ പ്രതിക്ക് 75 വയസായിരുന്നു, പ്രായം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു വക്കീലിന്റെ വാദം. വിജിലൻസ് കേസുകളിൽ മിക്കവാറും കക്ഷികളും 75 കഴിഞ്ഞവരാണെന്നത് സ്വാഭാവികമല്ലേ എന്നതായിരുന്നു ജഡ്ജിയുടെ മറുചോദ്യം. ഇതിന് കാരണമുണ്ട്. സംസ്ഥാനത്തെ വിജിലൻസ് കോടതികൾ ഇപ്പോൾ തീർപ്പാക്കുന്ന മിക്ക കേസും 20 വർഷത്തിനപ്പുറമുള്ളതാണ്. ശേഷമുള്ള കേസുകളെല്ലാം കെട്ടിക്കിടക്കുകയാണ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഈയിടെ വിധിയായ ഒരു കേസ് തന്നെ ഉദാഹരണം.
23 വർഷം കോടതി കയറിയിറങ്ങിയ മുൻ പഞ്ചായത്ത് സെക്രട്ടറിയെ വെറുതേവിട്ട സംഭവമാണിത്. എറണാകുളം സ്വദേശി കെ.എ. ജോസഫ് ഇങ്ങനെ കുറ്റവിമുക്തനാകുമ്പോൾ 78 വയസായിരുന്നു. മണൽലേലം, മാർക്കറ്റ്- ബസ് സ്റ്റാൻഡ് കടമുറിലേലം എന്നീ ഇനങ്ങളിൽ പഞ്ചായത്തിന് 22 ലക്ഷത്തിലധികം രൂപ നഷ്ടം വരുത്തിയെന്നാരോപിച്ചാണ് 2003ലാണ് വിജിലൻസ് യൂണിറ്റ് ജോസഫിനെതിരെ കേസെടുത്തത്. സസ്‌പെൻഷനിലായ ജോസഫിന് സർവീസിൽ തിരിച്ചെത്താതെ വിരമിക്കേണ്ടിയും വന്നു.
നിയമനടപടികളിലെ കാലതാമസം കൊണ്ട് തേഞ്ഞുമാഞ്ഞുപോകുന്ന അഴിമതികേസും പലതാണ്. അഴിമതി കേസിൽ രാഷ്ട്രീയനേതാക്കൾ അകത്തുപോയ സംഭവങ്ങൾ കേരളത്തിൽ ഇല്ലെന്ന് പറയാം. ഇടമലയാർ കേസിൽ മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള കുറച്ചുദിവസം ജയിലിൽ കിടന്നതാണ് ഒരു അപവാദം. കോളിളക്കം സൃഷ്ടിച്ച ലാവലിൻ കേസ് ഇപ്പോഴും സുപ്രീംകോടതിയിലാണ്. 1996ലെ കരാറുകളുടെ പേരിലുള്ള കേസാണിത്. 2005 മുതലുള്ള കരാറുകളുടെ പേരിൽ സി.ബി.ഐ അന്വേഷിച്ച കശുഅണ്ടി കേസ് ഇതുവരെ വിചാരണഘട്ടത്തിൽ പോലുമെത്തിയിട്ടില്ല.
പ്രോസിക്യൂഷൻ അനുമതിയുടെ സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങിയ കേസ് ഇപ്പോൾ സ്റ്റേയിലാണ്. അഴിമതി കേസുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള വ്യവസ്ഥ പ്രതികൾക്ക് സംരക്ഷണമാകുന്നതും കേസുകൾ നീളാൻ കാരണമാകുന്നു. വ്യവസ്ഥകളിലെ പഴുതടയ്ക്കാൻ അധികാരികൾക്ക് താത്പര്യമില്ലാത്തതും അഴിമതിക്കാർക്ക് തണലാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |