
പച്ചപ്പുതച്ച ചേർത്തല അരീപ്പറമ്പിലെ 44 സെന്റ് വയലേലകളിലേക്ക് പുലർകാല സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുമ്പോൾ, ആറാം ക്ളാസുകാരൻ അദ്ധ്വാനം തുടങ്ങിയിട്ടുണ്ടാകും. കളിപ്രായത്തിൽ കൈകളിൽ മൊബൈൽ ഫോണിന്റെ ഡിജിറ്റൽ ലോകമൊളിപ്പിക്കുന്ന സമപ്രായക്കാരിൽ നിന്ന് വേറിട്ട്, മൺതരികളെ തൊട്ടറിഞ്ഞ അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരൻ ആദിത്യൻ. നെഞ്ചോളം പോരുന്ന പ്രതികൂല സാഹചര്യങ്ങളോട് പൊരുതി, കൃഷിയെ ഉപജീവനവും ജീവവായുവുമാക്കിയ ഈ കൊച്ചുമിടുക്കൻ ഇന്ന് കേരളത്തിന്റെ കാർഷിക ഭൂപടത്തിലെ തിളക്കമുള്ളൊരു അദ്ധ്യായമാണ്. ഓലമേഞ്ഞ, ചോർന്നൊലിക്കുന്ന ഒറ്റമുറി ഷെഡിലായിരുന്നു അജയൻ -സജിത ദമ്പതികളുടെ ഏകമകനായ ആദിത്യന്റെ അന്തിയുറക്കം. പക്ഷേ, വറുതിയുടെ നടുവിലും ആ കുഞ്ഞുമനസിൽ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം തളിർത്തുനിൽപ്പുണ്ടായിരുന്നു.
സംസ്ഥാനത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്ക്കാരം സ്വന്തമാക്കിയ ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ ഇന്ന് നാടിനാകെ മാതൃകയാണ്. കൃഷിയിലെ മികച്ച നേട്ടങ്ങൾക്കൊപ്പം ആദിത്യന്റെയും കുടുംബത്തിന്റെയും തലചായ്ക്കാനുള്ള ഒരിടമെന്ന സ്വപ്നവും യാഥാർത്ഥ്യമായി. ചേർത്തല അരീപ്പറമ്പിലെ ആദിത്യന്റെ ഹരിതാഭമായ കൃഷിത്തോട്ടത്തിന് നടുവിൽ പുതിയ വീടിന് തറക്കല്ലിട്ടു. ഇതോടെ ഈ കുട്ടി പ്രതിഭയുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം വീശിയിരിക്കുകയാണ്. കളിപ്രായത്തിൽ മൊബൈൽ ഫോണിലും ഇന്റർനെറ്റ് ലോകത്തും മുഴുകുന്ന ഇന്നത്തെ തലമുറയിൽ നിന്നും വ്യത്യസ്തനാണ് ആദിത്യൻ. കേവലം ഒരു കൗതുകത്തിനപ്പുറം, കൃഷിയെ ഉപജീവനമാർഗ്ഗമായും ജീവിതചര്യയായും മാറ്റിയെടുത്തതാണ് ആദിത്യനെ സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കാൻ കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്. മാതാപിതാക്കളായ അജയൻ-സജിത ദമ്പതികളുടെ ഏക മകനായ ആദിത്യൻ, ചെറുപ്രായം തൊട്ടേ വീട്ടിലെ പ്രതികൂല സാഹചര്യങ്ങളെ കഠിനാദ്ധ്വാനം കൊണ്ട് മറികടക്കാൻ ശ്രമിച്ചു. പഠനത്തോടൊപ്പം ഒട്ടും സമയം കളയാതെ പുലർച്ചെ മുതൽ കൃഷിയിടത്തിൽ വിയർപ്പൊഴുക്കുന്ന ആദിത്യന്റെ കാഴ്ച ഏതൊരാൾക്കും പ്രചോദനമാണ്. പരമ്പരാഗത കർഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഉത്പാദനക്ഷമതയും കൃഷിയോടുള്ള ആത്മാർത്ഥതയുമാണ് ഈ കൊച്ചുമിടുക്കനെ അവാർഡിന് അർഹനാക്കിയത്.
വൈവിദ്ധ്യമാർന്ന കാർഷിക രീതികൾ
ഒരു വൻകിട കർഷകനെപ്പോലെ സംയോജിത കൃഷിരീതിയാണ് ആദിത്യൻ തന്റെ ചെറിയ പ്രായത്തിൽ വിജയകരമായി നടപ്പിലാക്കുന്നത്. ഒരേസമയം പലതരം കൃഷികളെ പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഈ ആറാം ക്ലാസുകാരനാകുന്നു. സ്വന്തമായുള്ള 44 സെന്റ് സ്ഥലത്ത് പൂർണ്ണമായും നെൽക്കൃഷി ചെയ്ത് മികച്ച വിളവാണ് ആദിത്യൻ കൊയ്തെടുക്കുന്നത്. ഇതിനുപുറമേ 20 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് പയർ, പാവൽ, പടവലം, തക്കാളി, മുളക് തുടങ്ങിയ വൈവിദ്ധ്യമാർന്ന പച്ചക്കറികൾ പൂർണ്ണമായും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്നു. കൃഷിയിടത്തിൽ പശുക്കളെ വളർത്തുന്നതിനൊപ്പം ആട്, കോഴി, താറാവ് എന്നിവയെയും പരിചരിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന ചാണകവും മറ്റ് അവശിഷ്ടങ്ങളും കൃഷിക്ക് ആവശ്യമായ ജൈവവളമായി മാറ്റുന്നു. പച്ചക്കറിത്തോട്ടത്തിനൊപ്പം അലങ്കാര മത്സ്യക്കൃഷിയും ഈ കൊച്ചുകർഷകൻ വിജയകരമായി നടത്തുന്നു.
വീടൊരുക്കാൻ സർക്കാർ
സംസ്ഥാനത്തെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെടുമ്പോഴും ആദിത്യന്റെയും കുടുംബത്തിന്റെയും ജീവിതസാഹചര്യം അത്യന്തം ദയനീയമായിരുന്നു. ചേർത്തലയിലെ ഒരു ചെറിയ ഒറ്റമുറി താത്കാലിക ഷെഡിലാണ് ആദിത്യനും മാതാപിതാക്കളും അന്തിയുറങ്ങിയിരുന്നത്. കാർഷിക മേഖലയിൽ ഇത്രയധികം വിപ്ലവം സൃഷ്ടിക്കുമ്പോഴും സ്വന്തമായി സുരക്ഷിതമായ ഒരു വീടില്ല എന്ന യാഥാർത്ഥ്യം മാദ്ധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഈ കൊച്ചുകർഷകന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതസാഹചര്യം കാർഷിക വകുപ്പിന്റെയും മന്ത്രിയുടെയും ശ്രദ്ധയിൽപ്പെട്ടു. ഒരു അവാർഡ് നൽകി ആദരിക്കുന്നതിൽ അപ്പുറം ആ കുടുംബത്തിന് സുരക്ഷിതമായൊരു മേൽക്കൂര ഒരുക്കലാണ് വേണ്ടതെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് കാർഷിക ദിനാഘോഷ വേളയിൽ കൃഷിമന്ത്രി ടി.സിദ്ദിഖ് ആദിത്യന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രഖ്യാപനം വെറും വാക്കിൽ ഒതുക്കാതെ വളരെ വേഗത്തിലാണ് സർക്കാർ നടപടികളിലേക്ക് നീങ്ങിയത്. തുടർന്ന്, ആദിത്യൻ പൊന്നുവിളയിക്കുന്ന കാർഷിക തോട്ടത്തിന്റെ ഒത്ത നടുവിലായി പുതിയ വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ആലപ്പുഴ എം.പി കെ.സി.വേണുഗോപാലാണ് പുതിയ വീടിന്റെ തറക്കല്ലിട്ടത്.
മുഴുവൻ ചെറുപ്പക്കാർക്കുമുള്ള സന്ദേശം
കൃഷിയിൽ നിന്ന് അന്യം നിന്നുപോയ പുതിയ തലമുറയ്ക്ക് ഒരു പ്രവേശനകവാടമാണ് ആദിത്യനെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. ഭാവിയിൽ എന്താകണമെന്ന് ആദിത്യനോട് ചോദിച്ചപ്പോൾ ബി.എസ്‌സി അഗ്രികൾച്ചർ പഠിച്ച് മികച്ച കർഷകനാകണമെന്നാണ് ഈ കുട്ടി പറഞ്ഞത്. കേരളത്തിലെ മുഴുവൻ ചെറുപ്പക്കാർക്കുമുള്ള ഒരു സന്ദേശമാണിതെന്നും മന്ത്രി പറഞ്ഞു. പ്രതികൂല ജീവിതപശ്ചാത്തലത്തിലും കൃഷിയെ സ്നേഹിച്ച് കൃഷിയുമായി മുന്നേറുന്ന ആദിത്യൻ അങ്ങേയറ്റം പ്രശംസാർഹനും അഭിനന്ദനത്തിന് അർഹനുമാണ്. നാടിനാകെ അഭിമാനമാണ് ഈ കുട്ടിക്കർഷകനെന്നും ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ പറഞ്ഞു.
കൂടുതൽ മനുഷ്യത്വമുള്ളവരാണ് കർഷകരെന്നും മണ്ണിനെ സ്നേഹിക്കുന്ന കർഷകരുടെ ഉള്ളിൽ നന്മ മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിത്യന് വീട് നിർമ്മിച്ചുനൽകുമെന്ന കൃഷിമന്ത്രിയുടെ നന്മനിറഞ്ഞ തീരുമാനത്തെയും ഈ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടുവന്ന വ്യവസായ പ്രമുഖൻ നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടിയെയും അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി എത്രയും പെട്ടെന്ന് വീട് പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിറഞ്ഞ നന്ദിയോടെ കുടുംബം
തങ്ങളെ ചേർത്തണച്ച കൃഷിവകുപ്പിനോടും സർക്കാരിനോടും തങ്ങളുടെ ദുരിതം പൊതുസമൂഹത്തിന് മുന്നിലെത്തിച്ച മാദ്ധ്യമങ്ങളോടും ആദിത്യനും അമ്മ സജിതയും നിറഞ്ഞ കണ്ണുകളോടെയാണ് നന്ദി രേഖപ്പെടുത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ വലിയ സന്തോഷത്തിൽ അരീപ്പറമ്പ് ഗ്രാമം ഒന്നാകെ പങ്കുചേർന്നു. കൃഷിയെ കൈവിട്ട മലയാളി സമൂഹത്തിന് മുന്നിൽ മണ്ണിലിറങ്ങി വിസ്മയം തീർത്ത ബാലനാണ് ആദിത്യൻ. പ്രതികൂല സാഹചര്യങ്ങളെ പഴിക്കാതെ കഠിനാദ്ധ്വാനം ചെയ്യാൻ മനസുണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈപ്പിടിയിലൊതുക്കാം എന്ന് ആദിത്യൻ തെളിയിക്കുന്നു. പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും മണ്ണിൽ പണിയെടുക്കുന്നവരെ സർക്കാർ എപ്പോഴും കൂടെ നിറുത്തുമെന്നതിനുമുള്ള വലിയൊരു സന്ദേശമാണ് ആദിത്യന് വീടൊരുക്കുന്നതിലൂടെ പൊതുസമൂഹത്തിന് ലഭിക്കുന്നത്. ആദിത്യന്റെ കൃഷിയിടത്തിൽ ഉയരുന്ന ഈ വീട് കേവലം ഒരു കെട്ടിടമല്ല, മറിച്ച് കഠിനാദ്ധ്വാനത്തിന് കാലം കാത്തുവെച്ച വലിയൊരു അംഗീകാരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |