
സംസ്ഥാന നേതൃനിരയിൽ സമഗ്രമായ അഴിച്ചുപണിക്കാണ് കോഴിക്കോട് നടന്ന സി.പി.എം വിപുലീകൃത സംസ്ഥാന സമിതി സാക്ഷ്യംവഹിച്ചത്. അനുഭവസമ്പത്തിനൊപ്പം യുവനേതൃത്വത്തെയും ഭരണരംഗത്തുണ്ടായിരുന്ന പ്രമുഖരെയും ഒരുപോലെ ഉൾക്കൊള്ളിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തമായ സംഘടനാ നീക്കമാണ് നേതൃത്വത്തിന്റേത്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.ബി.രാജേഷ് കേരളകൗമുദിയോട് സംസാരിക്കുന്നു.
?വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷമുള്ള പാർട്ടി
നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളെ അതിജീവിക്കുന്നതിനാവശ്യമായ കർമ്മപദ്ധതികളാണ് വിപുലീകൃത സംസ്ഥാന സമിതിയോഗം ആവിഷ്കരിച്ചിട്ടുള്ളത്. മാറിയ കേരളത്തിന്റെ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കാം, പുതിയ ജനവിഭാഗങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം, അവരെ എങ്ങനെ പാർട്ടിക്ക് പിന്നിൽ അണിനിരത്താം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. അതിനാവശ്യമായ കർമ്മപരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്. വർഗീയതയ്ക്ക് എതിരായുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പാർട്ടിയുടെ പ്രധാന കടമയാണ്. അതിന് നൂതന രീതികൾ അവലംബിക്കാനും തീരുമാനിച്ചു. രാഷ്ട്രീയതലത്തിൽ മാത്രമല്ല, ആശയ- സാംസ്കാരിക തലത്തിൽ വർഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും. അതിന്റെ മുന്നുപാധിയാണ് കേരളസമൂഹത്തിലെ വലതുപക്ഷ വത്കരണത്തിന് എതിരായുള്ള ഇടതുപക്ഷത്തിന്റെ ആശയ- സാംസ്കാരിക സമരം.
?കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് എതിരായ സമരങ്ങളുടെ രീതി
വർഗീയതയ്ക്കെതിരായ നിലപാട് സ്വീകരിക്കുന്നതുപോലെ തന്നെ കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ, സാമ്പത്തിക നയങ്ങൾക്കെതിരായുള്ള സി.പി.എമ്മിന്റെ സമരം തുടരും. നിലവിൽ സംസ്ഥാനത്ത് മണിക്കൂറുകൾ നീളുന്ന പവർക്കട്ടാണ്. വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഭരണമാറ്റത്തിന്റെ കെടുതികൾ കേരളം അനുഭവിച്ചുതുടങ്ങി. യു.ഡി.എഫ് സർക്കാർ പൂർണമായും സംഘപരിവാറിന് കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരേസമയം ആശയതലത്തിലും സാംസ്കാരിക തലത്തിലുമുള്ള സമരങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പോരാട്ടത്തിനാണ് പാർട്ടി തയ്യാറെടുക്കുന്നത്.
?സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടതിനെക്കുറിച്ച്
അത് വ്യക്തിപരമായ നേട്ടമായി കണക്കാക്കുന്നില്ല. ഇതുവരെ പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും ഉത്തരവാദിത്വത്തോടെ നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നതും ഒരു ചുമതലയാണ്. അത് ഏറ്റവും കാര്യക്ഷമമായും ഉത്തരവാദിത്വ ബോധത്തോടെയും നിറവേറ്റും.
?യുവ പ്രാതിനിധ്യം പാർട്ടി പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കുമോ
പാർട്ടിയുടെ ഭാവികൂടി മുന്നിൽകണ്ടുള്ള തീരുമാനത്തിനാണ് കോഴിക്കോട് വേദിയായത്. സംസ്ഥാന കമ്മിറ്റിയിലേക്ക് 9 പേരെ ക്ഷണിതാക്കളാക്കിയപ്പോൾ അതിൽ കൂടുതലും യുവാക്കളും സ്ത്രീകളുമായിരുന്നു. കൂടുതൽ യുവാക്കൾ പാർട്ടിയിലേക്ക് വരുമ്പോഴാണ് നേതൃത്വത്തിലേക്കും അവരുടെ പ്രാതിനിധ്യമുണ്ടാവുന്നത്. ആദ്യം യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കണം. ജെൻസി പ്രൊട്ടസ്റ്റിന്റെ ചാലക ശക്തിയായി എസ്.എഫ്.ഐയും ഇടതുപക്ഷ സംഘടനകളും മാറിയെന്നത് വസ്തുതയാണ്. ഇടതുപക്ഷത്തോട് പുതിയ തലമുറയ്ക്ക് ആഭിമുഖ്യമുണ്ടെന്നാണ് അത് കാണിക്കുന്നത്. കേരളത്തിലെ കോളേജ്- സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ വിജയം എസ്.എഫ്.ഐക്ക് ഉണ്ടായി. പുതിയ തലമുറ ഇടതുപക്ഷത്തിന് ഒപ്പമാണ്. ഇവരിൽനിന്ന് ഒരു നേതൃനിരയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
?നേതാക്കളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കോ
നേതാക്കൾ മാത്രമല്ല, എല്ലാവരും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകണം. സാമൂഹ്യ മാദ്ധ്യമങ്ങളെ രാഷ്ട്രീയ, ആശയ പ്രചാരണങ്ങൾക്ക് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള മാർഗങ്ങൾ ചർച്ചചെയ്തിരുന്നു.
?ഇനി ചാനൽ ചർച്ചകളിൽ സജീവമാകുമോ
മാദ്ധ്യമങ്ങളുടെ സമീപനം ഇടതുപക്ഷ വിരുദ്ധമാണെന്ന് മനസിലാക്കിത്തന്നെ അവരെ എൻഗേജ് ചെയ്യുകയെന്നതാണ് ഉദ്ദേശിക്കുന്നത്. അതുപോലെ തന്നെ ബി.ജെ.പി- യു.ഡി.എഫ് രാഷ്ട്രീയത്തെയും തറന്നുകാണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |