
''സൃഷ്ടികർത്താവ് എല്ലാസൃഷ്ടികളുടെയും ഗുണദോഷങ്ങൾ സ്വഭാവമായി പ്രകടിപ്പിക്കുന്നൊരു മഹത് സൃ ഷ്ടിനടത്തിയിട്ടുണ്ട്. അതുപറയാമോ? 'സ്വഭാവ'മെന്നാൽ സ്വന്തം ഭാവമാണെന്നറിയാമല്ലോ? ആ അത്ഭുത സൃഷ്ടി, ചിലപ്പോൾ ചീറ്റപ്പുലിയേക്കാൾ വേഗത്തിൽ പായുകയും മറ്റുചിലപ്പോൾ ഒച്ചിനെക്കാൾ പിന്നിലിഴയുകയും ആനകൾക്ക് ചുമക്കാവുന്നതിനേക്കാൾ ഇരട്ടിയിലേറെ ജീവിതഭാരം ചുമക്കുകയും മറ്റുചിലപ്പോൾ പറവകളേക്കാൾ പതിൻ മടങ്ങുവേഗത്തിൽ പറക്കുകയും ഇന്നോളംകണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തവയുമൊക്കെ ഉൾക്കണ്ണാൽ കാണുകയും കേൾക്കുകയും, ചിലപ്പോൾ കുഴിമടിയനെപോലെ തന്നിലേക്കൊതുങ്ങുകയും ചെയ്യുന്ന അത്ഭുതസൃഷ്ടി! വല്ല പിടിയുംകിട്ടിയോ? അതാണ്, 'മനുഷ്യമനസ്'! കാണാനോ സ്പർശിക്കാനോ കഴിയാഞ്ഞിട്ടും ചിന്തകളെയും വികാരങ്ങളെയും തീരുമാനങ്ങളെയും ജീവിതഗതിയെയും നിയന്ത്രിക്കുന്ന അദൃശ്യശക്തിയാണത്. ശരീരത്തിന് ജീവൻ നൽകുന്നത് ആത്മാവെങ്കിൽ, ജീവിതത്തിന് ദിശനൽകുന്നത് മനസാണ്. മനസ് കണ്ണാടിപോലെയാണ്. അതിൽ പ്രതിഫലിക്കുന്ന ചിന്തകളാണ് ജീവിതത്തെ രൂപപ്പെടുത്തുന്നത്. നല്ല ചിന്തകൾ സന്തോഷവും സമാധാനവും ആത്മവിശ്വാസവും തരുന്നു. മറിച്ച്, ഭയവും ദ്വേഷവും നിരാശയും നിറയുമ്പോൾ ജീവിതം ഭാരമാകും. അതുകൊണ്ട് മനസാണ് മനുഷ്യന്റെ സ്വർഗവും നരകവും സൃഷ്ടിക്കുന്നത്'' -പ്രഭാഷകൻ നോക്കുമ്പോൾ സദസ്യർ പുതിയപാഠങ്ങൾ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നു.
''മനശക്തിക്ക് അതിരുകളില്ല. ചെറിയ ആശയം മഹത്തായകണ്ടുപിടിത്തമായി മാറാം. ഒരു സ്വപ്നം മനസിൽ ജനിച്ച് ലോകം മാറ്റുന്ന പ്രസ്ഥാനമായി വളരാം. ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും സാമൂഹിക പരിഷ്‌കർത്താക്കളും ആദ്യം അവരുടെ മനസിൽ ഒരുചിന്തയ്ക്ക് രൂപം നൽകിയവരാണ്. എന്നാൽ, മനസ് എപ്പോഴും നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നില്ല. ചിലപ്പോൾ അത് ഭൂതകാലത്തിന്റെ ഓർമ്മകളിലേയ്ക്കും ചിലപ്പോൾ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിലേയ്ക്കും അലഞ്ഞുതിരിയും. അതുകൊണ്ടാണ് മനസിനെ പരിശീലിപ്പിക്കേണ്ടതുണ്ട് എന്ന് അറിവുള്ളവർ പഠിപ്പിച്ചത്.
ധ്യാനം, പ്രാർത്ഥന, വായന, നല്ല സൗഹൃദങ്ങൾ, പ്രകൃതിയോടുള്ള അടുപ്പം എന്നിവ മനസിനെ ശാന്തവും ശക്തവുമാക്കുന്നു. മറ്റൊരു പ്രത്യേകത അതിന്റെ സഹിഷ്ണുതയാണ്. പ്രതിസന്ധികളും പരാജയങ്ങളും ദുഃഖങ്ങളും ഉണ്ടാകാം. മനക്കരുത്തുള്ളവർ മുന്നേറും. കൊടുങ്കാറ്റിനെ അതിജീവിക്കുന്ന വൃക്ഷങ്ങൾ പോലെ, പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് മനസ് നൽകുന്നു. മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. ആരോഗ്യമുള്ള മനസിലാണ് ആരോഗ്യമുള്ള ജീവിതം. മനസ് സന്തുഷ്ടമാണെങ്കിൽ ചെറിയ കാര്യങ്ങളിലും സന്തോഷിക്കാൻ കഴിയും; അസ്വസ്ഥമെങ്കിൽ വലിയ നേട്ടങ്ങളിലും സംതൃപ്തിയുണ്ടാവില്ല.
മനസ്, മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹവും അദൃശ്യശക്തിയുമാണ്. ശരിയായ ദിശയിൽ നയിക്കാനും നല്ല ചിന്തകളാൽ സമ്പന്നമാക്കാനും കഴിഞ്ഞാൽ ജീവിതം കൂടുതൽ അർത്ഥപൂർണവും സന്തോഷകരവുമാകും.
മനസിനെ കീഴടക്കുന്നവനാണ് യഥാർത്ഥ വിജയി എന്ന സന്ദേശമാണ് ഈ അദൃശ്യശക്തി നമ്മെപഠിപ്പിക്കുന്നത്.
പുരോഗതിയിലേയ്ക്ക് കുതിക്കുന്നെന്ന് അവകാശപ്പെടുമ്പോഴും മനസ് പലപ്പോഴും ദുർബലമാകുന്നത് എന്തുകൊണ്ട്? സാങ്കേതികവിദ്യ മനുഷ്യരെ പരസ്പരം ബന്ധിപ്പിച്ചെങ്കിലും പലപ്പോഴും ഹൃദയങ്ങളെ അകറ്റിയിട്ടുമുണ്ട്. പുറംലോകം കീഴടക്കുന്നതിനേക്കാൾ പ്രയാസം, സ്വന്തം മനിസിനെ കീഴടക്കലാണ് എന്ന സത്യം എപ്പോഴും ഓർ ക്കുക. അതിനാൽ മനസിന്റെ കടിഞ്ഞാൺ,അന്യർക്ക് കൈമാറാതിരിക്കുക'' പ്രഭാഷകൻ നിറുത്തുമ്പോൾ സദസ്യരെല്ലാം നവദർശനിർവൃതിയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |