
രാജ്യത്തെ വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിന് വഴങ്ങേണ്ടി വന്നതിന് പിന്നാലെ മത്സര പരീക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ മത്സര പരീക്ഷാ സംവിധാനം സമഗ്രമായി അഴിച്ചുപണിയുന്നത് സംബന്ധിച്ച് പഠിക്കാനും ശുപാർശകൾ നൽകാനുമായി ഉന്നതതല കർമ്മസമിതി രൂപീകരിച്ചിരിക്കുകയാണ്. ആധാറിന്റെ മുഖ്യശില്പി നന്ദൻ നിലേക്കനിയാണ് ഉന്നതാധികാര സമിതിയുടെ ചെയർമാൻ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ കർമ്മസമിതി രൂപീകരിച്ചത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐ.എസ്.ആർ.ഒ മുൻ ചെയർമാനും മലയാളിയുമായ എസ്. സോമനാഥ് അടങ്ങുന്ന ആറംഗ സംഘമാണ് രൂപീകരിച്ചത്. കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) ജന്തർ മന്ദർ സമരത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ച് ഒരു ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
വിദ്യാർത്ഥികളുടെ ഭാവിക്കായി സർക്കാർ നിരന്തരം നിരവധി നടപടികൾ സ്വീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഇടയാക്കുന്ന കുറ്റം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം വന്നതു കൊണ്ട് മാത്രം തടയാനാകുന്നതല്ല ഇത്തരം ചോർച്ചകൾ. കാരണം നിയമം ലംഘിക്കുന്നവർ അത് ലംഘിക്കുമ്പോൾ പിടിക്കപ്പെടുമെന്നും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും ചിന്തിക്കില്ല. പണത്തിന്റെ ആർത്തിയാണ് പ്രധാനമായും ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ടവരെ നയിക്കുന്നത്. അതിനാൽ മനുഷ്യരുടെ ഇടപെടലുകൾ പരമാവധി ഒഴിവാക്കുന്ന, സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഒരു പരീക്ഷാ പരിഷ്കരണമാവണം ഇനി വരേണ്ടത്. വിഷയവുമായി ബന്ധപ്പെട്ട വലിയ ചോദ്യബാങ്കിൽ നിന്ന് കമ്പ്യൂട്ടറുകൾ പരീക്ഷയുടെ ദിവസം രാവിലെ ചോദ്യം തിരഞ്ഞെടുത്ത് നൽകുന്ന രീതി ഇന്ത്യയിൽ തന്നെ ചില സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നിലവിലുണ്ട്.
ഓരോ റീജിയണിലും വ്യത്യസ്തമായ ചോദ്യപേപ്പറുകൾ നൽകുന്നതിനാൽ ഒരിടത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പോലും മൊത്തം പരീക്ഷയും ക്യാൻസൽ ചെയ്യേണ്ടി വരില്ല. കമ്പ്യൂട്ടറുകൾക്ക് തെറ്റ് പറ്റിയാൽ അത് പരിശോധനയിലൂടെ വ്യക്തമായി കണ്ടെത്താനാകും. എന്നാൽ മനുഷ്യർ തെറ്റ് കാണിച്ചാൽ കണ്ടെത്തിയാൽ പോലും സമ്മതിച്ചുതരാതെ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയും കുറ്റം ഏൽക്കുകയും ചെയ്യില്ല. ഒരു നിശ്ചിത സമയത്ത് വിദ്യാർത്ഥിയുടെ ഓർമ്മശക്തി അളക്കുന്നതാണ് പ്രവേശന പരീക്ഷയുടെ രീതി. പ്രവേശന പരീക്ഷയിൽ മുൻനിരയിൽ വന്നതുകൊണ്ട് മാത്രം ആ വിദ്യാർത്ഥി പ്രസ്തുത വിഷയത്തിലും അതുമായി ബന്ധപ്പെട്ട പ്രായോഗികമായ നടപ്പാക്കലിലും മറ്റും അതേ മിടുക്ക് പ്രദർശിപ്പിക്കണമെന്നില്ല. ഒരു ടീമിനെ നയിക്കാനുള്ള ഗുണഗണങ്ങൾ തികഞ്ഞ വ്യക്തിയാവണമെന്നുമില്ല. പ്രവേശനം ലഭിക്കാനുള്ള ഒരു മാനദണ്ഡമെന്ന പ്രസക്തി മാത്രമേ പ്രവേശന പരീക്ഷകൾക്ക് ഉള്ളൂ.
ഇത് കണക്കിലെടുത്ത് ഐ.ഐ.ടികളിലെ പ്ളെയിസ്‌മെന്റ് കമ്മിറ്റികൾ എൻട്രൻസ് പരീക്ഷയുടെ റാങ്കും ഐ.ഐ.ടിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പരീക്ഷകളിൽ ലഭിച്ച മാർക്കുകളും ഇനിമുതൽ സംഗ്രഹ കുറിപ്പിൽ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഐ.ഐ.ടിയിൽ കയറുമ്പോൾ ഉള്ള മിടുക്കല്ല വിലയിരുത്തപ്പെടേണ്ടത്. പഠനം പൂർത്തിയാക്കുന്നതിനിടയിൽ പ്രോജക്ടുകളും മറ്റും വിദ്യാർത്ഥി ഏതു രീതിയിൽ ചെയ്തു, ടീംവർക്കിൽ പുലർത്തിയ മിടുക്ക് തുടങ്ങിയവ വിലയിരുത്തി വേണം ജോലി നൽകേണ്ടത്. ഇതിന് എൻട്രൻസ് റാങ്ക് നോക്കിയാൽ അതൊരു മുൻവിധിക്ക് വഴിയൊരുക്കും എന്നതിനാലാണ് അത് ഒഴിവാക്കിയത്. കേന്ദ്ര സർക്കാർ നിയോഗിച്ച കർമ്മസമിതി എൻട്രൻസിന്റെ എല്ലാ വശങ്ങളും പരിഗണിച്ചാവും ശുപാർശകൾ നൽകുക എന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |