'' മക്കളേ, സർവശക്തനായ ഈശ്വരൻ മനുഷ്യസഹജമായ പരിമിതികൾ സ്വയം സ്വീകരിച്ചു ലോകത്തിലേയ്ക്ക് വരുന്നതാണ് ഈശ്വരാവതാരം. ഈശ്വരാവതാരങ്ങളിൽവച്ച് ഏറ്റവും പൂർണ്ണവും ഹൃദയഹാരിയുമാണ് ശ്രീകൃഷ്ണാവതാരം. വൈവിദ്ധ്യമാർന്ന കർമ്മരംഗങ്ങളിൽ അവിടുന്ന് ശോഭിച്ചു. മികവും നിസംഗതയും സൗന്ദര്യവും ഭഗവത്കർമ്മങ്ങളുടെ മുഖമുദ്രയാണ്. ജീവിതത്തിന്റെ സകല മേഖലകളിലും ശ്രീകൃഷ്ണാവതാരത്തിന്റെ സ്വാധീനം കാണാം. അവിടുന്ന് ആയിരമായിരം മനുഷ്യഹൃദയങ്ങളിൽ പ്രേമഭക്തിയുടെ ഗംഗാപ്രവാഹം സൃഷ്ടിച്ചു. ധർമ സംസ്ഥാപനം ചെയ്തു സർവ്വശാസ്ത്രസാരമായ ഭഗവദ്ഗീത ലോകത്തിന് നൽകി. അങ്ങനെ ശ്രീകൃഷ്ണൻ ധാർമ്മികവും ആദ്ധ്യാത്മികവുമായ നവോത്ഥാനം സൃഷ്ടിച്ചു.
മനുഷ്യപ്രയത്നത്തിന്റെയും കർമത്തിന്റെയും പ്രാധാന്യം എടുത്തുകാട്ടിയ ആചാര്യനായിരുന്നു കൃഷ്ണൻ. കർമം ആത്മശുദ്ധീകരണത്തിനുള്ള ശക്തമായ ഉപായമാണന്ന് അവിടുന്ന് പഠിപ്പിച്ചു. വലിയതെന്നോ എളിയതെന്നോ വ്യത്യാസമില്ലാതെ ഏതു കർമ്മവും മഹത്വപൂർണെന്ന് സ്വജീവിതത്തിലൂടെ കാട്ടിത്തന്നു. ഭഗവാൻ മഹാഭാരത യുദ്ധത്തിൽ അർജുനന്റെ തേരാളിയായിരുന്നപ്പോൾ എന്നും കുതിരകളെ കുളിപ്പിക്കുയും ഊട്ടുകയും ചെയ്യുക പതിവായിരുന്നു. അതുപോലെ യുധിഷ്ഠിരന്റെ രാജസൂയ യാഗത്തിൽ അതിഥികളുടെ പാദം കഴുകി സ്വീകരിക്കുന്ന ജോലിയാണ് ഭഗവാൻ ഏറ്റെടുത്തത്. ഭഗവദ് ഗീതയുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഈശ്വരസമർപ്പിതമായ ധർമാചരണമാണെന്ന് പറയാം.
എല്ലാം സാദ്ധ്യമാകുന്നത് ഈശ്വരകൃപകൊണ്ടാണന്ന് ഭഗവാൻ പഠിപ്പിച്ചു. അതേ സമയം മനുഷ്യപ്രയത്നത്തിനും ഏറ്റവും പ്രാധാന്യം നൽകി. കാരണം അഹംഭാവമില്ലാതെയുള്ള മനുഷ്യപ്രയത്നമാണ് ഈശ്വരകൃപയെ ആകർഷിക്കുന്നത്. മനുഷ്യപ്രയത്നം കൂടാതെ തന്നെ ഈശ്വരന് എന്തും സാധിക്കും. എന്നാൽ ഈശ്വരകൃപയില്ലാതെ മനുഷ്യന് ഒന്നും സാദ്ധ്യമല്ല. അതിനാൽ ഏറ്റവും വിവേകപൂർവ്വമായ മാർഗം സമർപ്പണത്തോടെ കർമം ചെയ്യുകയാണ്.
ഭഗവാൻ അത്ഭുതങ്ങൾ പലതും കാട്ടിയെങ്കിലും ഏറ്റവും വലിയ അത്ഭുതം മനുഷ്യഹൃദയങ്ങളിൽ ഉണർത്തിയ പ്രേമഭക്തിയാണ്. ജീവതത്തിൽ എന്തെല്ലാം നേടിയാലും ഈശ്വരനോട് പ്രേമമില്ലെങ്കിൽ, നിഷ്‌കാമമായ ഭക്തിയില്ലെങ്കിൽ ജീവിതം വ്യർത്ഥമാണ്. അങ്ങനെയുള്ള ജീവിതത്തിൽ സ്ഥായിയായ സന്തോഷവും സമാധാനവും ഉണ്ടാവില്ല. ജീവിതം നിലനിൽക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകിക കർമങ്ങളുടെ വിജയത്തിനുപോലും പ്രേമത്തിന്റെ ഊർജവും വീര്യവും ആവശ്യമാണ്. അപ്പോൾ ആത്മീയ വികാസത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ പ്രധാന ഉദ്ദേശ്യം ജനങ്ങളിൽ ഈശ്വര ഭക്തി ഉണർത്തുക എന്നതാണ്. ഭക്തി എന്നത് അന്ധവിശ്വാസമല്ല, ഉള്ളിലെ അന്ധകാരത്തെ ഇല്ലാതാക്കുന്ന വിശ്വാസമാണ്. മനുഷ്യന്റെ ജീവിതദു:ഖത്തിന് ശമനമുണ്ടാക്കാനുള്ള പ്രായോഗിക മാർഗമാണ് ഭക്തി. ഭക്തി പ്രായോഗിക ശാസ്ത്രമാണ്. ഭക്തിയിലൂടെ ഹൃദയഭാരങ്ങൾ ഇറക്കിവയ്ക്കാൻ സാധിക്കും. മാത്രമല്ല, ജനങ്ങളിൽ ധർമബോധം വളർത്താനും ദുഃഖിതരോടും പീഡിതരോടും കാരുണ്യം കാട്ടാനും ഭക്തി സഹായിക്കുന്നു. ഈശ്വരഭക്തിയും ലോകത്തോടുള്ള കാരുണ്യവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.
മധുരഫലങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു മഹാവൃക്ഷം വഴിനടന്നു തളർന്നവർക്ക് തണലേകുന്നു. വിശക്കുന്നവർന്ന് പോഷണം നൽകുന്നു. അതുപോലെ ഭഗവാന്റെ ജന്മം എല്ലാവരുടെയും സൗഭാഗ്യമായി. നമ്മുടെ ജീവിതപാതയിൽ ഭഗവാന്റെ ജീവിതവും സന്ദേശവും എന്നെന്നും പ്രചോദനമായി, മാർഗദീപമായി, ജീവിതലക്ഷ്യമായി ശോഭിക്കട്ടെ''.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |