SignIn
Kerala Kaumudi Online
Sunday, 12 July 2026 11.46 AM IST

തടയാം ചിക്കൻ പോക്സ് വ്യാപനത്തെ

s

ചൂട് കൂടിയതോടെ സംസ്ഥാനത്ത് ചിക്കൻ പോക്സ് വ്യാപനം വർദ്ധിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ജനങ്ങൾ എപ്പോഴും ഒരു ഭീതിയുടെ നിഴലിൽ നിർത്തുന്ന ഒരു രോഗമാണ് ചിക്കൻ പോക്സ്. പൊതുവേ വേനൽക്കാലത്താണ് ചിക്കൻ പോക്സ് കണ്ടുവരുന്നത്. വേരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻ പോക്സ് പടർത്തുന്നത്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായു മാർഗം വൈറസ് വളരെ വേഗം അടുത്ത ആളിലേക്ക് പകരുന്നു. 10 മുതൽ 21 ദിവസം വരെയാണ് രോഗത്തിന്റെ ഇൻക്യൂബെഷൻ കാലാവധി. അതായത് രോഗാണു ശരീരത്തിൽ കയറിക്കഴിഞ്ഞ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഏതാണ്ട് 21 ദിവസങ്ങൾ വരെ എടുക്കാം.

ചൊറിച്ചിലോടു കൂടിയ ചുവന്ന് തിണർത്ത പാടുകളിൽ നിന്നും തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻ പോക്സിന്റെ പ്രധാന ലക്ഷണം. ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിന് മുൻപ് തന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാവും. സാധാരണ ഗതിയിൽ ഒരിക്കൽ ചിക്കൻ പോക്സ് വന്നാൽ വീണ്ടും വരാനുള്ള സാദ്ധ്യത കുറവാണ്. വൈറസ് വീണ്ടും ശരീരത്തിലേക്ക് കടന്നുകയറിയാലും ശരീരം സ്വയം പ്രതിരോധിച്ച് നിർത്തും. അപൂർവമായി ചിലരിൽ വീണ്ടും വന്നേക്കാം.

രോഗി തുമ്മുകയോ ചുമയ്ക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ പുറത്തേക്ക് പടരും. രോഗി സ്പർശിച്ചിടത്ത് സ്പർശിച്ചാലും മതി. വായുവിലൂടെയും രോഗാണു പകരാറുണ്ട്. അതിവേഗം പകരുന്ന വൈറസാണിത്. അതുകൊണ്ടുതന്നെ രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. പനി, തലവേദന, തൊണ്ടവേദന, ശരീരവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വൈകാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുമിളകൾ പ്രത്യക്ഷപ്പെടും. പലപ്പോഴും അപ്പോഴാണ് രോഗം തിരിച്ചറിയുന്നത്. പെട്ടന്ന് ചികിത്സ തേടിയാൽ സങ്കീർണത ഒഴിവാക്കാം. കുമിളകൾ ഉണങ്ങാൻ 10 ദിവസം വരെ എടുക്കാറുണ്ട്. രോഗം ബാധിച്ചവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് വേണ്ടത്. കുമിളകൾ ഉണങ്ങിപ്പോകുന്നത് വരെ രോഗം പകരാൻ സാദ്ധ്യതയുണ്ട്. അപൂർവമായി ചിക്കൻപോക്സ് ന്യൂമോണിയ ആയി മാറിയേക്കാം. ചിക്കൻപോക്സ് വന്നവർക്ക് ഏത് ഭക്ഷണവും കഴിക്കാം.

ഈ മാസം 13വരെ മലപ്പുറത്ത് മാത്രം 285 പേരാണ് സർക്കാർ ആശുപത്രികളിൽ ചിക്കൻ പോക്സിന് ചികിത്സ തേടിയത്. ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്, 285 എണ്ണം. സ്വകാര്യ ആശുപത്രികളിലും ഹോമിയോ ആയുർവേദ ക്ലിനിക്കുകളിലും എത്തുന്നവരുടെ കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം ആകുമെന്നാണ് സൂചന. പാലക്കാട് (185), കണ്ണൂർ (143), കോഴിക്കോട് (141) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


പരിപൂർണ്ണ വിശ്രമം, വായു സഞ്ചാരമുളള മുറിയിൽ വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പഴവർഗ്ഗങ്ങൾ കഴിക്കുക, മ​റ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മ​റ്റ് വസ്തുക്കളും ആരുമായും പങ്കിടാതിരിക്കുക,കുമിളയിൽ അബദ്ധത്തിൽ ചൊറിഞ്ഞാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നീ കാര്യങ്ങൾ രോഗി ശ്രദ്ധിക്കണം. കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കുക. മൂക്കിലെയും വായിലെയും സ്രവങ്ങളും പൊട്ടിയ കുരുവിലെ സ്രവങ്ങളും രോഗം പകർത്തുന്ന ബോദ്ധ്യം വേണം.

ഒരു വയസ്സിന് താഴെയുളള കുഞ്ഞുങ്ങൾ, 12 വയസ്സിന് മുകളിലുളളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ (എച്ച്.ഐ.വി കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ), ദീർഘകാലമായി ശ്വാസകോശം / ത്വക്ക് രോഗമുളളവർ എന്നിവർക്കാണ് ചിക്കൻ പോക്സ് തീവ്രമാകാൻ സാദ്ധ്യതയുള്ളത്.

ഗുരുതര സ്വഭാവമുള്ള രോഗമല്ലാത്തതിനാൽ പലതും രജിസ്റ്റർ ചെയ്യാറില്ല. അതുകൊണ്ടുതന്നെ കണക്കിലുള്ളതിനേക്കാൾ എത്രയോ കൂടുതൽ രോഗികൾ ഉണ്ടാകും. സാധാരണയായി തണുപ്പുകാലത്ത് നിന്ന് ചൂടിലേക്ക് മാറുമ്പോഴാണ് ചിക്കൻ പോക്സ് വ്യാപനം ഉണ്ടാകാറുള്ളതെങ്കിലും ഇത്തവണ ചൂട് നേരത്തെ ആരംഭിച്ചത് രോഗ വ്യാപനത്തിന് സാഹചര്യമൊരുക്കി. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ചിക്കൻപോക്സ് വാക്സിൻ


രോഗപ്രതിരോധത്തിന് ഫലപ്രദമായ വാക്സിനുകൾ ഇന്ന് ലഭ്യമാണ്. കുട്ടികളിൽ 12 മുതൽ 16 മാസത്തിനിടയിൽ ആദ്യ കുത്തിവെപ്പും 46 വയസിനിടയിൽ രണ്ടാം കുത്തിവെപ്പും നൽകും. മുതിർന്നവരിൽ രണ്ടു കുത്തിവെപ്പുകൾ ഒരു മാസം ഇടയിട്ടു നൽകാം. രണ്ട് കുത്തിവെപ്പും എടുക്കുന്നവരിൽ അസുഖം വരാനുള്ള സാദ്ധ്യത വളരെ കുറവാണ്. ചെറിയ ഒരു ശതമാനം പേരിൽ രോഗം വന്നാൽ പോലും അതിൽ ഗുരുതരാവസ്ഥയിൽ എത്താൻ സാദ്ധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION