SignIn
Kerala Kaumudi Online
Sunday, 09 August 2026 4.47 AM IST

സൗഹൃദത്തിന്റെ സിദ്ധാന്തങ്ങൾ

re
as

''ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടെന്ന ജീവിതസത്യം ആദ്യമായി അവതരിപ്പിച്ചത് ആരായിരിക്കും? മനുഷ്യർ ജനിക്കുമ്പോൾ 'ഒരു പ്രത്യേക' സ്വഭാവവുമായല്ല വരുന്നത്. ജീവിതാനുഭവങ്ങളിലൂടെയും ബന്ധങ്ങളിലൂടെയുമാണ് സ്വഭാവം രൂപപ്പെടുന്നത്. സ്വഭാവരൂപീകരണത്തിൽ കുടുംബത്തിനുശേഷം വലിയപങ്ക് വഹിക്കുന്നത് സൗഹൃദങ്ങളാണ്. നമ്മൾ ഇടപഴകുന്ന സുഹൃത്തുക്കളുടെ ചിന്തകളും ശീലങ്ങളും മൂല്യങ്ങളും നമ്മളറിയാതെ ജീവിതത്തെ സ്വാധീനിക്കുന്നു. നല്ല സൗഹൃദത്തിന്റെ സ്വാധീനം സത്യസന്ധതയും ആത്മാർത്ഥതയും വളർത്തുന്നു. അച്ചടക്കവും ഉത്തരവാദിത്തബോധവും വർദ്ധിപ്പിച്ച് കരുണ, സഹാനുഭൂതി, ക്ഷമ തുടങ്ങിയ മാനുഷിക മൂല്യങ്ങളും ഉയർത്തി തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും സഹായിക്കും. മോശം സൗഹൃദത്തിലൂടെ കള്ളംപറയൽ, അച്ചടക്കമില്ലായ്മ തുടങ്ങിയ ദുശീലങ്ങളിലേയ്ക്ക് നയിക്കാം. ലഹരി, അക്രമം, നിയമലംഘനം തുടങ്ങിയ അപകടകരമായ പ്രവണതകളിലേയ്ക്ക് വഴിതെളിക്കാം. സ്വഭാവത്തിലും വ്യക്തിത്വത്തിലും പ്രതികൂലമായ മാറ്റങ്ങളുണ്ടാക്കാം. ശിൽപി കല്ലിനെ മനോഹരമായ പ്രതിമയാക്കി മാറ്റി. ആളുകൾ അതിന്റെ സൗന്ദര്യം കണ്ട് അദ്ഭുതപ്പെട്ടപ്പോൾ ശിൽപി പറഞ്ഞു,​'' പ്രതിമ കല്ലിനുള്ളിൽ ഉണ്ടായിരുന്നു; ഞാൻ ആവശ്യമില്ലാത്ത ഭാഗങ്ങൾ മാത്രമാണ് നീക്കിയത്''. അതുപോലെ, നല്ല സുഹൃത്ത് നമ്മുടെ കുറവുകൾ സ്‌നേഹത്തോടെ ചൂണ്ടിക്കാണിക്കുകയും നല്ല ഗുണങ്ങൾ വളരാൻ സഹായിക്കുകയും ചെയ്യുന്നു. നമ്മെ പ്രശംസിക്കുന്നവരെക്കാൾ തിരുത്തുന്നവരെയാണ് യഥാർത്ഥ സുഹൃത്തുക്കളായി കാണേണ്ടത്. അതാണ് പറയുന്നത്, നല്ല സുഹൃത്തുക്കൾ നമ്മുടെ മുഖമല്ല, നമ്മുടെ മനസാണ് കാണിച്ചുതരുന്നത്. അതിനാൽ, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ സ്വഭാവവും മൂല്യബോധവും കൂടി പരിഗണിക്കണം'' പ്രഭാഷകൻ, സദസ്യരെ നോക്കുമ്പോൾ പലമുഖങ്ങളും തങ്ങളുടെ ആത്മസൗഹൃദങ്ങളെ താലോലിക്കുന്നൊരു ഭാവത്തിലായിരുന്നു:

''നല്ല സൗഹൃദങ്ങൾ മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കും. മോശം സൗഹൃദങ്ങൾ മികച്ച വ്യക്തിത്വങ്ങളെപ്പോലും തകർക്കും. സൗഹൃദം വ്യക്തിത്വത്തിന്റെ ശിൽപിയാണ്. ജീവിതവിജയത്തിന്റെ രഹസ്യം സുഹൃത്തുക്കളെ കണ്ടെത്തുന്നതിലല്ല, നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലാണ്. വ്യക്തിജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന രണ്ട് ശക്തികളുണ്ട്: ഒന്ന് ചിന്ത, മറ്റൊന്ന് സൗഹൃദം. നല്ല ചിന്തകൾ നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നതുപോലെ, നല്ല സുഹൃത്തുക്കൾ മെച്ചപ്പെട്ട ജീവിതം രൂപപ്പെടുത്തുന്നു. എല്ലാ സൗഹൃദങ്ങളും ഒരുപോലെയല്ല. ചില സൗഹൃദങ്ങൾ ജീവിതത്തെ പ്രകാശമാക്കും. ചിലത് ജീവിതത്തെ അന്ധകാരത്തിലാക്കും. ഒരു തോട്ടത്തിൽ സുഗന്ധം പരത്തുന്ന പുഷ്പങ്ങൾ വിരിയുന്ന ചെടികളുണ്ടായിരുന്നു. അവയുടെ സമീപം ഒരു കളച്ചെടിയും വളർന്നു. ആദ്യം അതിന് വലിയ പ്രാധാന്യമൊന്നും തോന്നിയില്ല. എന്നാൽ കാലക്രമേണ ആ കളച്ചെടി, പുഷ്പിക്കുന്ന ചെടികളുടെ വളർച്ചയെ തടസപ്പെടുത്തി. ഒടുവിൽ മനോഹരമായ തോട്ടത്തിന്റെ ഭംഗി നഷ്ടപ്പെട്ടു. നമ്മുടെ ജീവിതവും ഇതുപോലെയാണ്. നല്ല സൗഹൃദങ്ങൾ പൂന്തോട്ടം പോലെ ജീവിതത്തെ മനോഹരമാക്കുമ്പോൾ മോശം സൗഹൃദങ്ങൾ കളച്ചെടിപോലെ സ്വഭാവത്തെയും ലക്ഷ്യങ്ങളെയും ക്രമേണ നശിപ്പിക്കും."- പ്രഭാഷകൻ നിറുത്തിയപ്പോൾ, സദസ്യരിൽ പലരും സൗഹൃദത്തിന്റെ സമവാക്യങ്ങൾ മാറ്റിക്കുറിച്ചതിന്റെ സംതൃപ്തിയിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION